ഗൂഗിളിന്‍റെ രഹസ്യ വിവരങ്ങൾ ചോർത്തി ചൈനീസ് സ്റ്റാർട്ടപ്പുകൾക്ക് നൽകി; മുൻ എഞ്ചിനീയർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി
ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർകമ്പ്യൂട്ടിംഗ് ഡാറ്റാ സെന്ററുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി ചൈനീസ് സ്റ്റാർട്ടപ്പുകൾക്ക് നൽകിയ കേസിൽ മുൻ ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് യു.എസ് കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു.
ലിൻവെയി ഡിംങ് എന്ന ചൈനീസ് പൗരനാണ് ശിക്ഷ ലഭിച്ചത്. ഗൂഗിളിന്റെ വലിയ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനുള്ള ഹാർഡ്‌വെയർ ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകൾ, ടി.പി.യു , ജി.പി.യു സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായക രേഖകളാണ് ഇയാൾ ചോർത്തിയത്. ഈ വിവരങ്ങൽ ലഭിച്ചാൽ ചൈനക്ക് വർഷങ്ങളുടെ അധ്വാനം ലാഭിച്ച് എഐയെ പരിശീലിപ്പിച്ച് മുന്നേറാനും സൂപ്പർ കംമ്പ്യൂട്ടറുകൾ സ്ഥാപിക്കാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
ഗൂഗിളിൽ ജോലി ചെയ്യുന്ന സമയത്ത് തന്റെ പേഴ്സണൽ ഗൂഗിൾ ക്ലൗഡ് അക്കൗണ്ടിലേക്ക് രഹസ്യ ഫയലുകൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു ഇയാൾ. 2022 മെയ് മുതൽ 2023 മെയ് വരെ ഇത് തുടർന്നു. ഒരു വർഷം തന്നെ 500ഓളം രഹസ്യഫയലുകൾ ഇത്തരത്തിൽ ലിൻവെയി ഡിംങ് ചോർത്തിയെടുത്തിട്ടുണ്ടെന്നാണ് ഗൂഗിൾ അഭിഭാഷകർ പറഞ്ഞത്.
ഗൂഗിളിന്റെ സ്വത്തുവകകൾ വ്യവസ്ഥാപിതമായി ചോർത്താൻ നടത്തിയ ഗൗരവമേറിയ ശ്രമമാണിതെന്ന് കോടതി നിരീക്ഷിച്ചു. തടവുശിക്ഷക്ക് പുറമെ , 189,000 ഡോളറിലധികം നഷ്ടപരിഹാരവും ഇയാൾ നൽകേണ്ടതുണ്ട്. മാത്രമല്ല, ശിക്ഷ കഴിഞ്ഞുള്ള രണ്ട് വർഷക്കാലം ഇയാൾ പ്രത്യേകം ഉദ്യോഗസ്ഥന്‍റെ നിരീക്ഷണത്തിലുമായിരിക്കും. ചൈനയുമായുള്ള സാങ്കേതിക മത്സരം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടന്ന ഈ സംഭവം ഗൂഗിളിനും യു.എസ് ഭരണകൂടത്തിനും വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.