ഉപയോക്താക്കളുടെ പ്രിയ മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഇടക്കിടെ വാട്സാപ്പ് പുതിയ അപ്ഡേഷനുകൾ പുറത്തിറക്കാറുണ്ട്. ഇപ്പോൾ കോളിങ്, കോൾ മാനേജ്‌മെന്റ് എന്നിവ എളുപ്പമാക്കുന്നതിനായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഐഫോണിന്റെ വോയ്‌സ്‌മെയിൽ പോലെ വിളിച്ചിട്ട് കിട്ടാത്ത സാഹചര്യത്തിൽ വോയ്സ്, വിഡിയോ സന്ദേശങ്ങൾ എളുപ്പത്തിൽ അയക്കാൻ കഴിയുന്നതാണ് ഈ പുതിയ ഫീച്ചർ. നിലവിൽ ഐഫോണിൽ ഈ ഫീച്ചർ ലഭ്യമാണ്.
WABetaInfoയുടെ റിപ്പോർട്ട് പ്രകാരം വോയ്‌സ് കോളിന് മറുപടി ലഭിക്കാതെ വരുമ്പോൾ വാട്സ്ആപ്പ് റെക്കോര്‍ഡ് വോയ്സ് മെസേജ് ഓപ്ഷന്‍ നല്‍കും. ഇത് വഴി ഓഡിയോ റെക്കോർഡ് ചെയ്‌ത് അയക്കാൻ കഴിയും. മിസ്ഡ് കോൾ അലർട്ടിനൊപ്പം ഈ സന്ദേശം ദൃശ്യമാകും. കോളിന്റെ ഉദ്ദേശ്യം സ്വീകർത്താക്കൾക്ക് മനസ്സിലാക്കാൻ ഇത് വഴി സാധിക്കുന്നു.
കൂടാതെ വിഡിയോ കോളുകളിലും ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. വിഡിയോ കോളിന് മറുപടി ലഭിച്ചില്ലെങ്കിൽ വിളിക്കുന്നവർക്ക് അതേ രീതിയിൽ വിഡിയോ സന്ദേശം അയക്കാം. വേഗത്തിൽ ആശയവിനിമയം നടത്തുക എന്നതാണ് ഈ അപ്ഡേറ്റിന്‍റെ ലക്ഷ്യം. വാട്സ്ആപ്പ് അതിന്റെ കോൾസ് ടാബ് പുനക്രമീകരിക്കുന്നത് തുടരുന്നതിനിടെയാണ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് എന്ന് മുതൽ ഈ ഫീച്ചർ ലഭ്യമാകുമെന്നതിൽ വ്യക്തമല്ല.
ഇതിനൊപ്പം പുതിയയൊരു കോൾസ് ടാബും വാട്സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. കോൺടാക്റ്റുകൾ ആക്‌സസ് ചെയ്യുന്നത് മുതൽ പുതിയ ഗ്രൂപ്പുകൾ നിർമിക്കുക തുടങ്ങി കോളുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും ഇപ്പോൾ ഒരു ടാബിൽ ക്രമീകരിച്ചിരിക്കുകയാണ്.
ഈ പുതിയ ഫീച്ചറിൽ ഉപയോക്താക്കൾക്ക് 31 പേരെ വരെ നേരിട്ട് വൺ-ഓൺ-വൺ കോളുകളോ ഗ്രൂപ്പ് കോളുകളോ ചെയ്യാൻ കഴിയും. ഇത് ദൈനംദിന കോളിങ് വളരെ വേഗത്തിലും സൗകര്യപ്രദവുമാക്കുകയും ചെയ്യുന്നു. മറ്റൊരു ഉപയോഗപ്രദമായ ഫീച്ചറാണ് കോൾ ഷെഡ്യൂളിങ്. ഉപയോക്താക്കൾക്ക് ഇപ്പോൾ വോയ്‌സ് അല്ലെങ്കിൽ വിഡിയോ കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.