എഐ ഇൻഫ്ലൂവൻസർമാർക്ക് പൂട്ടിട്ട് ഇൻസ്റ്റഗ്രാം; ലേബലുകളില്ലാത്ത അക്കൗണ്ടുകളുടെ റീച്ച് നിയന്ത്രിക്കും, വരുന്നൂ വമ്പൻ മാറ്റങ്ങൾ
യഥാർത്ഥ വ്യക്തികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രശസ്തരാകുന്ന, എഐ കണ്ടന്‍റ് ക്രിയേറ്റർമാർക്ക് ഇനി ഇൻസ്റ്റഗ്രാമിൽ രക്ഷയില്ല. എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങൾ അവതരിപ്പിക്കുന്ന അക്കൗണ്ടുകൾ ഇനി മുതൽ കൃത്യമായ ലേബൽ നൽകിയില്ലെങ്കിൽ ഇൻസ്റ്റാഗ്രാം അവയുടെ റീച്ച് വെട്ടിക്കുറക്കും.
ഉപയോക്താക്കൾ കാണുന്നത് യഥാർത്ഥ മനുഷ്യനെയോ അതോ എഐ നിർമ്മിത പ്രൊഫൈലിനെയോ എന്ന് വ്യക്തമാക്കാനാണ് മെറ്റയുടെ ഈ പുതിയ നീക്കം. നിലവിലുണ്ടായിരുന്ന AI Creator എന്ന ലേബലിന് പകരം AI-generated profile എന്ന പുതിയ ലേബൽ ഇൻസ്റ്റഗ്രാം കൊണ്ടുവന്നിട്ടുണ്ട്. പഴയ ലേബൽ പലപ്പോഴും ഉപയോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
പ്രൊഫൈൽ ബയോയിലെ പേരിനും ഹാൻഡിലിനും തൊട്ടുതാഴെയായി ഇനി മുതൽ AI-generated profile എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത്തരം എഐ പ്രൊഫൈലുകൾ പങ്കുവെക്കുന്ന പോസ്റ്റിലും റീൽസിലും സ്റ്റോറിയിലുമെല്ലാം എഐ ജനറേറ്റഡ് എന്ന ലേബൽ ഉണ്ടാകും. ഇൻസ്റ്റഗ്രാമിന്‍റെ നിർദേശം പാലിക്കാതെ, എഐ ലേബൽ നൽകാതെ വരുന്ന കണ്ടന്‍റുകൾക്കും അക്കൗണ്ടുകൾക്കുമെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും, അക്കൗണ്ടുകളുടെ ഉള്ളടക്കം ഫോളോവേഴ്‌സ് അല്ലാത്തവരിലേക്ക് എക്സ്പ്ലോർ, റീൽസ്, ഫീഡ് സജഷൻ എന്നിവ വഴി എത്തുന്നതിൽ നിന്നും ഇൻസ്റ്റാഗ്രാം തടയുകയും ചെയ്യും.
മനുഷ്യനാണെന്ന് കരുതി ഒടുവിൽ എഐ കഥാപാത്രമാണെന്ന് തിരിച്ചറിയുമ്പോൾ ഉപയോക്താക്കൾക്കുണ്ടാകുന്ന അതൃപ്തി ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ രൂപങ്ങൾ എഐ ചിത്രങ്ങളായി നിർമ്മിക്കാൻ അനുവദിച്ച ടൂളിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മെറ്റയുടെ ഈ പുതിയ സുരക്ഷാ നടപടി.
കൂടാതെ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളിൽ യു.എസ് സ്റ്റേറ്റുകളുമായി ഉണ്ടായ കോടിക്കണക്കിന് രൂപയുടെ ഒത്തുതീർപ്പിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ പ്രായപൂർത്തിയാകാത്തവർക്കായി ഡിഫോൾട്ട് സമയപരിധികളും നൈറ്റ് ടൈം ബ്ലോക്കുകളും ഉൾപ്പെടെയുള്ള കർശന മാറ്റങ്ങളും മെറ്റ നടപ്പിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.