കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് റൗണ്ടിലെ നിർണായക പോരാട്ടത്തിനു മുന്നോടിയായി സൂപ്പർ താരം റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വെള്ളിയാഴ്ച പിതാവ് ഖാൻചന്ദ് സിങ് മരിച്ചതിനെ തുടർന്നാണ് താരം നാട്ടിലേക്ക് പോയത്. സിംബാബ്‍വെക്കെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.
ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ-വിൻഡീസ് പോരാട്ടം. ജയിക്കുന്ന ടീമിന് സെമിയിലെത്താം. അർബുദ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് റിങ്കുവിന്‍റെ പിതാവിന്‍റെ അന്ത്യം. പിതാവിന്‍റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ദിവസങ്ങൾക്കു മുമ്പ് നോയിഡയിലേക്ക് പോയ റിങ്കു, സിംബാബ്‍വെക്കെതിരായ മത്സരത്തിന് മുമ്പാണ് ഇന്ത്യൻ ക്യാമ്പിൽ തിരിച്ചെത്തിയത്.
ഉത്തർപ്രദേശിലെ അലിഗഢിൽ മഹുവ ഖേരയിലുള്ള ശ്മശാനത്തിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു പിതാവിന്‍റെ അന്ത്യകർമങ്ങൾ. പിതാവിന്റെ മൃതദേഹവും തോളിൽ വഹിച്ച് സഹോദരന്മാർക്കൊപ്പം റിങ്കു വികാരാധീനനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റിങ്കുവിന്റെ മൂത്ത സഹോദരൻ സോനു സിങ്ങാണ് ചിതക്ക് തീകൊളുത്തിയത്. ജീവതത്തിലെ വിജയത്തിനു പിന്നിലെല്ലാം പിതാവാണെന്ന് 28കാരനായ റിങ്കു പറഞ്ഞിരുന്നു.
താരം കൊൽക്കത്ത വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിൻഡീസിനെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ തന്നെ കളിപ്പിക്കുകയാണെങ്കിൽ റിങ്കുവിന് പുറത്തിരിക്കേണ്ടി വരും. സിംബാബ്‍വെക്കെതിരെ സൂപ്പർ എട്ട് റൗണ്ട് പോരാട്ടത്തിൽ ഓപ്പണർമാരായ സഞ്ജുവും അഭിഷേകും നൽകിയ ഗംഭീര തുടക്കം പിന്നാലെ എത്തിയവരും ഏറ്റെടുത്തതോടെ ട്വന്റി20 ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ചെപ്പോക്കിൽ പിറന്നത്.
ഇന്ത്യൻ ടോപ് ഓർഡറിലെ ആറു ബാറ്റർമാരുടെയും സ്ട്രൈക്ക് റേറ്റ് 150ന് മുകളിലായിരുന്നു. ആറു ബാറ്റർമാരും 20 മുകളിൽ റൺസും നേടി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെക്ക് 20 ഓവറിൽ ആറ് വിക്കറ്റിന് 184 റൺസെടുക്കാനെ കഴിഞ്ഞുള്ളു. തുടക്കം മുതൽ അടിച്ചുകളിച്ച സഞ്ജുവും അഭിഷേകും ഒന്നാം വിക്കറ്റിൽ 22 പന്തിൽ 48 റൺസാണ് കൂട്ടിച്ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.