ഇത് വല്ലാത്ത അപ്ഗ്രേഡ് തന്നെ; ഇനി ഐഫോൺ വാങ്ങാതെ തന്നെ ഉപയോഗിക്കാം, ഡിവൈസ് ലീസിങ് പദ്ധതി അവതരിപ്പിച്ച് ആപ്പിൾ

ഒരു ഐഫോൺ പ്രേമിയാണോ നിങ്ങൾ? പണമില്ലാത്തതു കൊണ്ടോ, ഡിവൈസിന്‍റെ പ്രവൃത്തി എങ്ങനെയായിരിക്കുമെന്ന കൺഫ്യൂഷൻ കൊണ്ടോ അല്ലെങ്കിൽ വലിയ തുക നൽകി വാങ്ങുന്ന ഡിവൈസുകൾ പണി തന്നാലോ എന്ന ഭയം കൊണ്ടോ ഡാഗ്ജെറ്റ്സുകൾ വാങ്ങാൻ മടിക്കുന്നവരാണോ? എങ്കിൽ ആപ്പിൾ അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചർ നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. അതെ, ഇനിമുതൽ ഒറ്റത്തവണയായി വലിയ തുക നൽകി ഡിവൈസുകൾ വാങ്ങുന്നതിന് പകരം, പ്രതിമാസ തവണകളായി ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച് എന്നിവ ലീസിനെടുക്കാം. മാത്രമല്ല, ഉപഭോക്താക്കൾക്ക് ഉപകരണം സ്വന്തമാക്കാനും പുതിയ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കാലാവധി കഴിഞ്ഞ് തിരികെ നൽകാനും അധിക തുക നൽകി സ്വന്തമാക്കാനും ഓപ്ഷനുണ്ട്.

ആപ്പിളിന്‍റെ ഓൺലൈൻ, റീടെയിൽ സ്റ്റോറുകളിലൂടെ സേവനം ലഭ്യമാകും. ഉപഭോക്താക്കൾ പ്രീമിയം സാങ്കേതികവിദ്യ സ്വന്തമാക്കുന്ന രീതിയിൽ വലിയ മാറ്റവുമായി ആപ്പിൾ തങ്ങളുടെ പുതിയ ഡിവൈസ് ലീസിങ് പദ്ധതിയായ ആപ്പിൾ അപ്‌ഗ്രേഡ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പ്രമുഖ ഫിനാൻഷ്യൽ സ്ഥാപനമായ ക്ലാർണയുമായി (Klarna) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പുതിയ പ്രോഗ്രാം പ്രകാരം ഡിവൈസുകളുടെ വിഭാഗത്തിന് അനുസരിച്ചാണ് ലീസിങ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്;

  • ഐഫോൺ, ആപ്പിൾ വാച്ച് മോഡലുകൾക്ക് 24 മാസത്തെ ലീസ് ഉണ്ടാകും
  • മാക് കമ്പ്യൂട്ടറുകൾക്കും ഐപാഡുകൾക്കും 36 മാസത്തെ ലീസ് ഉണ്ടാകും

കരാർ കാലയളവിൽ ഉപയോക്താക്കൾക്ക് വലിയ തോതിലുള്ള സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. തുക മുൻകൂട്ടി അടച്ചു തീർക്കാനും കാലാവധി തീരുന്നതിന് മുമ്പ് പുതിയ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കാലാവധിക്ക് ശേഷം ഡിവൈസ് തിരികെ നൽകാനും അല്ലെങ്കിൽ അധിക ഫീസ് നൽകി ഡിവൈസ് സ്വന്തമാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.

വിവിധതരം ഡിവൈസുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില പ്രധാന ഡിവൈസുകൾ ഒഴിവാക്കിയിട്ടുമുണ്ട്. എൻട്രി ലെവൽ ഹാർഡ്‌വെയറുകളായ ഐഫോൺ 16, ആപ്പിൾ വാച്ച് SE, എൻട്രി ലെവൽ ഐപാഡ്, മാക്ബുക്ക് നിയോ എന്നിവ ഈ ലീസിങ് പദ്ധതിക്ക് കീഴിൽ വരില്ല. കൂടാതെ, ബിസിനസ്സ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വാങ്ങലുകളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആപ്പിൾ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മറ്റൊരു മാറ്റം ഡിവൈസ് സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. സിറ്റിസൺസ് ബാങ്കിന്റെ പിന്തുണയോടെയുണ്ടായിരുന്ന പഴയ ഐഫോൺ അപ്‌ഗ്രേഡ് പ്രോഗ്രാമിൽ പ്രതിമാസ തുകയോടൊപ്പം ആപ്പിൾ കെയർ പ്ലസ് കൂടി സൗജന്യമായി ലഭിച്ചിരുന്നു. എന്നാൽ പുതിയ ക്ലാർണ പിന്തുണയുള്ള ആപ്പിൾ അപ്‌ഗ്രേഡ് പ്ലാനിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ അധിക സുരക്ഷ ആവശ്യമുള്ള ഉപയോക്താക്കൾ ഇത് തനിയെ വാങ്ങേണ്ടി വരും.

പുതിയ ആപ്പിൾ അപ്‌ഗ്രേഡ് സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ പഴയ ഐഫോൺ അപ്‌ഗ്രേഡ് പ്രോഗ്രാമിലേക്കുള്ള പുതിയ രജിസ്‌ട്രേഷനുകൾ ആപ്പിൾ അവസാനിപ്പിക്കും. എങ്കിലും നിലവിലുള്ള അംഗങ്ങൾക്ക് തൽക്കാലം അവരുടെ പഴയ പ്ലാനുകൾ തുടരാൻ അനുവാദമുണ്ടായിരിക്കും. ആപ്പിളിന്റെ ഓൺലൈൻ വഴിയും നേരിട്ടുള്ള റീട്ടെയ്ൽ സ്റ്റോറുകൾ വഴിയും ഈ സേവനം ലഭ്യമാണ്. ആഗോള സാമ്പത്തിക സ്ഥിതിഗതികൾക്കനുസരിച്ച് സബ്‌സ്‌ക്രിപ്‌ഷൻ മാതൃകയിലുള്ള ഹാർഡ്‌വെയർ ഉപഭോഗത്തിലേക്ക് ആപ്പിൾ നടത്തുന്ന വലിയ ചുവടുവെപ്പാണ് ഈ പുതിയ പദ്ധതി.

Tags:    
News Summary - Upgrade, iPhone, Device Leasing, Apple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.