വന്മതിലാകാന്‍ മകന്‍ വരുന്നു

രാഹുല്‍ ദ്രാവിഡിന്‍െറ മകന്‍ സമിതിന് അണ്ടര്‍ 14 ക്ളബ് ക്രിക്കറ്റില്‍ സെഞ്ച്വറി
ബംഗളൂരു: അച്ഛന്‍ പട നയിച്ച അതേ വഴിയില്‍ ബാറ്റുമേന്തിയിറങ്ങിയ മകന് സെഞ്ച്വറി. മറ്റാര്‍ക്കുമല്ല, ഏറെക്കാലം വന്മതില്‍ കണക്കെ ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ കോട്ട കൊത്തളങ്ങള്‍ കാത്ത രാഹുല്‍ ദ്രാവിഡിന്‍െറ മകന്‍ സമിതാണ് അണ്ടര്‍ 14 ക്ളബ് ക്രിക്കറ്റില്‍ സെഞ്ച്വറിയോടെ തന്‍െറ പാരമ്പര്യം വിളിച്ചറിയിച്ചിരിക്കുന്നത്.  സമിതിന്‍െറ 125 റണ്‍സ് മികവില്‍ ടൈഗര്‍ കപ്പ് ടൂര്‍ണമെന്‍റില്‍ ബാംഗ്ളൂര്‍ യുനൈറ്റഡ് ക്രിക്കറ്റ് ക്ളബ് ഫ്രാങ്ക് ആന്‍റണി സ്കൂളിനെ 246 റണ്‍സിന് തോല്‍പിക്കുകയും ചെയ്തു.
സമിതിന്‍െറ സഹകളിക്കാരനായ ജി. പ്രത്യുഷ് 143 റണ്‍സെടുത്ത് മത്സരത്തില്‍ ടോപ് സ്കോററുമായി. അണ്ടര്‍ 12, 14 വിഭാഗങ്ങളിലായി 16 ടീമുകള്‍ 35 ദിവസങ്ങളില്‍ 117 മത്സരങ്ങള്‍ കളിക്കുന്ന ടൂര്‍ണമെന്‍റാണിത്.
ഇതാദ്യമല്ല ജൂനിയര്‍ ദ്രാവിഡ് തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന അണ്ടര്‍ 12 ഗോപാലന്‍ ക്രിക്കറ്റ് ചലഞ്ച് ടൂര്‍ണമെന്‍റില്‍ മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുത്തതും സമിതിനെയായിരുന്നു.
തന്‍െറ സ്കൂള്‍ ആയ മല്യ അതിഥി ഇന്‍റര്‍നാഷനലിനായി മൂന്ന് അര്‍ധ സെഞ്ച്വറിയോടെയാണ് സമിത് തിളങ്ങിയത്.  77 (നോട്ടൗട്ട്), 93, 77 എന്നിങ്ങനെയായിരുന്നു സ്കോര്‍.
മകന്‍െറ കളിയെക്കുറിച്ച് ദ്രാവിഡിനും മതിപ്പാണ്. അവന്‍െറ കണ്ണും കൈയും തമ്മിലുള്ള ചേരുംപടി ചേര്‍ച്ച മികച്ചതാണെന്നും നല്ല സ്ട്രോക് പ്ളേ പുറത്തെടുക്കാനുള്ള മികവുണ്ടെന്നും ദ്രാവിഡ് പറയുന്നു.
‘ഞാന്‍ അവനെ പരിശീലിപ്പിക്കാനൊന്നും പോയിട്ടില്ല. അവന്‍െറ വഴിയില്‍ കളിക്കാന്‍ വിടുകയായിരുന്നു. കളി ആസ്വദിക്കാനാണ് അവനോട് ഞാന്‍ പറഞ്ഞത്’ - ദ്രാവിഡ് മകനെ വിലയിരുത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.