അബ്ദുറഹ്മാൻ സാംബ
ദോഹ: ടോക്യോവിൽ നടന്ന പുരുഷ വിഭാഗം 400 മീറ്റർ ഹർഡ്ൽസിൽ ഖത്തരി അത്ലറ്റുകളായ അബ്ദുറഹ്മാൻ സാംബ, ഇസ്മായിൽ അബാക്കർ എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോക ചാമ്പ്യൻഷിപ് ഫൈനലിൽ ഒന്നിലധികം ഖത്തരി അത്ലറ്റുകൾ പങ്കെടുക്കുന്നത്. സെമിഫൈനലിൽ ഒന്നാം ഹീറ്റ്സിൽ 47.63 സെക്കൻഡ് സമയം കൊണ്ട് ഒന്നാം സ്ഥാനം നേടിയാണ് മുൻ വെങ്കല മെഡൽ ജേതാവു കൂടിയായ അബ്ദുറഹ്മാൻ സാംബ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. നിലവിലെ ലോക റെക്കോഡ് സ്ഥാനക്കാരനായ നോർവേയുടെ കാർസ്റ്റൺ വാർഹോമിനെ മറികടന്നാണ് ഈ നേട്ടം.
രണ്ടാം ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തെത്തിയാണ് 21കാരനായ ഖത്തറിന്റെ ഇസ്മായിൽ അബാക്കർ ഫൈനലിൽ പ്രവേശിച്ചത്. 47.61 എന്ന ഏറ്റവും മികച്ച വ്യക്തിഗത സമയനേട്ടമാണ് സെമിയിൽ അബാക്കർ സ്വന്തമാക്കിയത്. നൈജീരിയയുടെ എസെക്ക്യൽ നതഥാനിയേലാണ് സെമിഫൈനലിലെ ഏറ്റവും മികച്ച സമയം കുറിച്ചത്. 47.47 സെക്കൻഡ് കൊണ്ട് അദ്ദേഹം ഫിനിഷ് ചെയ്തു.
ഹർഡ്ൽസിലെ മികച്ച താരങ്ങളായ അമേരിക്കയുടെ റായ് ബെഞ്ചമിൻ, ബ്രസീലിന്റെ അലിസൺ ഡോസ് സാന്റോസ് തുടങ്ങിയ നാല് മുൻ ലോക ചാമ്പ്യൻഷിപ് ജേതാക്കളോടൊപ്പമാണ്ണ് രണ്ട് ഖത്തരി അത്ലറ്റുകളും 400 മീറ്റർ ഫൈനലിൽ ഇത്തവണ മാറ്റുരക്കുന്നത്. 2019ൽ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ അബ്ദുറഹ്മാൻ സാംബ വെങ്കല മെഡൽ നേടിയിരുന്നു. ഇസ്മായിൽ അബാക്കറുടെ കന്നി ഫൈനലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.