കൂള്‍ ക്യാപ്റ്റന് തോല്‍വി


 
മുംബൈ: നാളുകള്‍ക്കുശേഷം പാഡണിഞ്ഞ കാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണിയും വെടിക്കെട്ട് വീരന്‍ യുവരാജ് സിങ്ങും ‘ഫിറ്റാണെന്ന്’ തെളിയിച്ചെങ്കിലും കളി കൈവിട്ടു. ഇന്ത്യക്കെതിരായ സന്നാഹമത്സരത്തില്‍ ഇംഗ്ളണ്ടിന്‍െറ വിജയം മൂന്നു വിക്കറ്റിനായിരുന്നു.

അമ്പാട്ടി റായുഡുവും (100) ശിഖര്‍ ധവാനും (63) യുവരാജ് സിങ്ങും (56) മഹേന്ദ്രസിങ് ധോണിയും (68*) പടുത്തുയര്‍ത്തിയ 304 എന്ന കൂറ്റന്‍ സ്കോര്‍ 48.5 ഓവറില്‍ ഇംഗ്ളണ്ട് എത്തിപ്പിടിച്ചു. ഇംഗ്ളണ്ട് താരനിരകളായ ജാസണ്‍ റോയ് (62), അലക്സ് ഹെയ്ല്‍സ് (40), സാം ബില്ലിങ്സ് (93), ജോസ് ബട്ട്ലര്‍ (46), ലിയാം ഡേവ്സണ്‍ (41) എന്നിവരുടെ സംയുക്ത ആക്രമണത്തില്‍ തിരിച്ചടിക്കുകയായിരുന്നു.

ടോസ് ഭാഗ്യം ലഭിച്ച ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തത് മികച്ച ബൗളിങ് നിരയെ മുന്നില്‍ക്കണ്ടായിരുന്നു. ടീം സ്കോര്‍ 25ല്‍ എത്തിനില്‍ക്കെ മന്‍ദീപ് സിങ് (8) പുറത്തായതോടെ മോര്‍ഗനും കൂട്ടരും ആഹ്ളാദിച്ചു. എന്നാല്‍, ശിഖര്‍ ധവാനും അമ്പാട്ടി റായുഡുവും തിരക്കഥ മാറ്റിയെഴുതുകയായിരുന്നു. ഇരുവരും അടിച്ചുകൂട്ടിയത് 111 റണ്‍സ്. ജെയ്ക് ബാളിന്‍െറ പന്തില്‍ ശിഖര്‍ (63) പുറത്തായതോടെ യുവരാജ് സിങ് കളത്തിലിറങ്ങി.

ദീര്‍ഘനാള്‍ രാജ്യാന്തര മത്സരങ്ങള്‍ക്കിറങ്ങാത്തതിന്‍െറ ചടവ് ആദ്യം പ്രകടമായെങ്കിലും ചൂടുപിടിച്ചതോടെ യുവരാജും കത്തിക്കയറി. രണ്ടു സിക്സും ആറു ഫോറുമായി യുവി 56 റണ്‍സെടുത്തു. മികച്ച ഇന്നിങ്സ് പുറത്തെടുത്ത അമ്പാട്ടി റായുഡു 97 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം സെഞ്ച്വറി നേടി. 100 റണ്‍സുമായി നില്‍ക്കവെ റായുഡു ക്യാപ്റ്റന്‍ കൂളിന് അവസരം നല്‍കി റിട്ടേര്‍ഡായി റൂമിലേക്ക് മടങ്ങി. ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ബാറ്റ്സ്മാന്‍ ക്രീസിലേക്ക് ബാറ്റുമായി അവതരിച്ചു. രണ്ടു സിക്സും എട്ടു ഫോറുമായി 40 പന്തില്‍ 68 റണ്‍സെടുത്ത് പുറത്താകാതെ ടീ സ്കോര്‍ 300 കടത്തി ധോണി പഴയ വെടിക്കെട്ടു ധോണിയായി. അതേസമയം, വീണുകിട്ടിയ ചാന്‍സ് മലയാളി താരം സഞ്ചു സാംസണ്‍ ഇത്തവണയും പാഴാക്കി.

Tags:    
News Summary - india lost aginst england

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.