ശാന്തസമുദ്രം താണ്ടാന്‍ സോളാര്‍ ഇംപള്‍സ് വീണ്ടും പുറപ്പെട്ടു

ടോക്യോ: ചരിത്രത്തിന് കുറുകെ പറക്കാന്‍ സോളാര്‍ ഇംപള്‍സ് ശാന്തസമുദ്രത്തിന് മുകളിലൂടെ യാത്രയാരംഭിച്ചു. ഇനി ജപ്പാനിലേക്ക് തിരിച്ചുവരാനാവാത്ത ദൂരം ശാന്തസമുദ്രത്തില്‍ പിന്നിട്ടതായി സോളാര്‍ ഇംപള്‍സ് വെബ്സൈറ്റില്‍ കുറിച്ചു. 
ആഴ്ചകളായി നിര്‍ത്തിയിട്ട ജപ്പാനിലെ നഗോയ വ്യോമതാവളത്തില്‍നിന്ന് ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് യാത്ര തിരിച്ചത്.  120 മണിക്കൂര്‍കൊണ്ട് ശാന്തസമുദ്രം ഭേദിച്ച് ഹവായ് ദ്വീപിലിറങ്ങുകയാണ് ലക്ഷ്യം. സമുദ്രം കടക്കുന്നതിനായി കാലാവസ്ഥ മെച്ചപ്പെടുന്നതിന് സംഘം കാത്തിരുന്നത് രണ്ടു മാസത്തോളമാണ്. ആഴ്ചകള്‍ക്ക് മുമ്പ് ചൈനയിലെ നാന്‍ജിങ്ങില്‍നിന്ന് നേരിട്ട് പറന്നുതുടങ്ങിയെങ്കിലും കാലാവസ്ഥ കനിയാത്തതിനാല്‍ ജപ്പാനില്‍ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും പുറപ്പെടാനിരുന്നതും കാലാവസ്ഥയോട് തോറ്റ് ഉപേക്ഷിച്ചു. 
ഇത്തവണ ദൗത്യം വിജയകരമാകുകയാണെങ്കില്‍ വ്യോമയാനചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തനിച്ചുള്ള യാത്രയാകും അത്. സൗരോര്‍ജമുപയോഗിച്ച് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച വിമാനം എന്ന റെക്കോഡും ഇംപള്‍സിന് സ്വന്തമാകും. സൗരവിമാനത്തിന്‍െറ യാത്രയുടെ എട്ടാമത്തെ ഘട്ടമാണ് ശാന്തസമുദ്രം കടക്കല്‍. ഏറ്റവും പ്രതിസന്ധിയുള്ള ഘട്ടവും ഇതാണ്. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയും സോളാര്‍ ഇംപള്‍സ് സാരഥികളിലൊരാളുമായ ആന്ദ്രെ ബോര്‍ഷ്ബെര്‍ഗാണ് വൈമാനികന്‍. അഞ്ചുപകലും അഞ്ചുരാവും താണ്ടി ആന്ദ്രെയുമായി സൗരവിമാനം ഹവായിലിറങ്ങുന്നത് ചരിത്രത്തിലേക്കാകും. 
സൗരോര്‍ജം മാത്രമുപയോഗിക്കുന്ന വിമാനത്തില്‍ ലോകം ചുറ്റുകയെന്ന ശ്രമകരമായ ദൗത്യവുമായി മാര്‍ച്ച് ഒന്നിന് അബൂദബിയില്‍നിന്നാണ് സോളാര്‍ ഇംപള്‍സ് ആദ്യമായി പറന്നുയര്‍ന്നത്. 17,000 ബാറ്ററികള്‍ ഉപയോഗിച്ച് സൗരോര്‍ജം സംഭരിച്ചാണ് യാത്ര. ഇടവിട്ട് 20 മിനിറ്റ് ഉറങ്ങുന്നതൊഴികെ ദീര്‍ഘ സുഷുപ്തി ഉണ്ടാകില്ളെന്നത് ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.