സോഷ്യൽമീഡിയ
ഒട്ടാവ: കൗമാരക്കാരുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങി കാനഡ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഇത് സംബന്ധിച്ച ചരിത്രപരമായ 'ഡിജിറ്റൽ സുരക്ഷാ ബിൽ' പാർലമെന്റിൽ അവതരിപ്പിച്ചു. ആസ്‌ട്രേലിയക്ക് പിന്നാലെയാണ് ഇപ്പോൾ കാനഡയും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് മേൽ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെത്തുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ എ.ഐ ചാറ്റ്‌ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങളും ഈ ബില്ലിലുണ്ട്. എ.ഐ സാങ്കേതികവിദ്യകൾക്കായി പ്രത്യേക ഡിജിറ്റൽ റെഗുലേറ്ററെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആഗോള കമ്പനികൾക്ക് നേരെ കടുത്ത സാമ്പത്തിക ശിക്ഷാനടപടികളാണ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികളുടെ ആഗോള വരുമാനത്തിന്റെ 3 ശതമാനമോ അല്ലെങ്കിൽ 10 മില്യൺ കനേഡിയൻ ഡോളറോ (ഏകദേശം 7.2 മില്യൺ യു.എസ് ഡോളർ) ഇതിൽ ഏതാണോ ഉയർന്ന തുക അത് പിഴയായി ഈടാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
‘സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും എ.ഐ ചാറ്റ്‌ബോട്ടുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് മനുഷ്യന്റെ ശ്രദ്ധ പൂർണ്ണമായും ആകർഷിക്കാൻ വേണ്ടിയാണ്. ഇത് കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയെ പിന്തുണക്കുന്നില്ല. കാനഡയിലെ ഒട്ടനവധി കുട്ടികളിൽ കടുത്ത ഉത്കണ്ഠ, ഒറ്റപ്പെടൽ, വിഷാദം എന്നിവയടക്കമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്’ കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി.
രാജ്യത്തെ നടുക്കിയ ഒരു കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പൺ എ.ഐക്കെതിരെ ഇരകളുടെ കുടുംബങ്ങൾ നിയമനടപടി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡയുടെ ഈ പുതിയ ബിൽ വരുന്നത്. പ്രതി കൂട്ടക്കൊലക്കുള്ള പദ്ധതികൾ ചാറ്റ് ജി.പി.ടിയിൽ ആസൂത്രണം ചെയ്തിട്ടും കമ്പനി പൊലീസിനെ വിവരമറിയിച്ചില്ലെന്നാണ് കുടുംബങ്ങളുടെ ആക്ഷേപം. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എ.ഐ ചാറ്റ്‌ബോട്ടുകൾക്ക് കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ കാനഡ തീരുമാനിച്ചത്.
പുതിയ ബില്ലിനോട് സമ്മിശ്ര പ്രതികരണമാണ് ആഗോള ടെക് ഭീമന്മാരിൽ നിന്നുണ്ടാകുന്നത്. മാതാപിതാക്കൾക്ക് കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ കൂടുതൽ നിയന്ത്രണം നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ സർക്കാരുമായി സഹകരിക്കുമെന്ന് യൂട്യൂബിന്റെ ഉടമസ്ഥരായ ഗൂഗ്ൾ വ്യക്തമാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയും ഡിജിറ്റൽ സുരക്ഷാ ബില്ലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു. എന്നാൽ എലോൺ മസ്കിന്റെ എക്സ്, സ്നാപ്ചാറ്റ്, ഓപ്പൺ എ.ഐ എന്നിവർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.