വനിതകളുടെ കെ1500 മീറ്ററില്‍ വെള്ളി നേടിയ സര്‍വീസസിന്റെ മലയാളി താരം പാര്‍വതിയും 500 മീറ്റർ ഡബിള്‍സില്‍ സ്വർണം നേടിയ സര്‍വീസസിന്റെ മലയാളി താരം പ്രോഹിത് ബറോയിയും
ഡെറാഡൂൺ: 20 ദിവസത്തോളം ഉത്തരാഖണ്ഡിലെ വിവിധ വേദികളിൽ നടന്ന 38ാമത് ദേശീയ ഗെയിംസ് മത്സരങ്ങൾക്ക് പരിസമാപ്തി. കഴിഞ്ഞ തവണ ഗോവയിൽ മഹാരാഷ്ട്രയുടെ ആധിപത്യത്തിന് മുന്നിൽ ചാമ്പ്യൻഷിപ് നഷ്ടപ്പെട്ട സർവിസസ് ഇക്കുറി തിരിച്ചുപിടിച്ചതാണ് പ്രധാന സവിശേഷത. 67 സ്വർണവും 26 വെള്ളിയും 27 വെങ്കലവുമടക്കം 120 മെഡലുകളാണ് സൈനിക സംഘത്തിന്റെ സമ്പാദ്യം. ഗോവയിൽ അഞ്ചാമതായിരുന്ന കേരളം 14ാംസ്ഥാനത്തേക്ക് വീണു. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമായി 54 മെഡലുകളാണ് നേട്ടം. 2023ൽ കേരളത്തിന് 36 സ്വർണമടക്കം 87 മെഡലുകളുണ്ടായിരുന്നു. 19 സ്വർണവും സമ്മാനിച്ച കളരിപ്പയറ്റ് ഇക്കുറി മത്സര ഇനമല്ലായിരുന്നു.
അതേസമയം, രണ്ടാംസ്ഥാനത്തേക്ക് മാറിയ മഹാരാഷ്ട്ര (195) ആകെ മെഡൽ എണ്ണത്തിൽ ഒന്നാമതാണ്. 54 സ്വർണവും 70 വെള്ളിയും 72 വെങ്കലവുമാണ് ഇവർക്കുള്ളത്. മൂന്നാംസ്ഥനക്കാരായ ഹരിയാനയും (150) ആകെ മെഡൽ എണ്ണം നോക്കുമ്പോൾ സർവിസസിനേക്കാൾ മുന്നിലാണ്. സ്വർണ മെഡലുകൾ കൂടിയതിന്റെ ആനുകൂല്യത്തിലാണ് സർവിസസ് ചാമ്പ്യന്മാരായത്. 39ാമത് ദേശീയ ഗെയിംസ് 2027ൽ മേഘാലയയിൽ നടക്കും.
ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് ഹൽദ്വാനിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ, സംസ്ഥാന കായിക മന്ത്രി രേഖ ആര്യ തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 28നായിരുന്നു ഔദ്യോഗിക ഉദ്ഘാടനം. 26ന് മത്സരങ്ങൾ തുടങ്ങിയിരുന്നു.
ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്നതിന്റെ രജത ജൂബിലി ആഘോഷം കൂടിയായിരുന്നു ദേശീയ ഗെയിംസ്. ഗ്രീൻ ഗെയിംസ് എന്നായിരുന്നു മുദ്രാവാക്യം. താരങ്ങൾ നേടുന്ന ഓരോ മെഡലിനും ഓരോ മരം നടാനും തീരുമാനിച്ചു. ഇതുപ്രകാരം 1600 മരങ്ങളാണ് കമ്മിറ്റി ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ നടുന്നത്. ആദ്യ മരം നടൽ ഇന്നലെ റായ്പൂരിലെ മഹാറാണ പ്രതാപ് സ്പോട്സ് കോംപ്ലക്സ് കാംപസിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയും ചേർന്ന് നിർവഹിച്ചു.
ഡെറാഡൂൺ: ദേശീയ ഗെയിംസ് മത്സരങ്ങളുടെ അവസാനദിനം കേരളത്തിന് ലഭിച്ചത് ഒരു വെങ്കലം മാത്രം. കനോയിങ്-കയാകിങ് വനിതകളുടെ കെ ഫോർ 500 മീറ്ററില്‍ 1.49.197 മിനിറ്റിൽ ഫിനിഷ് ചെയ്ത് കേരള ടീം മൂന്നാംസ്ഥാനത്തെത്തി. ട്രീസ ജേക്കബ്, ആന്‍ഡ്രിയ പൗലോസ്, അലീവ ബിജു, അന്ന എലിസബത്ത് എന്നവരായിരുന്നു ടീമിൽ. ഒഡിഷ സ്വർണവും മധ്യപ്രദേശ് വെള്ളിയും നേടി. ഗോവ ദേശീയ ഗെയിംസില്‍ കേരളം കനോയിങ്-കയാകിങ്ങിൽ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടിയിരുന്നു. എന്നാല്‍ ഇക്കുറി ഒറ്റ വെങ്കലത്തിലൊതുങ്ങി.
ഫെന്‍സിങ്ങിൽ കേരളം വനിതാ വിഭാഗം ഗ്രൂപ്പ് ഇപ്പീ ഇനത്തില്‍ മത്സരിച്ചെങ്കിലും മെഡലൊന്നും നേടാന്‍ സാധിച്ചില്ല. ദേശീയ ഗെയിംസില്‍ ഒരു വെങ്കലമെഡല്‍ മാത്രം നേടി ഫെന്‍സിങ് ടീം മടങ്ങി. ഗോവ ദേശീയ ഗെയിംസില്‍ മൂന്ന് വെള്ളിയും ഒരു വെങ്കലവുമുണ്ടായിരുന്നു. ജിംനാസ്റ്റിക്സില്‍ കേരളത്തിന്റെ അവസാന പ്രതീക്ഷയായിരുന്നു അമാനി ദില്‍ഷാദിന് നാലാം സ്ഥാനത്തായി. 10.733 പോയന്റാണ് അമാനി നേടിയത്.
കനോയിങ്-കയാക്കിങ്ങിൽ സർവിസസിന് ഇന്നലെ സ്വർണവും വെള്ളിയും സമ്മാനിച്ച് മലയാളി താരങ്ങൾ. പുരുഷന്മാരുടെ 500 മീറ്റർ ഡബ്ൾസിൽ സ്വർണം നേടിയ സംഘത്തിലെ പ്രോഹിത് ബറോയി ആലപ്പുഴ സ്വദേശിയാണ്. വനിത 500 മീറ്റർ സിംഗ്ൾസിൽ ആലപ്പുഴക്കാരി തന്നെയായ പാർവതി വെള്ളി നേടി. 2022ൽ ഗുജറാത്തിലും 2023ൽ ഗോവയിലും കേരളത്തിനായി മത്സരിച്ച് മെഡലുകൾ സ്വന്തമാക്കിയ താരമാണ് പാർവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.