എ.ഐ അധിഷ്ഠിത സേവനങ്ങള് ലോകമെമ്പാടുമെത്തിക്കാന് ‘താം ഗ്ലോബല്’ പ്രഖ്യാപിച്ച് അബൂദബി
അബൂദബി: നിര്മിത ബുദ്ധി അധിഷ്ഠിത സര്ക്കാര് സേവനങ്ങള് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന് ‘താം ഗ്ലോബല്’ ഡിജിറ്റല് സര്വീസസ് കമ്പനിക്ക് അബൂദബിയില് തുടക്കമായി. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടീവ് കൗണ്സില് ചെയര്മാനുമായ ശൈഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് ആല് നഹ്യാന്റെ നിര്ദേശ പ്രകാരമാണ് അബൂദബി ഡിപാർട്മെന്റ് ഓഫ് ഗവണ്മെന്റ് എനേബിള്മെന്റ് (ഡി.ജി.ഇ) പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അബൂദബിയുടെ ഏകീകൃത സര്ക്കാര് സേവന പ്ലാറ്റ്ഫോമായ ‘താമി’ന്റെ എ.ഐ ശേഷിയും സാങ്കേതിക വിദ്യകളും ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാനും ഡിജിറ്റല് മേഖലയില് കൂടുതല് പങ്കാളിത്തവും നിക്ഷേപങ്ങളും ഉറപ്പാക്കാനുമാണ് താം ഗ്ലോബല് രൂപീകരിച്ചിരിക്കുന്നത്.
ഡിജിറ്റല് സര്ക്കാര് സേവനങ്ങള് ഉള്പ്പെടെയുള്ള സേവന ശൃംഖല വികസിപ്പിക്കല്, താം പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥതയും നടത്തിപ്പും നിര്വഹിക്കല്, ബൗദ്ധിക സ്വത്തവകാശം നിലനിര്ത്തല്, ഈ മേഖലയില് പഠനങ്ങളും ഗവേഷണങ്ങളും നടത്തല്, സ്വദേശി പ്രതിഭകള്ക്ക് പരിശീലനം നല്കല് എന്നിവ താം ഗ്ലോബലിന്റെ ചുമതലയായിരിക്കും. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള ഡിജിറ്റല് വിപണി സാധ്യതകള് പ്രയോജനപ്പെടുത്തി വിപുലമായ നിക്ഷേപങ്ങള് നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.
സമൂഹത്തിന്റെ ജീവിതനിലവാരം ഉയര്ത്താനായാണ് അബൂദബിയില് താം നിര്മിച്ചത്. ഇന്ന് ദശലക്ഷക്കണക്കിന് ആളുകള്ക്ക് മികച്ച രീതിയില് സേവനമെത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിന്റെ വിജയം മറ്റ് രാജ്യങ്ങളിലെ സര്ക്കാറുകള്ക്കും ലഭ്യമാക്കുകയാണ് താം ഗ്ലോബലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.ജി.ഇ ചെയര്മാന് അഹമ്മദ് തമീം ഹിഷാം അല് കുത്താബ് പറഞ്ഞു. ലോകത്തിലെ ആദ്യത്തെ ‘എ.ഐ അധിഷ്ഠിത സര്ക്കാര്’ ആയി മാറുകയെന്ന അബൂദബിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന നാഴികക്കല്ലാണിത്.
2005ല് ആരംഭിച്ച ‘താം’ നിലവില് സര്ക്കാര്-സ്വകാര്യ മേഖലകളിലെ 1,200ലധികം സേവനങ്ങള് ഒറ്റ ഡിജിറ്റല് പോര്ട്ടലിലൂടെ ജനങ്ങള്ക്ക് ലഭ്യമാക്കുന്നുണ്ട്. ബന്ധപ്പെട്ട ഓഫിസുകളോ വെബ്സൈറ്റുകളോ സന്ദര്ശിക്കാതെ തന്നെ ഇടപാടുകള് വേഗത്തില് പൂര്ത്തിയാക്കാന് ഇതിലൂടെ സാധിക്കുന്നു. ഒരു ഉപയോക്താവിന് പ്രതിവര്ഷം ശരാശരി 9 സന്ദര്ശനങ്ങളും 12 മണിക്കൂറും ലാഭിക്കാന് താം വഴി സാധിക്കുന്നുണ്ട്. നിര്മിത ബുദ്ധി സാങ്കേതികവിദ്യ സമഗ്രമായി സംയോജിപ്പിച്ചതോടെ ഉപഭോക്തൃ സംതൃപ്തി 2022ലെ 78 ശതമാനത്തില് നിന്ന് 94.5 ശതമാനമായി ഉയരുകയും സേവന ചെലവുകളില് 30 ശതമാനം കുറവുണ്ടാവുകയും ചെയ്തു.
താം ഗ്ലോബല് ഒരു സ്വതന്ത്ര സ്വകാര്യ കമ്പനിയായി പ്രവര്ത്തിക്കുന്നതിനാല് ലോകമെമ്പാടുമുള്ള സര്ക്കാറുകളുമായും സ്ഥാപനങ്ങളുമായും നേരിട്ട് പങ്കാളിത്തത്തില് ഏര്പ്പെടാന് കഴിയും. ഓരോ രാജ്യത്തെയും പ്രാദേശിക നിയമങ്ങള്ക്കും ആവശ്യങ്ങള്ക്കും അനുയോജ്യമായ രീതിയില് അവിടുത്തെ ഭരണകൂടങ്ങള്ക്ക് താമിന്റെ സാങ്കേതികവിദ്യയും മോഡലുകളും എളുപ്പത്തില് ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.