കോൾ മുറിയുന്നു, ശബ്ദം നിലയ്ക്കുന്നു; കോൾ ഡ്രോപ്പിൽ വലഞ്ഞ് ബി.എസ്.എൻ.എൽ 4G ഉപയോക്താക്കൾ
ന്യൂഡല്ഹി: രാജ്യവ്യാപകമായി ബി.എസ്.എൻ.എൽ നടപ്പിലാക്കിയ 4G നെറ്റ്വർക്കിൽ ഗുരുതര സാങ്കേതിക തകരാറുകളെന്ന് റിപ്പോർട്ട്. തുടർച്ചയായ കോൾ ഡ്രോപ്പുകൾ, വോയ്സ് കോളുകൾ പെട്ടെന്ന് നിശബ്ദമാകുന്നത്, സംഭാഷണങ്ങൾക്കിടയിൽ കോൾ കട്ടായിപ്പോകുന്നത് തുടങ്ങിയ ഉപയോക്തൃ പരാതികൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ടി.സി.എസ് കമ്പനി സ്ഥാപിച്ച ആന്റിനകൾക്ക് ആവശ്യമായ സിഗ്നൽ പ്രസരണ ശേഷിയില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായ് (ടി.ആർ.എ.എൈ) നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.
'സ്വദേശി 4G' പദ്ധതിയുടെ ഭാഗമായി ടെൻഡർ നടപടികളില്ലാതെയാണ് ടാറ്റ ഗ്രൂപ്പിന്റെ ടി.സി.എസ്, തേജസ് നെറ്റ്വർക്സ്, കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ഡോട്ട് എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിന് നിർമാണച്ചുമതല കൈമാറിയത്. നെറ്റ്വർക്കിനാവശ്യമായ ഹാർഡ്വെയർ, സോഫ്റ്റ്വെയർ സൗകര്യങ്ങൾ സജ്ജമാക്കാൻ ലക്ഷ്യമിട്ട് 1,500 കോടി രൂപയുടെ പ്രാഥമിക കരാറിലാണ് ഇരുകൂട്ടരും ഒപ്പുവെച്ചത്.
എന്നാൽ, ടെലികോം മേഖലയിൽ മുൻപരിചയമില്ലാത്ത കമ്പനികൾക്ക് നിർമാണച്ചുമതല കൈമാറിയതാണ് നിലവിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധവിലയിരുത്തൽ. ട്രായിയുടെ മാനദണ്ഡപ്രകാരം ഓരോ ആന്റിനയ്ക്കും കുറഞ്ഞത് 46 ഡി.ബി.എം പ്രസരണശേഷി ആവശ്യമാണെന്നിരിക്കെ, നിലവിലിത് 35 ഡി.ബി.എമ്മിലും താഴെ മാത്രമാണ്.
ഇതിനുപുറമെ, ഡാറ്റയും ശബ്ദസന്ദേശങ്ങളും സുഗമമായി കൈകാര്യം ചെയ്യാൻ പുതിയ 'കോർ നെറ്റ്വർക്ക്' സജ്ജമാക്കുന്നതിൽ ടി.സി.എസ് വീഴ്ചവരുത്തിയതും പഴയ സാങ്കേതിക സംവിധാനങ്ങൾ തന്നെ തുടർന്നുപോരുന്നതും കോൾ മുടങ്ങൽ ഉൾപ്പെടെയുള്ള സേവന തടസ്സങ്ങൾക്ക് ആക്കം കൂട്ടുന്നു.
മറുഭാഗത്ത്, മറ്റ് പ്രമുഖ സ്വകാര്യ ടെലികോം കമ്പനികൾ സാംസങ്, നോക്കിയ, എറിക്സൺ തുടങ്ങിയ വിശ്വസ്ത ആഗോള ബ്രാൻഡുകളുടെ സേവനങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ബി.എസ്.എൻ.എൽ എൻജിനീയർമാരും കേന്ദ്ര സർക്കാരും അടിയന്തര പരിഹാരങ്ങൾ തേടി രംഗത്തിറങ്ങിയിട്ടുണ്ട്.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ടി.സി.എസിന് കർശന നിർദ്ദേശം നൽകിയിട്ടും കമ്പനി നിസ്സഹകരണ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുതിർന്ന ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഇനി ഒന്നിനും സഹകരിക്കില്ലെന്ന മട്ടിലാണ് അവരുടെ പ്രവർത്തനമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതിനുപിന്നിൽ വലിയ തോതിലുള്ള അഴിമതിയുണ്ടെന്ന ഗുരുതര ആരോപണവുമായി വിവിധ യൂണിയനുകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.