വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സിംബാബ്‌വെ താരങ്ങൾ

ഒമാനെ എട്ടുവിക്കറ്റിന് തകർത്ത് സിംബാബ്‌വെ; ലോകകപ്പിൽ വിജയത്തുടക്കം

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്ക് വിജയത്തുടക്കം. കൊളംബോയിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെ എട്ടുവിക്കറ്റിനാണ് സിംബാബ്‌വെ തകർത്തത്. ഒമാൻ ഉയർത്തിയ 104 റൺസിന്‍റെ വിജയലക്ഷ്യം 39 പന്തുകൾ ബാക്കി നിൽക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ മറികടന്നു. നാലോവറിൽ 16 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് നേടിയ പേസർ ബ്ലെസ്സിങ് മുസരബനിയാണ് കളിയിലെ താരം. ജയത്തോടെ ബി ഗ്രൂപ്പിൽ സിംബാബ്‌വെ ഒന്നാമതെത്തി. സ്കോർ: ഒമാൻ - 19.5 ഓവറിൽ 103ന് പുറത്ത്, സിംബാബ്‌വെ - 13.3 ഓവറിൽ രണ്ടിന് 106.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ഒമാന്‍റെ ബാറ്റിങ് നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 27 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് വീണത്. മധ്യനിരയിൽ സൂഫിയാൻ മഹ്മൂദും വിനായക് ശുക്ലയും നടത്തിയ ചെറുത്തുനിൽപ്പാണ് വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. 28 റൺസ് നേടിയ ശുക്ലയാണ് ടോപ് സ്കോറർ. സൂഫയാൻ 25 റൺസ് നേടി. ഒമ്പതാമനായി ക്രീസിലെത്തിയ നദീം ഖാന്‍റെ (20) ഇന്നിങ്സാണ് ടീം സ്കോർ 100 കടത്തുന്നതിൽ നിർണായകമായത്. മുസരബനിക്ക് പുറമെ റിച്ചാർഡ് നഗരവ, ബ്രാഡ് ഇവാൻസ് എന്നിവരും സിംബാബ്‌വെക്കായി മൂന്നുവീതം വിക്കറ്റുകൾ പിഴുതു.

മറുപടി ബാറ്റിങ്ങിൽ ഓപണർമാർ സിംബാബ്‌വെക്കായി മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ മൂന്നോവറിൽ 30 റൺസ് ചേർത്തതിനു പിന്നാലെ തദിവനഷെ മറുമനി (21) പുറത്തായി. പിന്നാലെയെത്തിയ ഡയോൺ മായേഴ്സ് സംപൂജ്യനായി മടങ്ങിയെങ്കിലും ഓപണർ ബ്രയാൻ ബെന്നറ്റ് നിലയുറപ്പിച്ചു കളിച്ചു. 31 റൺസ് നേടിയ ബ്രണ്ടൻ ടെയ്‍ലർ പരിക്കേറ്റ് മടങ്ങി. മൂന്നാം വിക്കറ്റിൽ ബെന്നറ്റിനൊപ്പം നിർണായകമായ 68 റൺസിന്‍റെ പാർട്നർഷിപ് ഒരുക്കിയാണ് താരം ക്രീസ് വിട്ടത്. 48 റൺസ് നേടിയ ബെന്നറ്റിനൊപ്പം ക്യാപ്റ്റൻ സിക്കർ റാസയും (5) പുറത്താകാതെ നിന്നു. ഒമാനുവേണ്ടി സൂഫിയാൻ മഹ്മൂദാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

Tags:    
News Summary - Zimbabwe vs Oman | T20 World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.