ലണ്ടൻ: ഇലോൺ മസ്കിന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിന് 12 കോടി യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂനിയൻ. നിയമവിരുദ്ധ ഉള്ളടക്കവും തെറ്റായ വിവരങ്ങളും തടയുന്നതിനായി യൂറോപ്യൻ യൂനിയൻ കൊണ്ടുവന്ന സമൂഹ മാധ്യമ നിയമമായ, ഡിജിറ്റൽ സേവന നിയമം (ഡി.എസ്.എ) ലംഘിച്ചതിനാണ് പിഴ.
ഡി.എസ്.എക്ക് കീഴിൽ രണ്ടുവർഷത്തോളമായി തുടരുന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് പിഴ ചുമത്തിയുള്ള തീരുമാനം. നിയമം നടപ്പാക്കിയതിന് ശേഷം ആദ്യമായാണ് ലംഘനത്തിന് ഇത്രയും വലിയ പിഴ ചുമത്തുന്നത്.
സമൂഹ മാധ്യമങ്ങളിലെ ദുരുപയോഗം തടഞ്ഞും പ്ലാറ്റ്ഫോമുകളിലെ നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങൾ നീക്കംചെയ്തും യൂറോപ്യൻ ഉപയോക്താക്കളെ തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കുന്നതിന് നടപ്പാക്കിയ നിയമമാണ് ഡി.എസ്.എ. ഇത് ലംഘിച്ചാൽ കനത്ത പിഴ നേരിടേണ്ടിവരും. നേരത്തേ, ട്വിറ്റർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എക്സ് ഡി.എസ്.എയെ മറികടന്ന് മൂന്ന് ലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് പിഴ ഈടാക്കുന്നതെന്ന് കമീഷൻ പറഞ്ഞു. എക്സിലെ ‘നീല ടിക്മാർക്കുകളുടെ രൂപകൽപന’ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്നും പരസ്യ ഡേറ്റബേസ്, വിവരം ചേർത്തൽ എന്നിവയിലും എക്സ് നിയമങ്ങൾ ലംഘിച്ചുവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.