ന്യൂഡൽഹി: തലസ്ഥാനത്ത് നടന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ സ്വന്തം നിർമിതിയെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ച ഗാൽഗോതിയാസ് സർവകലാശാലയെ ഉച്ചകോടിയിൽ നിന്നും പുറത്താക്കി. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് അടക്കമുള്ളവർ വലിയ അഭിമാനത്തോടെ അവതരിപ്പിച്ച നായയുടെ രൂപമുള്ള റോബോഡോഗിനെതിരെയാണ് നടപടി.
എ.ഐ രംഗത്തെ ഇന്ത്യയുടെ ഭാവി എന്ന് അവകാശപ്പെട്ട് മന്ത്രിമാരും മറ്റും പ്രശംസിച്ച റോബോട്ട് ചൈനീസ് നിർമിതിയാണെന്ന് കാണിച്ചാണ് നോയിഡ ആസ്ഥാനമായുള്ള ഗാൽഗോതിയാസ് സർവകലാശാലയെ പുറത്താക്കിയത്. ഇത് സർവകലാശാലയുടെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ടായിരുന്നു പ്രദർശിപ്പിച്ചത്. എന്നാൽ റോബോട്ടിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് ഇത് ചൈനീസ് നിർമിതിയാണെന്ന് തെളിഞ്ഞത്.
ചൈനീസ് റോബോട്ടിക്സ് കമ്പനിയായ യൂണിട്രീ നിർമിച്ച ‘യൂണിട്രീ ഗോ 2’ റോബോട്ടാണ് ‘ഓറിയോൺ’ എന്ന പേരിൽ സമ്മിറ്റിൽ അവതരിപ്പിച്ചത്. സംഭവം വിവാദമായതോടെ പരിഹാസവുമായി ചൈനീസ് സമൂഹമാധ്യങ്ങളും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയടക്കമുള്ളവർ രംഗത്തു വന്നിട്ടുണ്ട്. പിന്നാലെ വിശദീകരണവുമായി സർവകലാശാല രംഗത്തുവന്നു.
റോബോട്ടിക് നായയെ യൂണിട്രീയിൽ നിന്നും വാങ്ങിയതാണെന്നും വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്ക് മാത്രമാണ് റോബോട്ടിനെ ഉപയോഗിക്കുന്നതെന്നും എക്സിൽ കുറിച്ചു. കൂടാതെ റോബോട്ട് സ്വയം നിർമിച്ചതാണെന്ന് അവകാശപ്പെട്ടില്ലെന്നും നിലവിൽ നടക്കുന്ന വിവാദങ്ങൾ തങ്ങളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ കുപ്രചാരണമാണെന്നും സർവകലാശാല ആരോപിച്ചു.
എന്നാൽ സർവകലാശാലയുടെ ആരോപണത്തെ എക്സ് തന്നെ തിരുത്തി. സർവകലാശാല പ്രതിനിധികൾ ഇത് സ്വന്തമായി വികസിപ്പിച്ചതാണെന്ന് പറയുന്ന വിഡിയോ ദൃശ്യങ്ങൾ നിലവിലുണ്ടെന്നും അതിന് ‘ഓറിയോൺ’ എന്ന് പേരിട്ട് സ്വന്തം ഉൽപ്പന്നമായി അവതരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എക്സ് പോസ്റ്റിന് താഴെ കമ്മ്യൂണിറ്റി നോട്ട് രേഖപ്പെടുത്തി. ഈ റോബോട്ടിന് ഇന്ത്യയിൽ ഏകദേശം 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയാണ് വില വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.