ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവം വിവാദമായതോടെ മെറ്റ മാപ്പ് പറഞ്ഞെങ്കിലും കമ്പനിയുടെ പ്രതികരണം തൃപ്തികരമല്ലെന്ന് കേന്ദ്രം. പ്രശ്നം ഇതുവരെ തീർപ്പാക്കിയിട്ടില്ലെന്നും വീഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു.
വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ സാങ്കേതിക പിഴവിനെ തുടർന്നാണ് താൽക്കാലികമായി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കിയതെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ മെറ്റയുടെ മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിശദീകരണത്തിനായി വിളിച്ചുവരുത്തിയിരുന്നു. ഇതിനു ശേഷമാണ് ഈ വിഷയത്തിൽ ഇനിയും ചർച്ച വേണമെന്ന നിലപാടിൽ കേന്ദ്രം എത്തിയത്.
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ജൂലൈ 23ന് നരേന്ദ്രമോദി ഫേസ്ബുക്കിൽ വിഡിയോ പങ്കുവെച്ചത്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നയിച്ച 36 ദിവസത്തെ വിദ്യാർഥി പ്രതിഷേധത്തിനിടെ ജെൻസിയെ അഭിസംബോധന ചെയ്ത മോദിയുടെ ആദ്യ വീഡിയോയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട വിഡിയോ ജൂലൈ 28ന് പുലർച്ചെ അൽപസമയത്തേക്ക് ഫേസ്ബുക്കിൽ ലഭ്യമല്ലാതായി. ചില ഉപയോക്താക്കൾക്ക് ഇത് ‘നിയമപരമായ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ നിയന്ത്രിച്ചിരിക്കുന്നു’ എന്ന സന്ദേശവും ദൃശ്യമായിരുന്നു. സംഭവം വിവാദമായതോടെയാണ് മെറ്റയുടെ പ്രതികരണം.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഡിയോ വീണ്ടും ഫേസ്ബുക്കിൽ ലഭ്യമാക്കുകയും, സാങ്കേതിക പിഴവാണ് സംഭവത്തിന് കാരണമായതെന്ന് മെറ്റ വിശദീകരിക്കുകയും ചെയ്തു. ‘ഉള്ളടക്കം തെറ്റായി നീക്കം ചെയ്‌തു, പിന്നീട് പുനഃസ്ഥാപിച്ചു’ -മെറ്റ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ വിശദീകരണം തേടിയെങ്കിലും തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്ന് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.