റണ്‍മഴകാത്ത് ആംലയുടെ ബാറ്റ്

മുംബൈ: ഏറ്റവും ഒടുവില്‍ 2010ല്‍ ഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്ക ദ്വിരാഷ്ട്ര പരമ്പരക്കായി വന്നപ്പോള്‍ തീതുപ്പുകയായിരുന്നു ഹാഷിം ആംലയുടെ ബാറ്റ്. മൂന്ന് ഇന്നിങ്സുകളിലായി 490 റണ്‍സ്. നാഗ്പുരില്‍ 253 റണ്‍സെന്ന ടോപ്സ്കോറും. ബാറ്റിങ് വിക്കറ്റുകളില്‍ അന്ന് ആംലക്ക് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ശരിക്കും വിയര്‍ത്തു. എന്നാല്‍, ഇത്തവണ ആംലയുടെ ഫോം ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നതാണ്.

ട്വന്‍റി20, ഏകദിന പരമ്പരകളില്‍ കൂട്ടുകാര്‍ തകര്‍പ്പന്‍ റണ്‍വാരലും ടീം ജയക്കുതിപ്പും നടത്തുന്നതിനിടയിലും ആംലയുടെ ബാറ്റ് നിശ്ശബ്ദമായിരുന്നു. എട്ടു മത്സരങ്ങളില്‍ ആ ബാറ്റിന് നേടാനായത് 128 റണ്‍സ്. ടെസ്റ്റ് ക്യാപ്റ്റന്‍െറ ഉത്തരവാദിത്തവുമായി വലിയ ഫോര്‍മാറ്റിലേക്കത്തെുമ്പോള്‍ ആംല ഫോമിലേക്കത്തെുന്നത് കാണാന്‍ കൊതിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം. എന്നാല്‍, ബോര്‍ഡ് പ്രസിഡന്‍റ് ഇലവനുമായി നടന്ന സന്നാഹമത്സരത്തില്‍നിന്ന് ലഭിച്ച സൂചന ആശാവഹമല്ല. 18 മിനിറ്റ് ക്രീസില്‍ തട്ടിമുട്ടിനിന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ നേടിയത് ആകെ ഒരു റണ്‍സാണ്.

ആംലയുടെ ഫോം തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കോച്ച് റസല്‍ ഡൊമിന്‍ഗോ  തന്നെ തുറന്നുസമ്മതിച്ചു.
ആംലയെപ്പോലൊരു വലിയ ബാറ്റ്സ്മാന്‍ പെട്ടെന്ന് ഫോമിലേക്ക് തിരിച്ചത്തെുമെന്നുതന്നെയാണ് കോച്ചിന്‍െറ വിശ്വാസം. ആംലക്ക് ഫോമിലേക്ക് തിരിച്ചുവരാന്‍ സാവകാശം നല്‍കുവാനെന്നോണം എ.ബി. ഡിവില്ലിയേഴ്സും മറ്റുള്ളവരും യഥേഷ്ടം റണ്‍സ് നേടുന്നത് ദക്ഷിണാഫ്രിക്കക്ക് രക്ഷയായുണ്ട്. 2015 ജനുവരിക്കുശേഷം ആദ്യമായാണ് ഡിവില്ലിയേഴ്സ് ടെസ്റ്റ് കളിക്കുന്നത്.

നവംബര്‍ അഞ്ചിന് മൊഹാലിയിലാണ്  നാലു ടെസ്റ്റുകളുടെ പരമ്പരക്ക് തുടക്കമാകുന്നത്. മൊഹാലിയിലത്തെിയ ഇരു ടീമും പരിശീലനത്തിന്‍െറ തിരക്കിലാണിപ്പോള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.