ബംഗളൂരു: നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോയും (ഐ.എസ്.ആർ.ഒ) സംയുക്തമായി വികസിപ്പിച്ച നിസാർ (NISAR - NASA-ISRO Synthetic Aperture Radar) ദൗത്യത്തിന്റെ ഭാഗമായി ശേഖരിച്ച എസ്-ബാൻഡ് റഡാർ ഡാറ്റസെറ്റ് ഇസ്രോ പൊതുജനങ്ങൾക്കായി പുറത്തിറക്കി. ഭൂനിധി പോർട്ടൽ വഴിയാണ് ഈ ഡാറ്റ ലഭ്യമാക്കിയിരിക്കുന്നത്.
ഇതിനൊപ്പം തമിഴ്നാട്ടിലെ നാഗപട്ടണം, അന്റാർട്ടിക്ക, അസമിലെ ബ്രഹ്മപുത്ര നദീതടം, അമേരിക്കയിലെ ഐഡഹോ, ഗ്രീൻലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മാതൃകാ റഡാർ ചിത്രങ്ങളും ഇസ്രോ പുറത്തുവിട്ടു. തീരപ്രദേശങ്ങളിലെ തണ്ണീർത്തടങ്ങൾ നിരീക്ഷിക്കൽ, ജലസേചന രീതികൾ മാപ്പ് ചെയ്യൽ, ഹിമാനികളുടെ ചലനം വിലയിരുത്തൽ എന്നിവയിൽ റഡാറിന്റെ കഴിവുകൾ ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ചിത്രങ്ങൾ ശാസ്ത്രീയ ഗവേഷണത്തിനൊപ്പം തീരദേശ ആസൂത്രണം, കൃത്യതയാർന്ന കൃഷി, ദുരന്തനിരീക്ഷണം, പ്രകൃതിവിഭവ പരിപാലനം തുടങ്ങിയ മേഖലകളിലും നിസാർ ദൗത്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നു.
നാസയുടെയും ഇസ്രോയുടെയും സംയുക്ത ദൗത്യമായ നിസാർ, എൽ-ബാൻഡ് (L-band), എസ്-ബാൻഡ് (S-band) എന്നീ രണ്ട് വ്യത്യസ്ത റഡാർ ഫ്രീക്വൻസി ബാൻഡുകളും ഒരു ഉപഗ്രഹത്തിൽ ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യ ബഹിരാകാശ റഡാർ ഉപഗ്രഹമാണ്. 12 മീറ്റർ വ്യാസമുള്ള റിഫ്ലക്ടർ ആന്റിനയും സ്വീപ്‌സാർ (SweepSAR) എന്ന സ്കാനിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിന്റെ 240 കിലോമീറ്റർ വീതിയുള്ള ഭാഗം ഉയർന്ന റെസല്യൂഷനിൽ ഒരേസമയം പകർത്താൻ ഇതിന് കഴിയും.
ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് നിസാർ സഞ്ചരിക്കുന്നത്. ഓരോ 12 ദിവസത്തിലും ഒരേ പ്രദേശം വീണ്ടും നിരീക്ഷിക്കുന്നതിനാൽ വെള്ളപ്പൊക്കം, ഹിമാനികളുടെ നീക്കം, കൃഷിയിടങ്ങളിലെ മാറ്റങ്ങൾ, മറ്റ് വേഗത്തിൽ മാറുന്ന ഭൂപ്രകൃതി വ്യതിയാനങ്ങൾ എന്നിവ കാലാവസ്ഥയോ പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും.
നിലവിൽ നിസാർ ദൗത്യം ശാസ്ത്രീയ നിരീക്ഷണ ഘട്ടത്തിലാണെന്ന് ഇസ്രോ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡാറ്റ ശേഖരിച്ചുവരികയാണ്. എസ്-ബാൻഡ് റഡാർ ഡാറ്റ ഇസ്രോയുടെ ഗ്രൗണ്ട് സ്റ്റേഷനുകളിലാണ് സ്വീകരിക്കുന്നത്. തുടർന്ന് തെലങ്കാനയിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (NRSC) പ്രവർത്തിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് മൾട്ടി-മിഷൻ ഗ്രൗണ്ട് സെഗ്മെന്റ് ഫോർ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്സ് കേന്ദ്രത്തിൽ ഡാറ്റ പ്രോസസ് ചെയ്യുന്നു.
ഡാറ്റയുടെ കൃത്യത ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുള്ള ഗ്രൗണ്ട് റിഫ്ലക്ടറുകളുടെ ശൃംഖലയും മറ്റ് ശാസ്ത്രീയ റഫറൻസ് കേന്ദ്രങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ പുറത്തിറക്കിയ ഡാറ്റയിൽ അസംസ്കൃത റഡാർ വിവരങ്ങൾ, ജിയോകോഡ് ചെയ്ത ചിത്രങ്ങൾ ഇന്റർഫെറോമെട്രിക് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന അതിസൂക്ഷ്മമായ മാറ്റങ്ങൾ പോലും കണ്ടെത്താൻ ഇവക്ക് കഴിയുന്നതിനാൽ ഭൂമിയിടിച്ചിൽ, മണ്ണിടിച്ചിൽ, ഹിമാനികളുടെ നീക്കം, ഭൂമി ഉപരിതലം ഇടിയൽ പ്രതിഭാസം (Subsidence) തുടങ്ങിയവ നിരീക്ഷിക്കാൻ ഈ ഡാറ്റ ഏറെ സഹായകമാണ്.
ഉപയോക്താക്കൾക്ക് ഭൂനിധി പോർട്ടൽ വഴി ഡാറ്റ തെരയാനും കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. കൂടാതെ റഡാർ ഫയലുകൾ GeoTIFF പോലുള്ള വ്യാപകമായി ഉപയോഗിക്കുന്ന ഫോർമാറ്റുകളിലേക്ക് മാറ്റാനുള്ള ടൂളും, ക്യു.ജി.ഐ.എസ് സോഫ്റ്റ്‌വെയറിൽ ഡാറ്റ കൂടുതൽ വിശദമായി വിശകലനം ചെയ്യാൻ സഹായിക്കുന്ന മറ്റൊരു ടൂളും ഇസ്രോ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മരുഭൂമികൾ, സമുദ്രങ്ങൾ പ്രദേശങ്ങളിലെ ചില ചിത്രങ്ങളിൽ നേരിയ വരകൾ കാണിച്ചേക്കാമെന്നും ചിലപ്പോൾ റേഡിയോ സിഗ്നലുകളിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും. ഭാവിയിൽ കൂടുതൽ കൃത്യതയുള്ള കാലിബ്രേഷൻ നടത്തുന്നതോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഇസ്രോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.