173 റണ്‍സിന് ഇന്ത്യ പുറത്ത്; ദക്ഷിണാഫ്രിക്കക്ക് ലക്ഷ്യം 310 റണ്‍സ്

നാഗ്പുര്‍: വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ആ 22 വാര പിച്ചില്‍ ഒത്തൊരു വാരിക്കുഴി. ക്രിക്കറ്റ് പന്തിനെ കറക്കുവിദ്യയുടെ മാന്ത്രികതയില്‍ കുരുക്കിനിര്‍ത്തുന്ന ഭൂതത്തെ ഒളിപ്പിച്ച കുഴി. കടലില്‍നിന്ന് മുത്തുവാരുന്നതുപോലെ, കുഴിയിലേക്കിറങ്ങിയവര്‍ ഒരു ദിവസംകൊണ്ട് 20 വെണ്‍മുത്തുകളുമായി തിരിച്ചുകയറി. ആ സ്പിന്‍ഭൂതത്തിന് പ്രിയപ്പെട്ടവര്‍ക്ക് അവയില്‍ 16 എണ്ണം സ്വന്തമായി.

പിച്ചിലെ സ്പിന്‍കുഴിയുടെ സാധ്യത വിരല്‍ത്തുമ്പിലെ ഇന്ദ്രജാലത്തിനൊപ്പം ചേര്‍ത്ത ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും സ്പിന്നര്‍മാര്‍ അങ്ങനെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും നായകന്മാരായി. കുഴിയില്‍ വീണ് ഗുരുതര പരിക്കേറ്റത് ദക്ഷിണാഫ്രിക്കക്ക്. മേല്‍ക്കൈ ഇന്ത്യക്ക്. ആഴ്ചകള്‍ക്കുമുമ്പ് 50 ഓവര്‍ ഫോര്‍മാറ്റില്‍ 438 അടിച്ചുകൂട്ടിയവരുടെ ബാറ്റില്‍നിന്ന് വ്യാഴാഴ്ച മൂന്നാം ടെസ്റ്റിന്‍െറ ഒന്നാമിന്നിങ്സില്‍ പിറന്നത് 79 റണ്‍സ്. പിടിച്ചുനിന്നത് 33.1 ഓവര്‍. ബുധനാഴ്ചത്തെയുംകൂടി കണക്കെടുത്ത് വിശദമാക്കിയാല്‍ 127 മിനിറ്റ്. ആര്‍. അശ്വിനും രവീന്ദ്ര ജദേജയും അമിത് മിശ്രയും 10 ദക്ഷിണാഫ്രിക്കന്‍ തലകളും പങ്കിട്ടെടുത്തു. അശ്വിന്‍ അഞ്ചും ജദേജ നാലും. കൂട്ടത്തില്‍ മൂന്ന് ഓവറുകള്‍ എറിഞ്ഞ അമിതിന് ഒന്നും.

ദക്ഷിണാഫ്രിക്കന്‍ കൂട്ടത്തെ രണ്ടക്കത്തില്‍ തിരിച്ചുകയറ്റിയതിന്‍െറ ഗമയില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യന്‍താരങ്ങളെയും ഭൂതം വെറുതെവിട്ടില്ല. ദിവസത്തെ കളി മുഴുമിക്കാന്‍ അനുവദിക്കാതെ ഇംറാന്‍ താഹിറിന്‍െറ സ്പിന്‍ ആതിഥേയര്‍ക്ക് പണികൊടുത്തു. താഹിറിന്‍െറ അഞ്ചു വിക്കറ്റ് പ്രകടനത്തിനൊപ്പം മോണി മോര്‍ക്കലിന്‍െറ പേസും ഗുണംചെയ്തപ്പോള്‍ 173ല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന് തിരശ്ശീല വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞു. എന്നാല്‍, അപ്പോഴേക്കും നാഗ്പുരിലെ പിച്ചില്‍ ആവശ്യമായതില്‍ അധികം ലീഡ് ഇന്ത്യ സമ്പാദിച്ചിരുന്നു.

310 റണ്‍സിന്‍െറ ലക്ഷ്യം മുന്നില്‍കണ്ട് രണ്ടാം ദിനത്തില്‍ ശേഷിച്ച 14 ഓവറുകള്‍ കടന്നുകൂടാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വീണ്ടും പിഴച്ചു. സ്റ്റംപെടുക്കുമ്പോഴേക്കും ബോര്‍ഡിലത്തെിയത് 32 റണ്‍സ്, നഷ്ടമായത് രണ്ട് വിക്കറ്റും. ജയിക്കാന്‍ ഇനിയും വേണം 278 റണ്‍സ്.


രണ്ടിന് 11 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയെ കൂടുതല്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനനുവദിക്കാതെയാണ് അശ്വിന്‍ വേട്ട തുടര്‍ന്നത്. ഡീന്‍ എല്‍ഗറും (7) ഹാഷിം ആംലയും (1) രണ്ട് ഓവറുകള്‍ക്കകം അശ്വിന് മുന്നില്‍ വീണപ്പോള്‍ പര്യടനത്തില്‍ ഇതുവരെയും അപകടകാരിയായിരുന്ന എ.ബി ഡിവില്ലിയേഴ്സിനെ പൂജ്യനാക്കി മടക്കി ജദേജയും തുടങ്ങി. അഞ്ചിന് 12 റണ്‍സ് എന്ന അവിശ്വസനീയ നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. മുന്‍നിരയിലെ അഞ്ചു പേരും ഒറ്റയക്കത്തില്‍ മടങ്ങിയപ്പോള്‍ ഫാഫ് ഡുപ്ളെസിസും (10) ജെ.പി. ഡുമിനിയും (35) വാലറ്റത്തില്‍ സിമണ്‍ ഹാര്‍മറും (13) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്കോര്‍ 50ന് മുകളിലേക്കെങ്കിലും എത്തിച്ചത്. ഈ മൂന്നു പേരും മാത്രമാണ് രണ്ടക്കം കടന്നതും.
 
ഇന്ത്യയുടെ ബാറ്റിങ് ഏറ്റവും മികച്ച ഫോമിലുള്ള മുരളി വിജയിനെ (5) നഷ്ടപ്പെട്ടാണ് തുടങ്ങിയതെങ്കിലും ശിഖര്‍ ധവാനും ചേതേശ്വര്‍ പുജാരയും  പിടിച്ചുനിന്നതോടെ മെച്ചപ്പെട്ടു. പുജാര (31) പോയിട്ടും ശിഖറിന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില്‍ കൂട്ടു കിട്ടി. എന്നാല്‍, അധികം ഉയരാന്‍ വിടാതെ ശിഖറിനെ (39) താഹിര്‍ പറഞ്ഞുവിട്ടു. പിന്നാലെ കോഹ്ലിയും (16) രഹാനെയും (9) താഹിറിന്‍െറ പന്തില്‍ വീണതോടെ ഇന്ത്യയും തകര്‍ച്ചയുടെ വക്കിലായി. പിന്നീട് രോഹിത് ശര്‍മയും (23) ഏറ്റവുമൊടുവില്‍ അമിത് മിശ്രയും (14) അധ്വാനിച്ചാണ് സ്കോര്‍ 173ല്‍ എത്തിച്ചത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT