150 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഒരു ‘മൊബൈല്‍ ആപ്’

തിരുവനന്തപുരം: വൈദ്യുതി ബില്ലടയ്ക്കലും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങും ഫീസയ്ടക്കുന്നതുമടക്കം  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറ്റമ്പതോളം സേവനങ്ങള്‍ക്കായി ഒറ്റ മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറാവുന്നു. മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ സേവനങ്ങള്‍ വേഗത്തിലും കൂടുതല്‍ കാര്യക്ഷമമായും ജനങ്ങളിലത്തെിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്ളിക്കേഷന്‍ തയാറാക്കുന്നത്. നിലവില്‍  വിവിധ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ ഒരു മൊബൈല്‍ ‘ആപ്പി’ല്‍ ഉള്‍ക്കൊള്ളിച്ച് ജനങ്ങള്‍ക്ക്  ലഭ്യമാക്കലാണ് പുതിയ സംവിധാനത്തിന്‍െറ ലക്ഷ്യം. 
ഇ-ഡിസ്ട്രിക്റ്റ് പദ്ധതി വഴി ലഭ്യമാകുന്ന 24 സര്‍ട്ടിഫിക്കറ്റുകള്‍, ബി.എസ്.എന്‍.എല്‍ ബില്‍ അടയ്ക്കല്‍, റെയില്‍വേ-കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, വിവിധ ഓഫിസുകളിലെ ഫയല്‍ ട്രാക്കിങ് ഉള്‍പ്പെടെ ഒരൊറ്റ പ്ളാറ്റ്ഫോമില്‍ സാധ്യമാകും വിധമാണ് ആപ്ളിക്കേഷന്‍ വിഭാവനം ചെയ്യുന്നത്.  സര്‍വകലാശാലകളുടെ പരീക്ഷാ ഫീസുകള്‍ അടക്കുന്നതിനൊപ്പം പരീക്ഷാ ഫലങ്ങളും അറിയാം. കേരള പൊലീസിന്‍െറ ഇ-ചെലാനും മോട്ടോര്‍ വാഹനവകുപ്പിന്‍െറ ലൈസന്‍സ്-വാഹന വിവരങ്ങളും  ആപ്ളിക്കേഷന്‍ വഴി ലഭ്യമാകും. ട്രെയിനുകളുടെ സ്ഥിതിവിവരം തത്സമയം അറിയാന്‍ കഴിയുന്ന സംവിധാനവും താപാല്‍ വകുപ്പിന്‍െറ ‘പോസ്റ്റല്‍ ട്രാക്കിങ് സിസ്റ്റവും’ വിവിധ വകുപ്പുകളുടെ ഇ-ടെന്‍ഡറിങ്ങിന്‍െറ സ്ഥിതിവിവരവുമെല്ലാം സംയോജിത മൊബൈല്‍ ആപ് വഴി സാധ്യമാകും. ബില്ലുകള്‍ അടയ്ക്കാനുള്ള സമയമത്തെിയാല്‍ എസ്.എം.എസ് വഴിയോ പുഷ് നോട്ടിഫിക്കേഷന്‍  വഴിയോ  വിവരമറിയിക്കുന്നതിനും ആപ്പില്‍ സംവിധാനമുണ്ടാകും.
സേവനങ്ങള്‍ വിശാലമാണെങ്കിലും ആപ്പിന്‍െറ സൈസ് 15 എം.ബിയില്‍ താഴെയായിരിക്കും. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐ.ഒ.എസ്, ബ്ളാക്ബെറി, വിന്‍ഡോസ് തുടങ്ങിയ മൊബെല്‍ ഓപറേറ്റിങ് സിസ്റ്റങ്ങളില്‍  പ്രവര്‍ത്തിക്കുന്നവിധമാണ് ആപ് തയാറാക്കുക. ടു- ജി നെറ്റ്വര്‍ക്കിലും  വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവിധം  സാങ്കേതികമികവുമുണ്ടാകും. ആപ് ഇന്‍സ്റ്റാല്‍ ചെയ്യാത്തവര്‍ക്കും മൊബൈലില്‍ സംയോജിതമായ ഇ-സേവന ശൃംഖല ലഭ്യമാക്കുന്നതിന്  ആപ്ളിക്കേഷന്‍െറ മൊബൈല്‍ വെബ്വേര്‍ഷനും തയാറാക്കുന്നുണ്ട്. എന്നാല്‍, കൂടുതല്‍ ശേഷിയുള്ള ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഇതിനു വേണ്ടിവരും. ആപ്ളിക്കേഷന് അനുബന്ധമായി ഇന്‍ററാക്ടിവ് വോയിസ് റെസ്പോണ്‍സ് (ഐ.വി.ആര്‍) സംവിധാനവും ഏര്‍പ്പെടുത്തുണ്ട്. നിലവില്‍ ഓണ്‍ലൈനായി പാചകവാതക സിലിണ്ടര്‍ ബുക് ചെയ്യുംപോലെ നമ്പറിലേക്ക് വിളിച്ച് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്ന രീതിയിലാണ് ഐ.വി.ആര്‍ സംവിധാനം ക്രമീകരിക്കുക. എസ്.എം.എസ് അയച്ച് അപേക്ഷയുടെ  സ്ഥിതി വിവരം മൊബൈല്‍ സന്ദേശമായി  ലഭിക്കുന്ന സംവിധാനമാണ് മറ്റൊന്ന്. ഇതിനു പുറമേ സ്റ്റാറും അക്കങ്ങളും അയച്ച് മൊബൈലില്‍ ബാലന്‍സ് അറിയുന്നത് പോലെ  യു.എസ്.എസ്.ഡി (അണ്‍സ്ട്രക്ചേഡ് സപ്ളിമെന്‍ററി സര്‍വിസ് ഡാറ്റ) ഉപയോഗിച്ച്  സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കും. രണ്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സംയോജിത ആപ് പദ്ധതി ഡിസംബറോടെ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

എം. ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.