ആ ഗൂഗ്ളിമന്ത്രങ്ങള്‍ ഇനി ഇന്ത്യന്‍ കരുത്ത്

ധര്‍മശാല: ഒരുകാലത്ത് ഇന്ത്യക്കും വിജയത്തിനുമിടയില്‍ ഒരൊറ്റ പേരേയുണ്ടായിരുന്നുള്ളൂ -അനില്‍ കുംബ്ളെ. സചിന്‍ ടെണ്ടുല്‍കറും സൗരവ് ഗാംഗുലിയും വി.വി.എസ്. ലക്ഷ്മണുമടങ്ങുന്ന ബാറ്റിങ് നിര എത്ര വലിയ സ്കോര്‍ അടിച്ചുയര്‍ത്തിയാലും പ്രതിരോധിച്ച് നില്‍ക്കാന്‍ കുംബ്ളെയുടെ കുത്തിത്തിരിയുന്ന പന്തുകള്‍ തന്നെ വേണമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സചിന്‍ -സൗരവ് -ലക്ഷ്മണ്‍ ത്രയം ഉയര്‍ത്തിയ വിശ്വാസം സംരക്ഷിക്കാന്‍ ഒരിക്കല്‍ കൂടി കുംബ്ളെ നിയോഗിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യക്കാരനോ വിദേശിയോ ഇന്ത്യയുടെ കോച്ചാവുക എന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒടുവില്‍ ആ സ്ഥാനത്തേക്ക് കുംബ്ളെയുടെ പേരുതന്നെ ഉറപ്പിച്ചു. ഇന്ത്യക്കായി എണ്ണമറ്റ വിജയങ്ങളൊരുക്കിയപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ 37 വയസ്സു വരെ കാത്തിരിക്കേണ്ടിവന്ന കുംബ്ളെ ഇന്ത്യന്‍ കോച്ചാകുന്നത് 46ാമത്തെ വയസ്സില്‍. തനിക്കൊപ്പം കളിച്ചവരില്‍ മഹേന്ദ്ര സിങ് ധോണി മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ളത്. മറ്റുള്ളവരെല്ലാം വിരമിച്ചു കഴിഞ്ഞു. ലോകത്തെ മറ്റു ടീമുകളിലും കുംബ്ളെയുടെ കാലത്ത് കളിച്ചവര്‍ ഇപ്പോള്‍ അപൂര്‍വം.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളര്‍ കുംബ്ളെ തന്നെയാണ്. എതിരാളികളെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയത് അസാമാന്യമായ ബൗണ്‍സോടെ കുത്തിത്തിരിയുന്ന കുംബ്ളെയുടെ ഗൂഗ്ളികളായിരുന്നു. 132 ടെസ്റ്റുകളിലെ 236 ഇന്നിങ്സുകളില്‍നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ കുംബ്ളെയാണ് ഏറ്റവും കൂടുതല്‍ വിക്കറ്റിന്‍െറ ഉടമയായ ഇന്ത്യന്‍ ബൗളര്‍. ഷെയിന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ സ്പിന്നിന്‍െറ കുത്തക കൈയടക്കിവെച്ചിരുന്ന കാലത്ത് ഇന്ത്യയുടെ സ്പിന്‍ മറുപടി കുംബ്ളെ ആയിരുന്നു. ഒടുങ്ങാത്ത പോരാട്ട വീര്യമായിരുന്നു കുംബ്ളെ എന്ന താരം.ഒരു ഇന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തിയ അപൂര്‍വ റെക്കോഡ് ഇംഗ്ളണ്ടിന്‍െറ ജിം ലേക്കര്‍ക്കൊപ്പം കുംബ്ളെ പങ്കിട്ടത് ലോക ക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു. 1999 ഫെബ്രുവരി ഏഴിന് ഡെല്‍ഹി ഫിറോസ് ഷാ കോട്ല മൈതാനിയില്‍ പാകിസ്താന്‍െറ രണ്ടാം ഇന്നിങ്സിലെ 10 വിക്കറ്റും പിഴുതായിരുന്നു ആ പ്രകടനം.

വെറുമൊരു സ്പിന്നറുടെ ബൗളിങ് ആയിരുന്നില്ല കുംബ്ളെയുടെത്. അത് ചിലപ്പോഴെങ്കിലും മീഡിയം പേസ് ബൗളറുടെ വേഗവും ബൗണ്‍സും നിറഞ്ഞതായിരുന്നു. ബാറ്റിങ്ങില്‍ വാലറ്റത്ത് ചിലപ്പോഴൊക്കെ കുംബ്ളെ കരുത്തില്‍ ഇന്ത്യ ജയം എത്തിപ്പിടിച്ചിട്ടുമുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ ശതകവും സ്വന്തം പേരിലാക്കിയിട്ടുമുണ്ട്. ഇന്ത്യന്‍ ടീമിന്‍െറ ശക്തി, ദൗര്‍ബല്യങ്ങളെപ്പറ്റി ഏറ്റവും നന്നായി അറിയുന്നയാളാണ് കുംബ്ളെ. അതുതന്നെയായിരിക്കണം ഉപദേശക സമിതി കുംബ്ളെയെ കോച്ചായി തെരഞ്ഞെടുക്കാനും കാരണം. പരിചയസമ്പന്നരില്‍ വലിയൊരു വിഭാഗം കളമൊഴിഞ്ഞ ശേഷം യുവരക്തം നിറഞ്ഞ ടീമിനെ വാര്‍ത്തെടുക്കേണ്ട ചുമതലയാണ് കുംബ്ളെക്ക്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്‍െറയും മുംബൈ ഇന്ത്യന്‍സിന്‍െറയും രക്ഷാധികാരിയായി യുവതാരങ്ങള്‍ക്ക് പ്രചോദനം നല്‍കിയ അനുഭവവും കുംബ്ളെക്കുണ്ട്. കോച്ചല്ല കളിക്കാരനാണ് പ്രധാനം എന്നാണ് ചുമതലയേറ്റയുടന്‍ കുംബ്ളെ പ്രതികരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ‘അച്ഛേ ദിന്‍’ (നല്ല ദിവസം) എന്നാണ് കുംബ്ളെയുടെ തെരഞ്ഞെടുപ്പിനെ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ വിശേഷിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.