മംഗള്‍യാന്‍ രണ്ടാഴ്ച പരിധിക്കു പുറത്ത്


ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യ ഉപഗ്രഹമായ മംഗള്‍യാനില്‍നിന്ന് 15 ദിവസത്തേക്ക്  ഇനി വിവരങ്ങളൊന്നും ലഭിക്കില്ല. തിങ്കളാഴ്ച മുതല്‍ ഭൂമിക്കും ചൊവ്വക്കും ഇടയില്‍ സൂര്യന്‍ വരുന്നതിനാല്‍ മംഗള്‍യാന്‍ ഭൂമിയുടെ ‘പരിധിക്കു’ പുറത്താകും. മംഗള്‍യാനും ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതോടെ ഇന്നു മുതല്‍ ഈമാസം 22 വരെ വിവര കൈമാറ്റം നിലക്കും. 


ചൊവ്വ സൂര്യന് പിന്നിലായതിനാല്‍ പേടകത്തില്‍നിന്നുള്ള റേഡിയോ സിഗ്നലുകള്‍ ഭൂമിയിലത്തെുന്നതിന് തടസ്സം തീര്‍ക്കുന്നതിനാലാണിത്. ഭൂമിക്കും ചൊവ്വക്കും ഇടയില്‍നിന്ന് സൂര്യന്‍ മാറിയതിനു ശേഷമാകും ഇനി വിവര കൈമാറ്റം സാധ്യമാകുക. ഇതിന് 15 ദിവസം വരെ എടുക്കും. വിക്ഷേപണത്തിനുശേഷം ആദ്യമായാണ് മംഗള്‍യാനുമായുള്ള ബന്ധം ഇത്ര നീണ്ട കാലയളവിലേക്ക് നഷ്ടപ്പെടാന്‍ പോകുന്നത്. എന്നാല്‍, ഇതില്‍ ആശങ്കപ്പെടാനില്ളെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ‘ബ്ളാക്കൗട്ട്’ കാലഘട്ടത്തില്‍ സ്വയം നിയന്ത്രിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഐ.എസ്.ആര്‍.ഒ പേടകത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ഉപഗ്രഹം ‘ഓട്ടോണമസ്’ മോഡില്‍ സ്വയം നിയന്ത്രിക്കും. 
നാസയുടെ ‘മാവെന്‍’ അടക്കമുള്ള അഞ്ച് ചൊവ്വാദൗത്യ പേടകങ്ങള്‍ക്കും ഈ 15 ദിവസം ഭൂമിയുമായുള്ള ബന്ധം നഷ്ടമാകും. 


അടുത്ത വര്‍ഷം മേയിലും സമാന സ്ഥിതിയിലേക്ക് മംഗള്‍യാന്‍ പ്രവേശിക്കും. സൂര്യനും ചൊവ്വക്കുമിടയില്‍ ഭൂമി വന്നത്തെുന്നതിനാലാണിത്. 
2014 സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ചുള്ള പഠനമാണ് മംഗള്‍യാന്‍െറ ദൗത്യം. ഇതുവരെ മംഗള്‍യാന്‍ അയച്ച ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ വിലയിരുത്തിവരുകയാണ്. നിശ്ചയിച്ച കാലാവധി മാര്‍ച്ചില്‍ അവസാനിച്ചെങ്കിലും ഇന്ധനം ബാക്കിയുള്ളതിനാല്‍ ദൗത്യം തുടരുകയാണ്. 

 
അസ്സലാം. പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.