തേഞ്ഞിപ്പലം: 66-ാമത് സംസ്ഥാന സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ തുടക്കം. കനത്ത മഴക്കിടെ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്‍റെ ആദ്യദിനത്തിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. നാല് സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമടക്കം 95 പോയന്റാണ് പാലക്കാടിന്.
അഞ്ചു സ്വർണം, ആറു വെള്ളി, മൂന്നു വെങ്കലവും ഉൾപ്പെടെ 87 പോയന്റുമായി എറണാകുളം രണ്ടാമതും ഒരു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമായി 59 പോയന്റ് നേടിയ കോട്ടയം മൂന്നാമതുമാണ്. പുരുഷന്മാരിൽ എറണാകുളം -54, പാലക്കാട് -49, കോട്ടയം -28 എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. വനിത വിഭാഗത്തിൽ പാലക്കാട് -46, എറണാകുളം -33, കോട്ടയം -31 എന്നീ ജില്ലകളാണ് മുന്നിട്ടുനിൽക്കുന്നത്. മീറ്റിന്‍റെ ആദ്യദിനം നാലു റെക്കോഡുകൾ പിറന്നു.
ഇതേ സ്റ്റേഡിയത്തിൽ നടന്ന ഫെഡറേഷൻ കപ്പിൽ നേടിയ റെക്കോഡ് പ്രകടനം ലക്ഷ്യമിട്ട ലോങ് ജംപ് താരം നയന ജെയിംസ് നിരാശപ്പെടുത്തി. നയനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മീറ്റ് റെക്കോഡോടെ കണ്ണൂരിന്‍റെ എൽ. ശ്രുതിലക്ഷ്മിക്കാണ് സ്വർണം. ശ്രുതി 6.37 മീറ്റർ ചാടിയപ്പോൾ നയനക്ക് ബെസ്റ്റ് മീറ്റ് റെക്കോഡായ 6.33 മീറ്റർ ചാടാനേ സാധിച്ചുള്ളൂ. തിരുവനന്തപുരത്തിന്‍റെ ലക്ഷ്മി ബോസ് 2007ൽ നേടിയ 6.22 മീറ്ററാണ് ഇരുവരും മറികടന്നത്.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്‍റെ അപർണ റോയ് സ്വന്തം റെക്കോഡ് തിരുത്തി. 13.82 സെക്കൻഡാണ് പുതിയ സമയം. പുരുഷന്മാരുടെ 400 മീറ്ററിൽ ഇടുക്കിയുടെ രാഹുൽ ബേബിയാണ് പുതിയ നേട്ടത്തിനുടമ. 47.22 സെക്കൻഡിൽ ഓടിയെത്തിയ രാഹുൽ 2007ൽ തൃശൂരിന്‍റെ ബിബിൻ മാത്യു സ്ഥാപിച്ച റെക്കോഡാണ് തകർത്തത്. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ തൃശൂരിന്‍റെ അലക്സ് പി. തങ്കച്ചനും പുതിയ റെക്കോഡ് നേടി. 47.53 മീറ്ററാണ് പുതിയ റെക്കോഡ്. 1997ൽ ആലപ്പുഴയുടെ ബി. ലാൽ ബാബു നേടിയ 44.62 മീറ്ററായിരുന്നു നിലവിലെ റെക്കോഡ്.
സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വേഗതാരങ്ങളായി ടി. മിഥുനും എ.പി. ഷീൽഡയും. കേരള പൊലീസിൽ ഹവിൽദാറായ മിഥുൻ തൃശൂരിനുവേണ്ടിയും ഷീൽഡ തിരുവനന്തപുരത്തിനുവേണ്ടിയുമാണ് ട്രാക്കിലിറങ്ങിയത്. 10.64 സെക്കൻഡിൽ ഓടിയെത്തിയാണ് മിഥുൻ സ്വർണനേട്ടത്തിനുടമയായത്. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ മിഥുൻ അഖിലേന്ത്യ അന്തർസർവകലാശാല മീറ്റിൽ റിലേയിൽ സ്വർണം നേടിയ ടീമംഗമാണ്.
കൂടാതെ, ദേശീയ പൊലീസ് മീറ്റിൽ 100, 200 മീറ്ററിലും സ്വർണം നേടി. പെരുവള്ളൂർ ഇല്ലത്തുമാട് ടി. ഉണ്ണിയുടെയും ബിന്ദുവിന്റെയും മകനാണ്. വയനാടിന്റെ കെ.പി. അശ്വിൻ, പാലക്കാടിന്റെ എം. മനീഷ് എന്നിവരാണ് വെള്ളി, വെങ്കല മെഡൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.