ന്യൂഡൽഹി: ക്രീസിലെയും പുറത്തെയും വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും ഒറ്റമൂലി ചികിത്സയിൽ ശമനം നൽകി, ഇന്ത്യയും ആസ്ട്രേലിയയും വീണ്ടും പോരാട്ടപ്പിച്ചിലേക്ക്. പരമ്പരയിലെ മൂന്നാം ടെസ്റ്റിന് പുതിയ വേദിയായ റാഞ്ചിയിൽ ഇന്ന് ടോസ് വീഴുേമ്പാൾ ആരാധകരും ക്രിക്കറ്റ് ലോകവും ആവേശത്തോടെ. തർക്കങ്ങളും വിവാദവുമെല്ലാം പറഞ്ഞുതീർത്താണ് വിരാട് കോഹ്ലിയും സ്റ്റീവൻ സ്മിത്തും കൂട്ടുകാരെ കളത്തിലേക്ക് നയിക്കുന്നതെങ്കിലും, വെള്ളമൊഴിച്ച് തണുപ്പിച്ച കനൽപോലെയാണ്അന്തരീക്ഷം. എപ്പോഴും ഏത് നിമിഷവും തീ ആളിയേക്കാം. ഇരുവരും ഒാരോ കളി ജയിച്ചതോടെ 1^1ന് ഒപ്പത്തിനൊപ്പമാണ്. അതിനാൽ, റാഞ്ചിയിൽ ജയിക്കുന്നവർ പരമ്പരയിൽ വ്യക്തമായ ലീഡ് പിടിച്ചേക്കും.
പുണെയിലും ബംഗളൂരുവിലും അവസാനിപ്പിച്ചിടത്തു നിന്നാണ് റാഞ്ചി തുടങ്ങുന്നത്. ഏകദിനങ്ങൾക്കും ട്വൻറി20ക്കും മാത്രം വേദിയായ പിച്ച് അഞ്ചു ദിനം നീളുന്ന ടെസ്റ്റിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് ഇരു ടീം ക്യാമ്പിലും ആശങ്കയാവുന്നു. പുണെയിലെയും ബംഗളൂരുവിലെയും പിച്ചുകൾ തീരെ മോശമാണെന്ന് െഎ.സി.സി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, ബി.സി.സി.െഎ സമ്മർദത്തിലാണ്. സ്പിന്നിനെ തുണക്കും വിധമാണ് റാഞ്ചിയിൽ പിച്ചൊരുക്കിയതെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ആദ്യ രണ്ട് ടെസ്റ്റിെൻറയും തുടർച്ചയാവും റാഞ്ചിയിലും.
പുണെയിൽ ആസ്ട്രേലിയ 333 റൺസിന് ജയിച്ചപ്പോൾ ബംഗളൂരുവിൽ ഇന്ത്യ 75 റൺസിന് ജയിച്ചാണ് പരമ്പരയിൽ തിരിച്ചെത്തിയത്. ഒപ്പത്തിനൊപ്പമാണെങ്കിലും ആത്മവിശ്വാസത്തിെൻറ മുൻതൂക്കം ഇന്ത്യക്കാണ്. ബംഗളൂരുവിലെ ഡി.ആർ.എസ് വിവാദം ക്രിക്കറ്റ് ലോകത്തു തന്നെ ആസ്ട്രേലിയക്ക് നാണക്കേടായി. െഎ.സി.സിക്ക് നൽകിയ പരാതി പിൻവലിച്ചതോടെ ഇന്ത്യ എതിരാളികളുടെയും അഭിനന്ദനം നേടി. ഇതിെൻറയെല്ലാം മാനസിക മുൻതൂക്കം ആതിഥേയർക്കുണ്ട്.
കഴിഞ്ഞ നാല് ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ ലോകേഷ് രാഹുലും ചേതേശ്വർ പുജാരയുമൊഴികെ ആരും തിളങ്ങിയിട്ടില്ല. മൂന്ന് അർധസെഞ്ച്വറി നേടിയ ലോകേഷാണ് മുൻനിരയിൽ. നാല് ഇന്നിങ്സിൽ 40 റൺസ് മാത്രമെടുത്ത വിരാട് കോഹ്ലിയുടെ ഗൃഹപാഠങ്ങൾ ഇന്ന് വിജയം കണ്ടാൽ ഇന്ത്യ പാതി ജയിച്ചു. പരിക്കിൽനിന്ന് മോചിതനായി മുരളി വിജയ് ഒാപണിങ് സ്ഥാനത്ത് തിരിച്ചെത്തും. സ്പിൻ ബൗളിങ്ങിനെ തുണക്കുന്ന പിച്ചിൽ കോഹ്ലി അശ്വിനും ജദേജക്കും പുറമെ ജയന്ത് യാദവിന് കൂടി അവസരം നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ഒാസീസ് നിരയിൽ രണ്ട് പകരക്കാരെത്തും. മിച്ചൽ സ്റ്റാർക്കിന് പകരം പാറ്റ് കുമ്മിൻസ്. മിച്ചൽ മാർഷിെൻറ പകരക്കാരൻ ആരെന്നതാണ് പ്രധാന ചർച്ച. ആറാം നമ്പറിൽ ക്രീസിലിറങ്ങാൻ ഗ്ലെൻ മാക്സ്വെൽ, മാർകസ് സ്റ്റോയിനിസ് എന്നിവർ തമ്മിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.