ഷമിയും ഉമേഷും തിളങ്ങി; വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍

ആന്‍റിഗ്വ: ശേഷിക്കുന്നത് എട്ടു വിക്കറ്റ്. ഇന്നിങ്സ് പരാജയം മറികടക്കാന്‍ ഇനിയും വേണ്ടത് 247 റണ്‍സ്. ബാക്കി കിടക്കുന്നത് ഒന്നര ദിവസത്തെ കളി. ഒന്നാം ടെസ്റ്റില്‍ പരാജയം തുറിച്ചുനോക്കുന്ന വെസ്റ്റിന്‍ഡീസ് പ്രതീക്ഷിക്കുന്നത് മഹാതിശയങ്ങള്‍. അതിനിടയില്‍ മെല്ളെ പെയ്തുതുടങ്ങിയ മഴയിലും പ്രതീക്ഷയില്ലാതില്ല.

ഒന്നാമിന്നിങ്സില്‍ ഇന്ത്യ എട്ടു വിക്കറ്റിന് 566 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്തപ്പോള്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവും തൊടുത്തുവിട്ട പേസ് ആക്രമണം ചെറുക്കാനാവാതെ ഒരുകാലത്ത് ഫാസ്റ്റ് ബൗളിങ്ങിലെ ചക്രവര്‍ത്തിമാരായിരുന്ന വിന്‍ഡീസ് 243 റണ്‍സിന് ഇന്നിങ്സ് മതിയാക്കി. ഫോളോഓണിന് നിര്‍ബന്ധിതരായി മൂന്നാം ദിവസം തന്നെ രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍സ് 21 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടത്തിലാണ് കളി അവസാനിപ്പിച്ചത്.

നാലാം ദിവസം കളി തുടര്‍ന്ന ദ്വീപുകാര്‍ക്ക് തലേന്നത്തെ അതേ സ്കോറില്‍ ഡാരന്‍ ബ്രാവോയെ നഷ്ടമായി. 10 റണ്‍സെടുത്ത ബ്രാവോയെ അജിന്‍ക്യ രഹാനെയുടെ കൈകളിലത്തെിച്ച് ഉമേഷ് പ്രഹരമേല്‍പിച്ചു. ആദ്യ ഇന്നിങ്സിലെ ടോപ് സ്കോററും ട്വന്‍റി20 ലോകകപ്പ് ഫൈനലിലെ ഹീറോയുമായ ക്രെയ്ഗ് ബ്രാത്വെയ്റ്റ് രണ്ടു റണ്‍സിന് തലേദിവസം കൂടാരം കയറിയിരുന്നു. ഇശാന്ത് ശര്‍മയുടെ പന്തില്‍ ബ്രാത്വെയ്റ്റ് വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ രാജേന്ദ്ര ചന്ദ്രികക്ക് കൂട്ടായത്തെിയ മര്‍ലോണ്‍ സാമുവല്‍സ് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടൊരുക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതിനിടയില്‍ മഴ വന്നപ്പോള്‍ രണ്ടിന് 76 എന്നനിലയില്‍ കളി നിര്‍ത്തിവെക്കേണ്ടിവന്നു. തുടര്‍ന്ന് ഇരു ടീമുകളും ലഞ്ചിന് പിരിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.