മുംബൈ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ യു.എസിന് 162 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിര ക്രിക്കറ്റിലെ കുഞ്ഞൻമാരായ യു.എസിന് മുമ്പിൽ അടിപതറുന്നതാണ് ഇന്ന് മുംബൈയിൽ കണ്ടത്. 84 റൺസെടുത്ത സൂര്യകുമാർ യാദവിനൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. സൂര്യകുമാറിന്റെ ഒറ്റയാൾ പോരാട്ടം തന്നെയാണ് വലിയ നാണക്കേടിൽ നിന്നും ഇന്ത്യയെ രക്ഷിച്ചെടുത്തത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് തുടക്കം മുതൽ തിരിച്ചടിയായിരുന്നു. സ്കോർബോർഡിൽ എട്ട് റൺസ് ചേർക്കുമ്പോഴേക്കും അഭിഷേക് ശർമ്മ വീണു. മൂന്നാമതെത്തിയ തിലക് വർമ്മയുമായി ഇഷാൻ കിഷൻ മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് തോന്നിച്ചുവെങ്കിലും ടീം സ്കോർ 45ൽ നിൽക്കെ മിലിന്ദ് കുമാറിന് കാച്ച് നൽകി കിഷൻ മടങ്ങി. വാൻ ഷാൽക്വിക്കിനായിരുന്നു വിക്കറ്റ്. ഷാൽക്വിക്കിന്റെ ഈ ഓവറിൽ തന്നെ തിലവക് വർമയും ശിവം ദുബെയും കൂടി മടങ്ങിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് വ്യക്തമായി.
പിന്നീടെത്തിയ റിങ്കു സിങ്ങിനെ മുഹമ്മദ് മൊഹ്സിനും ഹാർദിക് പാണ്ഡ്യയെ ഹർമീത് സിങ്ങും മടക്കിയതോടെ ഇന്ത്യ കടുത്ത സമ്മർദത്തിലേക്ക് വീണു. 14 റൺസെടുത്ത അക്സർ പട്ടേലിനെ ഹർമീത് സിങ് കൂടി മടക്കിയതോടെ ഇന്ത്യയുടെ വിക്കറ്റ് നഷ്ടം ഏഴായി. അർഷ്ദീപ് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും അവസാന ഓവറിൽ ഉൾപ്പടെ കത്തിക്കയറിയ സൂര്യകുമാർ യാദവ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുകയായിരുന്നു. യു.എസിന് വേണ്ടി ഷ്വാൽകിക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർമീത് സിങ് രണ്ട് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.