ബംഗളൂരു: പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ ക്വാല്‍കോം ചിപ്പ് വില കുത്തനെ കൂട്ടുന്നു. ഇതോടെ സ്മാർട്ട്ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും വില കുതിച്ചുയരും. സെപ്റ്റംബർ ഒന്നിനു ശേഷം ഡെലിവറി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് പുതിയ വില വർധന ബാധകമാവുക. ഇതുസംബന്ധിച്ച് ക്വാല്‍കോം തങ്ങളുടെ ഉപഭോക്താക്കൾക്ക് കത്തയച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. മെമ്മറി ചിപ്പുകൾക്കും മറ്റ് പ്രധാന ഘടകങ്ങൾക്കുമുള്ള ഉയർന്ന വില മൊബൈൽ നിർമാതാക്കൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
സ്മാർട്ട്ഫോൺ നിർമാതാക്കളിൽ വലിയൊരു പങ്കും ക്വാൽകോം ചിപ്പുകളാണ് ഉപയോഗിക്കുന്നത്. സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ആൻഡ്രോയിഡ് ഫോണുകൾക്ക് പ്രോസസറുകളും ക്വാൽകോം നൽകുന്നു. സ്മാർട്ട്ഫോണുകൾക്ക് പുറമെ, വിൻഡോസ് പിസികൾ, സ്മാർട്ട് ഗ്ലാസുകൾ, ഓട്ടോമോട്ടീവ് സിസ്റ്റങ്ങൾ, ഇന്റർനെറ്റ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയിലും കമ്പനിയുടെ ചിപ്പുകൾ ഉപയോഗിക്കുന്നു
വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള ചെലവേറിയ സാഹചര്യമാണ് വില വർധനവിന് കാരണമായി ക്വാല്‍കോം ചൂണ്ടിക്കാണിക്കുന്നത്. അധിക ചെലവുകൾ ഇനി സ്വന്തം നിലയിൽ പരിഹരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് കമ്പനി പറയുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ വിതരണക്കാരെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിപണിയിലെ കടുത്ത പ്രതിസന്ധി കാരണം അത് സാധിച്ചില്ലെന്നും കമ്പനി അറിയിച്ചു.
ആഗോളതലത്തിൽ സെമികണ്ടക്ടർ വിപണി നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് വിലവർധനവിന് പിന്നിൽ. സെപ്റ്റംബർ ഒന്നിനുശേഷമുള്ള ഡെലിവറികൾക്ക് എത്രത്തോളം വില വർധിക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, സ്മാർട്ട്ഫോൺ-പി.സി വിപണിയിൽ ഇത് വലിയ വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.