നേതൃമാറ്റത്തിനു പിന്നാലെ സി.ഇ.ഒ ജോൺ ടെർനസിന്റെയും ടിം കുക്കിന്റെയും ശമ്പളക്കണക്കുകൾ പുറത്തുവിട്ട് ആപ്പിൾ

ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ജോൺ ടെർനസിന്റേയും എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലമാറിയ ടിം കുക്കിന്റേയും ശമ്പള പാക്കേജ് വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് നൽകിയ റെഗുലേറ്ററി ഫയലിംഗിലാണ് ആപ്പിൾ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ആപ്പിളിന്‍റെ പുതിയ സി.ഇ.ഒ ജോൺ ടെർനസിന് 2027 സാമ്പത്തിക വർഷത്തിൽ ഏകദേശം 58 ദശലക്ഷം ഡോളറിന്റെ പാക്കേജാണ് ലഭിക്കുന്നത്. ഇതിൽ 3 ദശലക്ഷം ഡോളർ വാർഷിക ശമ്പളവും, 55 ദശലക്ഷം ഡോളറിന്റെ ഇക്വിറ്റി അവാർഡുകളും ഉൾപ്പെടുന്നു. കൂടാതെ 2026 സാമ്പത്തിക വർഷത്തേക്ക് 2.5 ദശലക്ഷം ഡോളറിന്റെ ഓഹരികളും ലഭിക്കും.

എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിൽ ടിം കുക്കിന് 2027-ൽ ഏകദേശം 47 ദശലക്ഷം ഡോളറാണ് ലഭിക്കുക. ഇതിൽ 2 ദശലക്ഷം ഡോളർ വാർഷിക ശമ്പളവും 45 ദശലക്ഷം ഡോളറിന്റെ ഓഹരികളും ഉൾപ്പെടുന്നു. മുൻപ് സിഇഒ ആയിരുന്നപ്പോൾ കുക്കിന്റെ വാർഷിക ശമ്പളം 3 ദശലക്ഷം ഡോളറും മൊത്തം പാക്കേജ് ഇതിലും വളരെ കൂടുതലുമായിരുന്നു.

സ്റ്റോക്ക് അവാർഡുകളിൽ ഭൂരിഭാഗവും ആപ്പിളിന്റെ ഓഹരികളുടെ പ്രകടനത്തെയും കമ്പനിയുടെ വളർച്ചയെയും ആശ്രയിച്ചായിരിക്കും ലഭിക്കുക. ആപ്പിളിൽ ചരിത്രപരമായ ഒരു നേതൃമാറ്റം നടക്കുന്ന വേളയിലാണ് ഇരുവർക്കുമുള്ള ഉയർന്ന ശമ്പള പാക്കേജ് വിവരങ്ങളും കമ്പനി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ആപ്പിളിന്‍റെ ഓഹരി വില കൂടുന്നതും കുറയുന്നതും അനുസരിച്ച് ടെർണസിന്‍റെയും കുക്കിന്‍റെയും സ്റ്റോക്ക് അവാർഡുകളും കൂടുകയും കുറയുകയും ചെയ്യാം. 

Tags:    
News Summary - apple reveled salary details of John Ternes and tim cook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.