ഒമർ അബ്ദുല്ല, സച്ചിൻ ടെണ്ടുൽക്കർ

കന്നി രഞ്ജി കിരീടം, കശ്മീരിന് അഭിനന്ദന പ്രവാഹം; താരങ്ങൾക്ക് രണ്ട് കോടിയും സർക്കാർ ജോലിയും പ്രഖ്യാപിച്ച് സർക്കാർ

ശ്രീനഗർ: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രമെഴുതി കന്നി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയ ജമ്മു കശ്മീർ ടീമിന് അഭിനന്ദന പ്രവാഹം. എട്ട് തവണ ചാമ്പ്യന്മാരായ കർണാടകയെ അവരുടെ തട്ടകമായ ഹുബ്ബള്ളിയിൽ വീഴ്ത്തി കിരീടം ചൂടിയ കശ്മീർ ടീമിന് വൻ പാരിതോഷികമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ചാമ്പ്യന്മാരായ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമായി രണ്ട് കോടി രൂപയും ഒപ്പം സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല അറിയിച്ചു. ഇതിന് പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, ജയ് ഷാ തുടങ്ങിയ പ്രമുഖരും ടീമിന്റെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് രംഗത്തെത്തി.

ജമ്മു കശ്മീർ ക്രിക്കറ്റിലെ വലിയൊരു വഴിത്തിരിവാണ് ഈ നേട്ടമെന്നും, ചരിത്രവിജയം നാടിനാകെ അതിയായ അഭിമാനവും പ്രചോദനവുമാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യക്തമാക്കി. മികച്ച കായികതാരങ്ങൾക്കായി സർക്കാർ അടുത്തിടെ പുറത്തിറക്കിയ പുതിയ ചട്ടപ്രകാരമായിരിക്കും ക്രിക്കറ്റ് താരങ്ങൾക്ക് സർക്കാർ ജോലി നൽകുക. ഫൈനൽ മത്സരത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനും ടീമിന് പിന്തുണ നൽകാനും അദ്ദേഹം വെള്ളിയാഴ്ച കർണാടകയിൽ എത്തിയിരുന്നു. അതേസമയം, ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ 'ഏറ്റവും മികച്ച നിമിഷമാണിതെന്നാണ്' ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വിജയത്തെ വിശേഷിപ്പിച്ചത്. അങ്ങേയറ്റത്തെ നിശ്ചയദാർഢ്യത്തോടെ ചരിത്രം സൃഷ്ടിച്ച ഓരോ കളിക്കാരോടും നാടിന്റെ മുഴുവൻ പേരിൽ നന്ദി പറയുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.

ക്രിക്കറ്റ് ലോകത്ത് നിന്നുള്ള പ്രമുഖരും കശ്മീർ ടീമിന് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തി. ലോകോത്തര ക്രിക്കറ്റ് ബാറ്റുകൾ നിർമ്മിക്കുന്ന കശ്മീർ വില്ലോകളെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. 'കശ്മീർ വില്ലോ ബാറ്റുകൾ നിരവധി ചാമ്പ്യന്മാരുടെ കിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ചാമ്പ്യന്മാരെ വാർത്തെടുക്കുന്നതിൽ നിന്നും അവർ ഇന്ന് ചാമ്പ്യന്മാരായി മാറുന്ന ജമ്മു കശ്മീരിന്റെ യാത്ര അതിമനോഹരമാണ്'' സച്ചിൻ കുറിച്ചു. സ്ഥിരതയും നിശ്ചയദാർഢ്യവുമാണ് ഈ സീസണിൽ അവർക്ക് കരുത്തായതെന്നും ആഖിബ് നബിയുടെ ബൗളിംഗ് പ്രകടനം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഠിനാധ്വാനവും അച്ചടക്കവും ഉണ്ടെങ്കിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് കശ്മീരിന്റെ വിജയമെന്ന് വി.വി.എസ്. ലക്ഷ്മൺ പ്രതികരിച്ചു. കളിക്കാർക്കൊപ്പം ഇതിന് പിന്നിൽ പ്രവർത്തിച്ച കോച്ചിംഗ് സ്റ്റാഫ്, മാനേജ്മെന്റ്, ഭരണാധികാരികൾ എന്നിവരും ഈ നേട്ടത്തിൽ വലിയ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് ഐ.സി.സി സെക്രട്ടറി ജയ് ഷാ വരും തലമുറയ്ക്ക് ബാറ്റും ബോളും കൈയിലെടുക്കാൻ ഈ നേട്ടം വലിയൊരു പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈനലിൽ ഒന്നാം ഇന്നിങ്സിൽ നേടിയ 291 റൺസിന്റെ കൂറ്റൻ ലീഡാണ് അഞ്ച് ദിവസം നീണ്ടുനിന്ന മത്സരത്തിൽ ജമ്മു കശ്മീരിന് തുണയായത്. ഒന്നാം ഇന്നിങ്സിൽ 584 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയ ജമ്മു, കരുത്തരായ കർണാടകയെ 293 റൺസിന് എറിഞ്ഞിട്ടു. തുടർന്ന് ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിനിറങ്ങിയ കശ്മീർ, നാല് വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ മത്സരം സമനിലയിൽ കലാശിക്കുകയും ലീഡിന്റെ അടിസ്ഥാനത്തിൽ കശ്മീർ ചരിത്രത്തിലാദ്യമായി രഞ്ജി ചാമ്പ്യന്മാരാവുകയും ചെയ്തു.

Tags:    
News Summary - LG Sinha, CM Omar, Sachin tendulkr, Jay sha Congratulate J&K Team on Ranji Trophy Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.