ആകാശത്ത് വ്യോമസേനക്ക് സ്വന്തം കണ്ണ്; 2,563 കോടിയുടെ ജിസാറ്റ്-7സി ഉപഗ്രഹ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ആശയവിനിമയ സംവിധാനം ശക്തിപ്പെടുത്താൻ 2,563 കോടി രൂപയുടെ ജിസാറ്റ്-7സി ഉപഗ്രഹ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം. ബംഗളൂരു ആസ്ഥാനമായുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായാണ് കരാറിലേർപ്പെട്ടത്. തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ച് നിർമിക്കുന്ന ഉപഗ്രഹം വ്യോമസേനയുടെ വിവിധ സംവിധാനങ്ങൾക്കിടയിൽ സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ സഹായിക്കും.

വിമാനങ്ങൾ, ഭൂതല നിയന്ത്രണ കേന്ദ്രങ്ങൾ, മറ്റ് വ്യോമ സംവിധാനങ്ങൾ എന്നിവക്കിടയിൽ തത്സമയ ആശയവിനിമയം സാധ്യമാക്കുകയാണ് ജിസാറ്റ്-7സി യുടെ പ്രധാന ലക്ഷ്യം. പരമ്പരാഗത റേഡിയോ സംവിധാനങ്ങളുടെ പരിധിക്കപ്പുറത്തും ആശയവിനിമയം ഉറപ്പാക്കാൻ ഉപഗ്രഹത്തിന് സാധിക്കും. ഭൂപ്രകൃതിയും ദൂരവും കാരണം സാധാരണ ആശയവിനിമയ സംവിധാനങ്ങൾ പരിമിതപ്പെടുന്ന സാഹചര്യങ്ങളിൽ ഇത് നിർണായകമാകും.

വ്യോമസേനയുടെ സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോകൾക്ക് (SDR) ആവശ്യമായ ആശയവിനിമയ സൗകര്യങ്ങൾ നൽകുന്നതിനാണ് ഉപഗ്രഹം പ്രധാനമായും ഉപയോഗിക്കുക. യുദ്ധവിമാനങ്ങൾ, ആകാശനിരീക്ഷണത്തിനും നിയന്ത്രണത്തിനുമുള്ള എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ (AEW&C) വിമാനങ്ങൾ, ആളില്ലാ വ്യോമവാഹനങ്ങൾ (UAV), ഭൂതല നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവക്കിടയിലെ ബന്ധം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.

ആധുനിക യുദ്ധമുറകളിൽ വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതും വിവിധ സൈനിക സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതും നിർണായകമാണ്. നെറ്റ്‌വർക്ക് കേന്ദ്രീകൃത സൈനിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന സാഹചര്യത്തിൽ, വ്യോമസേനയുടെ പ്രവർത്തനങ്ങൾക്ക് സുരക്ഷിതമായ ആശയവിനിമയ ശൃംഖല ഒരുക്കാൻ ജിസാറ്റ്-7സി സഹായകമാകും.

പൊതുവായ ആശയവിനിമയ സംവിധാനങ്ങളെയും വിദേശ ഉപഗ്രഹങ്ങളുടെ ബാൻഡ്‌വിഡ്ത്തിനെയും ആശ്രയിക്കുന്നത് കുറക്കാനും തദ്ദേശീയ ഉപഗ്രഹത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. പരമ്പരാഗത ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുമ്പോഴും ഭൂതല കേന്ദ്രങ്ങളിൽനിന്ന് അകലെ വിമാനങ്ങൾ പ്രവർത്തിക്കുമ്പോഴും ആശയവിനിമയത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുകയാണ് ലക്ഷ്യം.

2021 നവംബർ 23ന് പ്രതിരോധ സംഭരണ കൗൺസിൽ (Defence Acquisition Council) പദ്ധതിക്ക് പ്രാഥമിക അംഗീകാരം നൽകിയിരുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ജിസാറ്റ്-7സി ഉപഗ്രഹവും അനുബന്ധ ഭൂതല ഹബ്ബുകളും ഉൾപ്പെടുന്ന പദ്ധതിക്ക് അന്ന് കണക്കാക്കിയ ചെലവ് 2,236 കോടി രൂപയായിരുന്നു. 2026 ഒക്ടോബർ 15ന് ഒപ്പിട്ട കരാറിന്റെ മൂല്യം 2,563 കോടി രൂപയാണ്.

ഏകദേശം 4,106 കോടി രൂപയുടെ പ്രതിരോധ കരാറുകളുടെ ഭാഗമായാണ് ജിസാറ്റ്-7സി ഉപഗ്രഹ കരാറും ഒപ്പിട്ടത്. ഇന്ത്യൻ നാവികസേനക്കായുളള വരുണാസ്ത്ര ഹെവി വെയ്റ്റ് ടോർപിഡോകൾ ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളുടെ കരാറുകളും ഇതിൽ ഉൾപ്പെടുന്നു. തദ്ദേശീയ സൈനിക ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്താനും ജിസാറ്റ്-7സി പദ്ധതി ലക്ഷ്യമിടുന്നു.

Tags:    
News Summary - 'Eye in the Sky' for Air Force: Defence Ministry Signs ₹2,563-Crore Contract for GSAT-7C Satellite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.