വാട്സ്ആപ്പിനും വ്യാജൻ; പ്ലേ സ്റ്റോറിലെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തത് 5 ലക്ഷത്തിലധികം പേർ, മുന്നറിയിപ്പുമായി വിദഗ്ദർ

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോളും ഇനി സൂക്ഷിക്കണം. വ്യാജന്മാർ അവിടെയുമുണ്ട്. ഗൂഗിൾ ക്രോമിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് വാട്ട്‌സ്ആപ്പിന്റെയും വ്യാജ പതിപ്പ് പ്ലേ സ്റ്റോറിൽ കണ്ടെത്തിയിരിക്കുന്നത്. അമ്പത് ലക്ഷത്തിലധികം ആളുകൾ ഈ വ്യാജ ആപ്പ് ഇതിനോടകം ഡൗൺലോഡ് ചെയ്യുകയും ചെയ്തു.

ആൻഡ്രോയിഡ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ സെപ്റ്റംബർ മാസം മുതലാണ് ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. റെഡ്ഡിറ്റ് ഉപയോക്താവാണ് പ്ലേ സ്റ്റോറിലെ സ്‌പോൺസേർഡ് സൗകര്യം ദുരുപയോഗം ചെയ്ത് പരസ്യമായി പ്രത്യക്ഷപ്പെട്ട ഈ വ്യാജ ആപ്പിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത്.

Agment Assets sallu എന്ന ഡെവലപ്പർ അക്കൗണ്ടിൽ നിന്നാണ് ഈ ആപ്പ് പ്ലേ സ്റ്റോറിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. യഥാർത്ഥ വാട്ട്‌സ്ആപ്പിന്റെ സ്‌ക്രീൻഷോട്ടുകളും വിവരണങ്ങളുമാണ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ ഏർലി ആക്‌സസ് പ്രോഗ്രാം ദുരുപയോഗം ചെയ്താണ് ആപ്പ് സുരക്ഷാ പരിശോധനകളെ മറികടന്നത്. ഏർലി ആക്‌സസ് വിഭാഗത്തിൽപെടുന്ന ആപ്പുകൾക്ക് പൊതുവായ യൂസർ റിവ്യൂകൾ നൽകാൻ സാധിക്കില്ല. ഇതുമൂലം മറ്റുള്ള ഉപയോക്താക്കളുടെ മുന്നറിയിപ്പുകളോ പ്രതികരണങ്ങളോ കാണാൻ സാധിക്കാത്തത് ആപ്പ് വ്യാജമാണോ എന്ന് തിരിച്ചറിയുന്നതിന് തടസ്സമായി.

കഴിഞ്ഞ ആഴ്‌ച ഒരു ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്ത വ്യാജ ഗൂഗിൾ ക്രോം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് വാട്ട്‌സ്ആപ്പിന്റെ പേരിൽ സമാനമായ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ ഇത്തരം സുരക്ഷാവീഴ്ചകളിൽ പ്ലേ സ്റ്റോറിലെ പരസ്യ പരിശോധന സംവിധാനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്. ഔദ്യോഗിക വാട്ട്‌സ്ആപ്പ് ആപ്പിന് നിലവിൽ 10 ബില്യണിലധികം ഡൗൺലോഡുകളും മില്യൺ കണക്കിന് റിവ്യൂകളുമുണ്ട്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഡെവലപ്പറുടെ പേര് WhatsApp LLC എന്ന് തന്നെയാണെന്ന് ഉറപ്പുവരുത്തുകയും റിവ്യൂകൾ പരിശോധിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. 

Tags:    
News Summary - whatsapp fake app in play store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.