ആഗോള തലത്തിൽ നിർമിത ബുദ്ധിയുടെ ആവശ്യം വർധിക്കുന്നത് പുതിയ വരുമാന അവസരങ്ങൾ സൃഷ്ടിക്കുമെന്നും അതുമായി ബന്ധപ്പെട്ട മേഖലകളിൽ വലിയ വളർച്ച ഉണ്ടാകുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ ബെയിൻ ആൻഡ് കമ്പനിയുടെ ആറാമത്തെ വാർഷിക ഗ്ലോബൽ ടെക്നോളജി റിപ്പോർട്ടിൽ 2030ഓടെ എ.ഐയുടെ ആവശ്യകത നിറവേറ്റുന്നതിന് രണ്ട് ട്രില്യൺ ഡോളറിന്റെ പുതിയ വരുമാനം ആവശ്യമാണെന്ന് പറയുന്നു. എ.ഐയുടെ വളർച്ചക്കായി ഡാറ്റാ സെന്‍ററുകൾ, കമ്പ്യൂട്ടിങ് പവർ തുടങ്ങിയ ഇൻഫ്രാസ്ട്രക്ചറുകളിൽ വലിയ നിക്ഷേപം ആവശ്യമായി വരുമെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ നിക്ഷേപങ്ങൾ ലാഭകരമായി നടപ്പാക്കണമെങ്കിൽ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ആഗോള എ.ഐ വിപണി 2024ൽ ഏകദേശം 279.22 ബില്യൺ ഡോളറായിരുന്നത് 2030ഓടെ 1.81 ട്രില്യൺ ഡോളറായി ഉയരും. എ.ഐ സാങ്കേതികവിദ്യ ആഗോള സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവന നൽകും. 2030ഓടെ എ.ഐ സൊല്യൂഷനുകളും സേവനങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയിൽ 22.3 ട്രില്യൺ ഡോളർ സ്വാധീനം ചെലുത്തും.
2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ വർധിച്ചുവരുന്ന എ.ഐ കമ്പ്യൂട്ട് ആവശ്യകതകൾ 200 ജിഗാവാട്ടിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൊത്തം വൈദ്യുതിയുടെ പകുതിയും യു.എസിൽ നിന്നാണ്. യു.എസ് കമ്പനികൾ എല്ലാ ഓൺ-പ്രെമൈസ് ഐ.ടി ബജറ്റുകളും ക്ലൗഡിലേക്ക് മാറ്റുകയും വിൽപ്പന, മാർക്കറ്റിങ്, ഉപഭോക്തൃ പിന്തുണ, ഗവേഷണ വികസനം എന്നിവയിൽ എ.ഐ പ്രയോഗിച്ചതിൽ നിന്നുള്ള സമ്പാദ്യം പുതിയ ഡാറ്റാ സെന്ററുകളിലെ മൂലധന ചെലവിലേക്ക് വീണ്ടും നിക്ഷേപിക്കുകയും ചെയ്താലും ഫണ്ടിങ് ഇപ്പോഴും കുറവായിരിക്കും.
രോഗനിർണയം, ചികിത്സാ രീതികൾ, ആശുപത്രിയിലെ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് എ.ഐ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. തട്ടിപ്പുകൾ കണ്ടെത്താനും, റിസ്ക് മാനേജ്മെന്‍റ് നടത്താനും ഉപഭോക്തൃ സേവനങ്ങൾ നൽകാനും എ.ഐ ഉപയോഗിക്കുന്നുണ്ട്. ഉപഭോക്തൃ സ്വഭാവം വിശകലനം ചെയ്യാനും വ്യക്തിഗതമാക്കിയ മാർക്കറ്റിങ് കാമ്പയിനുകൾ സൃഷ്ടിക്കാനും എ.ഐ സഹായിക്കുന്നു.
എ.ഐയുടെ വളർച്ച വേഗത്തിലാണെങ്കിലും അതിന് ആവശ്യമായ വൈദ്യുതി, ഹാർഡ്‌വെയർ, വിദഗ്ധരായ മനുഷ്യവിഭവശേഷി തുടങ്ങിയവ ഉറപ്പാക്കുക എന്നത് പ്രധാന വെല്ലുവിളികളാണ്. എ.ഐയുടെ ഈ വളർച്ചയെ പിന്തുണക്കാൻ നിലവിലുള്ള വരുമാന സ്രോതസ്സുകൾ മതിയാകില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എ.ഐയുടെ വികസനത്തിനും വ്യാപനത്തിനും ഭാവിയിൽ കൂടുതൽ വലിയ നിക്ഷേപങ്ങൾ ആവശ്യമാണെന്നും അത് പുതിയ വരുമാന സാധ്യതകളിലേക്ക് നയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ, ക്ഷാമം, അൽഗോരിതം നേട്ടങ്ങൾ എന്നിവയിൽ ശ്രദ്ധാപൂർവ്വമായ നാവിഗേഷൻ ആവശ്യമാണ്. കമ്പ്യൂട്ടേഷണൽ ഡിമാൻഡ് വർധിക്കുമ്പോൾ, മുൻനിര കമ്പനികൾ എ.ഐ കഴിവുകൾ പരീക്ഷണാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ നിന്ന് അവയിൽ നിന്ന് ലാഭം നേടുന്നതിലേക്ക് നീങ്ങിയിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10–25 ശതമാനം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.