ലൗഡര്‍ഹില്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യക്ക് 144 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 19.4 ഓവറില്‍ 143 റണ്‍സിന് ഓള്‍ഒൗട്ടാവുകയായിരുന്നു. ആദ്യ മത്സരത്തില്‍നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ ജോണ്‍സണ്‍ ചോള്‍സ് (43) മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നത്. സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം ടീമില്‍ ഇടംപിടിച്ച ലെഗ്സ്പിന്നര്‍ അമിത് മിശ്ര 12 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് പിഴുതപ്പോള്‍ രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും രണ്ടു വികറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിനാണ് ശേഷിക്കുന്ന വിക്കറ്റ്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കം ആവര്‍ത്തിക്കാന്‍ ആതിഥേയര്‍ക്കായില്ല. ഒരുവശത്ത് ചാള്‍സ് തകര്‍ത്തടിച്ചെങ്കിലും മറുവശത്ത് ആരും കാര്യമായ പിന്തുണ നല്‍കാനുണ്ടായില്ല. ആദ്യ കളിയിലെ സെഞ്ച്വറി വീരന്‍ എവിന്‍ ലൂയിസ് (ഏഴ്), സ്ഥാനക്കയറ്റം കിട്ടിയ മര്‍ലോണ്‍ സാമുവല്‍സ് (അഞ്ച്) എന്നിവര്‍ പെട്ടെന്ന് മടങ്ങി. ലെന്‍ഡല്‍ സിമ്മണ്‍സ് (19) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. അതിനിടെ തകര്‍ത്തടിച്ച് മുന്നേറിയിരുന്ന ചാള്‍സും മടങ്ങിയതോടെ വിന്‍ഡീസ് തളര്‍ന്നു. 25 പന്തില്‍ രണ്ടു സിക്സും അഞ്ചു ഫോറുമടിച്ച ചാള്‍സിനെ മിശ്രയാണ് മടക്കിയത്. ലൂയിസ് ഷമിക്ക് മുന്നില്‍ വീണപ്പോള്‍ സിമ്മണ്‍സിനെ അശ്വിനും സാമുവല്‍സിനെ ബുംറയും പറഞ്ഞയച്ചു. നാലിന് 76 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിന് കൂറ്റനടിക്കാരായ കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ആന്ദ്രെ ഫ്ളെച്ചര്‍ വരാനുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും കൂടുതല്‍ പിടിച്ചുനില്‍ക്കാനായില്ല. 13 റണ്‍സ് വീതമെടുത്ത പെള്ളാര്‍ഡിനെയും റസലിനെയും യഥാക്രമം അശ്വിനും ഭുവനേശ്വറും പുറത്താക്കി. ഡൈ്വന്‍ ബ്രാവോ മൂന്നു റണ്‍സുമായി മിശ്രക്ക് മുന്നില്‍ വീണശേഷം 10 പന്തില്‍ ഒരു സിക്സും രണ്ടു ബൗണ്ടറിയുമായി 18 റണ്‍സടിച്ച ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്വൈറ്റാണ് തരക്കേടില്ലാത്ത സ്കോറിലേക്ക് ടീമിനെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.