ലൗഡര്‍ഹില്ലിലെ റെക്കോഡ് മഴ

489
ട്വന്‍റി20 ചരിത്രത്തിലെ ഇരു ഇന്നിങ്സുകളിലുമായുള്ള ഏറ്റവും വലിയ സ്കോര്‍. 2010 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ പിറന്ന 469 റണ്‍സായിരുന്നു മുന്‍ റെക്കോഡ്. രാജ്യാന്തര മത്സരത്തില്‍ 2015ലെ വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക കളിയിലെ 467 റണ്‍സായിരുന്നു വലിയ സ്കോര്‍.

245, 244
രാജ്യാന്തര ട്വന്‍റി20യിലെ മികച്ച മൂന്നാമത്തെയും നാലാമത്തെയും സ്കോര്‍. 2007ല്‍ കെനിയക്കെതിരെ ശ്രീലങ്ക അടിച്ചുകൂട്ടിയ 260 ആണ് റെക്കോഡ്. 2013ല്‍ ഇംഗ്ളണ്ടിനെതിരെ ആസ്ട്രേലിയ നേടിയ 248 റണ്‍സാണ് രണ്ടാമത്. ചേസ് ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ സ്കോറുമായിരുന്നു ഇന്ത്യയുടെ 244.

32
രാജ്യാന്തര ട്വന്‍റി20യിലെ ഏറ്റവും കൂടുതല്‍ സിക്സുകള്‍. 2014 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ്-അയര്‍ലന്‍ഡ് മത്സത്തില്‍ പിറന്ന 30 സിക്സുകളുടെ റെക്കോഡാണ് പഴങ്കഥയായത്. സിക്സുകളില്‍ 21 എണ്ണം വിന്‍ഡീസുകാരുടെ ബാറ്റില്‍നിന്നായിരുന്നു. ഇതും റെക്കോഡാണ്. നെതര്‍ലന്‍ഡ്സ്-അയര്‍ലന്‍ഡ് മത്സത്തിലെ 19 സിക്സുകളാണ് മറികടന്നത്.

46
ലോകേഷ് രാഹുല്‍ സെഞ്ച്വറി നേടാന്‍ നേരിട്ട പന്തുകള്‍. രാജ്യാന്തര ട്വന്‍റി20യിലെ വേഗംകൂടിയ രണ്ടാമത്തെ ശതകം. 45 പന്തില്‍ ദക്ഷിണാഫ്രിക്കയുടെ റിച്ചാര്‍ഡ് ലെവി നേടിയ സെഞ്ച്വറിയാണ് റെക്കോഡ്. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിന്‍െറ എവിന്‍ ലൂയിസ് 48 പന്തില്‍ നേടിയ ശതകം വേഗതയേറിയ ആറാമത്തേതാണ്. ഒരു മത്സരത്തില്‍ 50 പന്തില്‍ താഴെയുള്ള രണ്ട് ശതകങ്ങള്‍ പിറക്കുന്നതും ആദ്യമായി.

32
സ്റ്റുവര്‍ട്ട് ബിന്നിയുടെ ഓവറില്‍ പിറന്ന റണ്‍സ്. ലൂയിസ് അഞ്ചു സിക്സും ഒരു സിംഗിളുമെടുത്തപ്പോള്‍ ഒരു വൈഡും വന്നു. യുവരാജ് ആറു സിക്സ് പായിച്ച സ്റ്റുവര്‍ട്ട് ബ്രോഡിന്‍െറ 36 റണ്‍സ് ഓവര്‍ മാത്രമാണ് ഇതിന് മുകളിലുള്ളത്. രണ്ടുതവണ കൂടി ഓവറില്‍ 32 റണ്‍സ് പിറന്നിട്ടുണ്ട്. 2012ല്‍ ഇംഗ്ളണ്ടിനെതിരെ തുടര്‍ച്ചയായ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ പാര്‍നലും അഫ്ഗാനിസ്താന്‍െറ ഇസ്സത്തുല്ല ദൗലത്ത്സായിയുമാണ് തുല്യ റണ്‍സ് വഴങ്ങിയത്.

248
ആദ്യ 10 ഓവറില്‍ ഇരുടീമുകളും ചേര്‍ന്ന് നേടിയ റണ്‍സ്. രാജ്യാന്തര ട്വന്‍റി20യിലെ രണ്ടാമത്തെ വലിയ സ്കോര്‍. 2015ലെ വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക കളിയിലെ 251 റണ്‍സാണ് റെക്കോഡ്. കഴിഞ്ഞ കളിയില്‍ വിന്‍ഡീസ് നേടിയ 132 റണ്‍സും ഇന്ത്യ നേടിയ 116 റണ്‍സും അതത് ടീമുകളുടെ ആദ്യ 10 ഓവറിലെ മികച്ച സ്കോറാണ്.

325
മഹേന്ദ്ര സിങ് ധോണി നായകനായ മത്സരങ്ങള്‍. അന്താരാഷ്ട്ര മത്സരങ്ങളിലെ റെക്കോഡാണിത്. ആസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്‍െറ 324 മത്സരങ്ങള്‍ എന്ന റെക്കോഡാണ് ധോണി മറികടന്നത്. വിജയത്തില്‍ പോണ്ടിങ്ങാണ് മുന്നില്‍. പോണ്ടിങ് 220 കളി ജയിച്ചപ്പോള്‍ ധോണിയുടെ വിജയം 175 എണ്ണത്തിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.