വാഷിംങ്ടൺ: എക്സ് പ്ലാറ്റ്ഫോമിൽ ഇനി മെസ്സേജിങ്ങ് മാത്രമല്ല ബാങ്കിങ് സേവനങ്ങളും. സമൂഹമാധ്യമമായ എക്സിനെ ഒരു സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി യുഎസിലെ പെയ്ഡ് സബ്‌സ്‌ക്രൈബർമാർക്കായി എക്സ് മണി എന്ന പുതിയ ബാങ്കിങ് സേവനത്തിന് തുടക്കമിട്ടു. പ്രീമിയം, പ്രീമിയം+ വരിക്കാർക്കാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂൺ അവസാനം മുതൽ പരിമിതമായ ഉപയോക്താക്കൾക്കായി നടത്തിയ പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടർന്നാണ് സേവനം കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിച്ചത്. എക്സ് ആപ്പ് വിട്ട് പുറത്തുപോകാതെ തന്നെ നിക്ഷേപങ്ങൾ സൂക്ഷിക്കാനും, പേയ്‌മെന്റുകൾ അയക്കാനും, ബില്ലുകൾ അടക്കാനും, പണം ട്രാൻസ്ഫർ ചെയ്യാനും ഇതുവഴി സാധിക്കും.
ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ക്രോസ് റിവർ ബാങ്ക് വഴിയാണ് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത്. നിക്ഷേപങ്ങൾക്ക് പ്രതിവർഷം 6 ശതമാനം വരെ പലിശ ലഭിക്കുമെന്നാണ് എക്സ് മണി അറിയിച്ചിരിക്കുന്നത്. യുഎസിലെ മറ്റു പ്രമുഖ ബാങ്കുകൾ നൽകുന്ന ഉയർന്ന പലിശനിരക്കുകളെക്കാളും ഇത് വളരെ കൂടുതലാണ്.
ചൈനയിലെ പ്രശസ്തമായ വീചാറ്റ് മാതൃകയിൽ മെസ്സേജിംഗ്, ഷോപ്പിംഗ്, പണമിടപാടുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരികയാണ് മസ്കിന്റെ ലക്ഷ്യം. പുതിയ നീക്കത്തിലൂടെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾക്ക് കടുത്ത മത്സരമാണ് എക്സ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.