4x400 മീറ്റർ റിലേ ഇന്ത്യൻ ടീമിന്റെ ആഹ്ലാദം
ബുഡപെസ്റ്റ് (ഹംഗറി): പുരുഷന്മാരുടെ 4x400 മീറ്റർ റിലേ ഫൈനലിൽ മികച്ച പ്രകടനവുമായി അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ ടീമിൽ മലയാളി മേധാവിത്വം. കൊല്ലം സ്വദേശിയായ മുഹമ്മദ് അനസും പാലക്കാട്ടുകാരൻ മുഹമ്മദ് അജ്മലും ഡൽഹി മലയാളി അമോജ് ജേക്കബും തമിഴ്നാട്ടിൽ നിന്നുള്ള രാജേഷ് രമേഷുമാണ് ഇന്ത്യക്കായി ഓടിയത്.
രണ്ടു മിനിറ്റ് 59:92 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇവർ അഞ്ചാമതെത്തി. യു.എസ് സ്വർണവും (2:57.31) ഫ്രാൻസ് വെള്ളിയും (2:58.45) ബ്രിട്ടൻ (2:58.71) വെങ്കലവും നേടി.
ത്രില്ലടിപ്പിച്ച ഓട്ടത്തിന് ആദ്യ ലാപ്പിൽ അനസ് അടിത്തറയിട്ടു. ഇതിനിടെ ബ്രിട്ടനെ പിറകിലാക്കി യു.എസ് താരം ലീഡെടുത്തു. രണ്ടാം ലാപ്പിൽ അമോജ് ജേക്കബ് അവസാന സ്ഥാനക്കാരന് തൊട്ടുമുമ്പ് ഏഴാമതായി ബാറ്റൺ അജ്മലിന് കൈമാറി. ഡച്ച് താരത്തെ മറികടന്ന് കുതിച്ച അജ്മൽ ആറാമതായി രാജേഷിന് നൽകി.
തുടർന്ന് ഉജ്ജ്വല പ്രകടനത്തോടെ അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ ഫിനിഷ്. ഹീറ്റ്സിൽ ഏഷ്യൻ റെക്കോഡിട്ടാണ് (2:59.05) ഇന്ത്യൻ ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.