ഇനി രാജ്യത്തെവിടെ നിന്നും കുടുംബാംഗങ്ങളുമായി ഡാറ്റ പങ്കിടാം; പ്രീപെയ്ഡ് ഫാമിലി പ്ലാൻ അവതരിപ്പിച്ച് വിഐ
പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി രാജ്യത്തെ ആദ്യത്തെ ഫാമിലി പ്ലാൻ അവതരിപ്പിച്ച് പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ. വരിക്കാർക്ക് കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ ഉണ്ടാക്കാനും രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും മൊബൈൽ ഡാറ്റ പങ്കുവെക്കാനും സഹായിക്കുന്നതാണ് പുതിയ പദ്ധതി.
പ്രധാന അംഗം ഉൾപ്പെടെ പരമാവധി നാല് പേർ അടങ്ങുന്ന കുടുംബ ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ഈ പ്ലാനിലൂടെ സാധിക്കും. ഒരു പ്രൈമറി മെമ്പർക്ക് മൂന്ന് സെക്കൻഡറി അംഗങ്ങളെ വരെ വി ആപ്പിലൂടെ ഗ്രൂപ്പിലേക്ക് ചേർക്കാവുന്നതാണ്. ഗ്രൂപ്പിലെ ഓരോ അംഗവും അവരുടെ നിലവിലെ പ്രീപെയ്ഡ് കണക്ഷനും വാലിഡിറ്റിയും നിലനിർത്തുമെങ്കിലും ആവശ്യമുള്ളപ്പോൾ ഡാറ്റ പരസ്പരം കൈമാറാൻ പുതിയ സംവിധാനം വഴി സാധിക്കും.
ഡാറ്റ തീരാറായ അംഗത്തിന് ഒരു സമയം 500 എംബി ഡാറ്റ വരെ കൈമാറാൻ സാധിക്കുമെന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. വീഡിയോ കോളുകൾ, ഓൺലൈൻ ക്ലാസുകൾ, നാവിഗേഷൻ, മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ഉറപ്പാക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഫാമിലി ഗ്രൂപ്പിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങൾക്കും വി ആപ്പ് വഴി ചെയ്യുന്ന ഓരോ റീചാർജിനും 10% വരെ കിഴിവും ലഭിക്കും. വിവിധ ടെലികോം സർക്കിളുകളിലും നഗരങ്ങളിലും കഴിയുന്ന കുടുംബാംഗങ്ങളെ ഒരൊറ്റ ഗ്രൂപ്പിൽ ഉൾപ്പെടുത്താം. ഇതുവഴി ദൂരപരിധിയില്ലാതെ കണക്റ്റിവിറ്റി ആനുകൂല്യങ്ങൾ പങ്കുവെക്കാനും ഒറ്റ പ്ലാറ്റ്ഫോമിലൂടെ അക്കൗണ്ട് നിയന്ത്രിക്കാനും സാധിക്കും.
പരമ്പരാഗതമായി പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രം ലഭിച്ചിരുന്ന ഫാമിലി പ്ലാൻ ആനുകൂല്യങ്ങൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ഈ പദ്ധതി നടപ്പിലാക്കുന്നത്. കമ്പനിയുടെ വി പേ സബ് ഹൈൻ വി.ഐ.പി കാമ്പെയ്നിന്റെ ഭാഗമായാണ് ഈ പുതിയ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.