സിംഗപ്പൂർ: പലവട്ടം സമ്മർദമുണ്ടായിട്ടും ജയത്തിനായി അവസാനം വരെ പോരാട്ടം കനപ്പിച്ചതിനൊടുവിൽ സമനിലക്ക് സമ്മതിച്ച് ഇന്ത്യയുടെ ഡി. ഗുകേഷ്. ലോക ചെസ് ചാമ്പ്യൻഷിപ് ആറാം റൗണ്ടിലാണ് കറുത്ത കരുക്കളുമായി കളിച്ച് 46 നീക്കത്തിനൊടുവിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ സമനില സമ്മതിച്ചത്. ചാമ്പ്യൻഷിപ്പിലെ നാലാം സമനിലയാണിത്. ഇതോടെ ഇരുവരും മൂന്ന് പോയന്റുമായി തുല്യത പാലിക്കുകയാണ്. 13 റൗണ്ടുകളടങ്ങിയ മത്സരം പകുതി പിന്നിടാനടുത്തെത്തിനിൽക്കെ ആദ്യമായി 7.5 പോയന്റ് നേടുന്നവരാകും അടുത്ത ലോക ചാമ്പ്യൻ.
ആദ്യ അങ്കം ജയിച്ച് ചൈനീസ് താരം ലിറെൻ ലീഡ് പിടിച്ചതിനൊടുവിൽ കടുത്ത പോരാട്ടവുമായി തിരിച്ചെത്തിയ 18കാരൻ മൂന്നാം റൗണ്ട് ജയിച്ച് ഒപ്പമെത്തിയതാണ്. പിന്നീട് മൂന്നു റൗണ്ടുകളും സമനിലയിൽ പിരിഞ്ഞു. സമീപകാലത്ത് മോശം ഫോമും കളിയിൽനിന്ന് വിട്ടുനിൽക്കലുമായി പഴിയേറെ കേട്ട ലിറെൻ ഓരോ കളിക്കു ശേഷവും കൂടുതൽ കരുത്തുകാട്ടുന്നത് ഇന്ത്യൻ താരത്തിന്റെ പ്രതീക്ഷകൾക്ക് കടുത്ത ഭീഷണിയാണ്.
ആറാം ഗെയിമിൽ വെളുത്ത കരുക്കളുമായി തുടങ്ങിയ 32കാരൻ ഇതുവരെയും കാണിച്ച തുടക്കത്തിലെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ഞായറാഴ്ച കരുക്കൾ നീക്കിയത്. സ്വന്തം ക്ലോക്കിൽ ഏഴു മിനിറ്റ് മാത്രമെടുത്ത് ആദ്യ 20 നീക്കങ്ങളും പൂർത്തിയാക്കിയത് ശരിക്കും സമ്മർദമായത് ഗുകേഷിനാണ്. 50 മിനിറ്റെടുത്താണ് ഇന്ത്യൻ താരം ഈ ഘട്ടം കടന്നത്. കരുക്കളിലേറെയും പരസ്പരം വെട്ടിമാറ്റിയായിരുന്നു ഇരുവരുടെയും നീക്കങ്ങൾ. എന്നാൽ, രണ്ടാം പകുതിയിൽ കളി മാറ്റിപ്പിടിച്ച ഗുകേഷിനു മേൽ സമനില സമ്മർദവുമായി ചൈനീസ് താരം ഇറങ്ങിയത് ശ്രദ്ധേയമായി. അപകടമൊഴിവാക്കാൻ സമനിലക്ക് സമ്മതിക്കുന്നതിന് പകരം കളി തുടരാനായിരുന്നു ഗുകേഷിന്റെ തീരുമാനം. എന്നാൽ, പ്രധാന കരുക്കളിലേറെയും കളത്തിന് പുറത്തായതിനാൽ വലിയ മുന്നേറ്റങ്ങൾക്ക് സാധ്യത കുറവായിരുന്നു. അതോടെ, കളി സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.