വാട്സ്ആപ്പിൽ അക്കൗണ്ടില്ലെങ്കിലും ഇനി കോൾ ചെയ്യാം; ഗെസ്റ്റ് കോളിംഗ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ
വാട്സ്ആപ്പ് കോളിൽ പങ്കുചേരാൻ ഇനി അക്കൗണ്ട് വേണമെന്നില്ല. അക്കൗണ്ടോ, ആപ്പോ ഇല്ലാത്തവർക്കും വാട്സ്ആപ് കോളുകളിൽ പങ്കുചേരാൻ കഴിയുന്ന പുതിയ ഗെസ്റ്റ് കോളിംഗ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗിക പോസ്റ്റിലൂടെയാണ് മെറ്റ ഈ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടത്.
ഓഫീസ് മീറ്റിങുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിനും, വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താൻ താൽപ്പര്യപ്പെടാത്ത സാഹചര്യങ്ങളിലും ഈ പുതിയ ഫീച്ചർ ഏറെ സഹായകരമാകും. നിലവിൽ ഉപയോക്താക്കൾക്കായി ഈ ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഗെസ്റ്റ് കോളിംഗ് ഫീച്ചറിന്റെ പ്രധാന സവിശേഷതകൾ പരിശോധിക്കാം
- വാട്സാപ്പ് അക്കൗണ്ടില്ലാത്തവർക്കും ബ്രൗസർ വഴി ലിങ്ക് ഉപയോഗിച്ച് കോളുകളിൽ ജോയിൻ ചെയ്യാം
- മുമ്പുണ്ടായിരുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പിന്തുണയോടെയാണ് ഈ കോളുകളും നടക്കുന്നത്
- ഗെസ്റ്റ് കോളിംഗ് ഫീച്ചറിലൂടെ സമയപരിധികളില്ലാതെ സൗജന്യമായി സംസാരിക്കാൻ കഴിയും
- പരമാവധി 32 പേർക്ക് വരെ ഒരു കോളിന്റെ ഭാഗമാകാം
- വൺ-ടു-വൺ കോളുകളും ഗ്രൂപ്പ് കോളുകളും ഇതിൽ ലഭ്യമാണ്
ലിങ്ക് വഴി ജോയിൻ ചെയ്യാൻ ശ്രമിക്കുന്നവർ ആദ്യം വെയിറ്റിംഗ് റൂമിലായിരിക്കും പ്രവേശിക്കുക. കോൾ ഹോസ്റ്റ് അനുമതി നൽകിയാൽ മാത്രമേ ഇവർക്ക് കോളിന്റെ ഭാഗമാകാൻ സാധിക്കൂ. കൂടാതെ കോളിനിടയിൽ ആരെയും പുറത്താക്കാനുള്ള അധികാരവും ഹോസ്റ്റിനുണ്ട്. സ്ക്രീൻ ഷെയറിങ്, ഇമോജികൾ, ചർച്ചകളിൽ കൈ ഉയർത്താനുള്ള ഓപ്ഷൻ തുടങ്ങിയ സൗകര്യങ്ങളും ഗെസ്റ്റുകൾക്ക് ലഭിക്കും.
എന്നാൽ, വാട്സാപ്പ് അക്കൗണ്ട് ഇല്ലാത്ത ഗെസ്റ്റുകൾക്ക് മറ്റ് പങ്കാളികളുടെ ഫോൺ നമ്പർ കാണാനോ, സന്ദേശങ്ങൾ അയക്കാനോ, നേരിട്ട് പുതിയ ആളുകളെ കോളിയിലേക്ക് ചേർക്കാനോ കഴിയില്ല. വാട്സാപ്പ് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഗെസ്റ്റ് കോൾ ലിങ്ക് ക്രിയേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
കൂടാതെ, ഗൂഗിൾ കലണ്ടർ, മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് എന്നിവയുമായി വാട്സാപ്പിനെ ബന്ധിപ്പിക്കാനുള്ള പുതിയ സംവിധാനവും കമ്പനി ഉടൻ അവതരിപ്പിക്കുന്നുണ്ട്. കലണ്ടർ വഴിയുള്ള മീറ്റിംഗ് ക്ഷണങ്ങളിൽ വാട്സാപ്പ് കോൾ ലിങ്ക് നേരിട്ട് ഉൾപ്പെടുത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.