സീനിയർ ബോയ്സ് 400 മീറ്ററിൽ കോഴിക്കോട് മോഡൽ എച്ച്.എസ്.എസിലെ എൻ. ആദിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കോഴിക്കോട്: ആദ്യ ദിനം ഒന്ന് പകച്ചെങ്കിലും മെഡൽവേട്ടയുടെ ട്രാക്കിലേക്ക് തിരിച്ചെത്തിയ മുക്കം സബ് ജില്ല, റവന്യൂ സ്കൂൾ കായികോത്സവത്തിന്റെ രണ്ടാം ദിനം പിടിമുറുക്കി. 14 സ്വർണവും 17 വെള്ളിയും എട്ട് വെങ്കലവുമായി 142 പോയന്റോടെയാണ് മുക്കം മുന്നിലെത്തിയത്. ആദ്യ ദിനം മുന്നിലായിരുന്ന പേരാമ്പ്ര 10 സ്വർണവും ഒമ്പത് വെള്ളിയും 10 വെങ്കലവുമായി രണ്ടാമതായി. ഒമ്പത് സ്വർണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമായി ബാലുശ്ശേരി മൂന്നാം സ്ഥാനത്ത് തുടരുന്നു.
ആദ്യ ദിനം മുന്നിലായിരുന്ന കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസിനെ പിന്തള്ളി മുന്നിൽ കടന്ന പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസിന്റെ കരുത്തിലാണ് മുക്കം സബ് ജില്ല മുന്നിൽ കടന്നത്. ആദ്യദിനം രണ്ട് സ്വർണം മാത്രമായി നാലാം സ്ഥാനത്തായിരുന്ന പുല്ലൂരാംപാറ രണ്ടാം ദിനം ആറ് സ്വർണമണിഞ്ഞ് മൊത്തം എട്ട് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 65 പോയന്റോടെയാണ് ഒന്നാമതെത്തിയത്.
എട്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമായി 53 പോയന്റുള്ള എ.എം.എച്ച്.എസ് പൂവമ്പായി രണ്ടാം സ്ഥാനത്തും ആറ് സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമണിഞ്ഞ് സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയൽ മൂന്നാമതുമാണ്.
ജൂനിയർ ഗേൾസ് 400 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കെ.എൽ. ജസ്നി, എലിസബത്ത് സിബി, സിംഹാദ്രി ശ്രാവണി
ആദ്യ ദിനത്തിൽനിന്ന് വ്യത്യസ്തമായി മഴഭീഷണിയില്ലാതെ തെളിഞ്ഞ ആകാശത്തിനു കീഴിലായിരുന്നു രണ്ടാം ദിനം മത്സരങ്ങൾ അരങ്ങേറിയത്. ആദ്യദിനം മഴ അപഹരിച്ച എട്ട് ഫൈനൽ മത്സരങ്ങളും വെള്ളിയാഴ്ച നടന്നു. ജില്ലയിലെ അതിവേഗക്കാരെ കണ്ടെത്തുന്ന സ്പ്രിന്റ് ഇനങ്ങളുടെ മത്സരം സമാപന ദിവസമായ ശനിയാഴ്ച നടക്കും.
46 ഇനങ്ങളുടെ ഫൈനലാണ് സമാപന ദിവസം നടക്കുക. മേള ശനിയാഴ്ച സമാപിക്കും. സമാപന പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനംചെയ്യും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ വിജയികൾക്ക് േട്രാഫികൾ സമ്മാനിക്കും.
കോഴിക്കോട്: മത്സരത്തിനിടെ ഹാമറിലെ ഷോട്ട് പൊട്ടിവീണ് പരിക്കേറ്റിട്ടും ആർദ്ര വിട്ടുകൊടുത്തില്ല. സ്വർണം എറിഞ്ഞുതന്നെ പിടിച്ചു. ജൂനിയർ ഗേൾസ് ഹാമർ ത്രോയിൽ 21 പേർ എറിഞ്ഞുകഴിഞ്ഞാണ് മുക്കം എം.എം.ഒ വി.എച്ച്.എസ്.എസിലെ ആർദ്ര എറിയാൻ എത്തിയത്.
ആയം എടുത്ത് എറിയാൻ ആഞ്ഞപ്പോൾ ഹാമറിൽ നിന്ന് ഷോട്ട് പൊട്ടി തെറിച്ചുപോയി. ഭാഗ്യത്തിന് ആൾക്കൂട്ടത്തിനിടയിലേക്ക് വീഴാതെ രക്ഷപ്പെട്ടു. പക്ഷേ, പിന്നിലേക്ക് വീണു പോയ ആർദ്രക്ക് കാൽമുട്ടിന് പരിക്കേറ്റു.
പകരം ഹാമർ എത്തിക്കാൻ അരമണിക്കൂറിലേറെ സമയമെടുത്തു. ഒടുവിൽ ഹാമർ കൊണ്ടുവന്നപ്പോൾ അളക്കാൻ പോന്ന ടേപ്പില്ല. ഹാമർ ത്രോക്ക് ഇടവേള വന്നപ്പോൾ മീറ്റർ ടേപ്പുംകൊണ്ട് ജാവലിൻ ത്രോക്കാർ പോയി. അവസാനം ആർദ്രയുടെ ബാഗിലുണ്ടായിരുന്ന ടേപ് എടുത്താണ് മത്സരം പൂർത്തിയാക്കിയത്.
ഹാമർ പൊട്ടിവീണെങ്കിലും പരിക്ക് വകവെക്കാതെ 36.52 മീറ്റർ എറിഞ്ഞ ആർദ്ര മത്സരത്തിൽ പൊട്ടിയില്ല. സ്വർണം തന്നെ സ്വന്തമാക്കി. ആർദ്രയുടെ കൂട്ടുകാരിയും ഇതേ സ്കൂളിലെ വിദ്യാർഥിയുമായ സി.എം. ഹംനക്കാണ് വെള്ളി. മുക്കം വല്ലത്തായ്പാറ കണിച്ചിമ്മൽ മജീഷ്യനായ രമേശ് കെ.ആറിന്റെയും രമ്യയുടെയും മകളാണ് ആർദ്ര.
കഴിഞ്ഞ വർഷവും ഹാമറിലും ഡിസ്കസിലും സ്വർണം ആർദ്രക്കായിരുന്നു. ഇത്തവണ ഷോട്ട് പുട്ടിലും ഡിസ്കസിലും വെള്ളിയും കിട്ടിയിട്ടുണ്ട്.
കോഴിക്കോട്: പൊടിപാറുന്ന മത്സരത്തിനിടയിൽ അൽപം മധുരം.കായികമേളയുടെ ഭാഗമായി മായനാട് യു.പി സ്കൂളിൽ ഒരുക്കിയ ഭക്ഷണപ്പന്തലിലാണ് കോഴിക്കോടൻ ഹൽവകൊണ്ട് സംഘാടകർ മധുരം വിളമ്പിയത്. പല നിറത്തിലും രുചിയിലുമുള്ള ‘ഹൽവത്തക്കാരം’ മെഡിക്കൽ കോളജ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ലാൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് റവന്യൂ ജില്ല കായിക മേള നടക്കുന്ന മെഡിക്കൽ കോളജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഗൈഡ്സ് കുട്ടികൾ ഹൽവ വിതണം ചെയ്യാൻ എത്തിയപ്പോൾ
പിന്നീട് ഗ്രൗണ്ടിലും മധുരം വിളമ്പി. ഗ്രൗണ്ടിലെത്തിയ മേയർ ബീന ഫിലിപ് കുട്ടികൾക്ക് ഹൽവ വിതരണം ചെയ്തു. മായനാട് എ.യു.പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും അടങ്ങുന്ന ജനകീയ കമ്മിറ്റിയാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നത്. ദിവസേന രണ്ടായിരത്തിലേറെ പേർക്ക് ഭക്ഷണമൊരുക്കുന്നുണ്ട്.
കോഴിക്കോട്: ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ മൂന്നു മെഡലുകളും കരസ്ഥമാക്കിയത് കോഴിക്കോട് ജില്ലക്ക് പുറത്തുള്ളവർ. സ്വർണമണിഞ്ഞത് കാസർകോട് പാണത്തൂർ മലക്കൽ കണ്ടോത്ത് വീട്ടിൽ ലിബി ഫിലിപ്പിന്റെയും പ്രിയ ലിബിയുടെയും മകൾ കെ.എൽ. ജസ്നി. വെള്ളിയണിഞ്ഞത് വയനാട് മാനന്തവാടി കൈതക്കൽ സ്വദേശി എലിസബത്ത് സിബി. വെങ്കലം നേടിയതാകട്ടെ ആന്ധ്രയിലെ വിജയനഗർ സ്വദേശി സിംഹാദ്രി ശ്രാവണി.
ഉഷ സ്കൂളിൽ പരിശീലിക്കുന്ന ഈ മൂന്ന് ‘വിദേശി’കളാണ് കോഴിക്കോടിന്റെ അഭിമാനമായത്. പൂവമ്പായി എ.എം.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജസ്നി. ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസിലാണ് എലിസബത്ത് സിബി പഠിക്കുന്നത്. സിംഹാദ്രി ശ്രാവണിയും പൂവമ്പായി സ്കൂളിൽ പത്തിൽ പഠിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മൂവരും മെഡലണിഞ്ഞത്.
കോഴിക്കോട്: സായിയുടെ കരുത്തിൽ കോഴിക്കോട് സിറ്റി ഉപജില്ലക്കൊരു സ്വർണം. അതും ആറ്റിങ്ങൽ സ്വദേശിയായ ആദിലിന്റെ കാലുകളിൽനിന്ന്. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടിയത് മാനാഞ്ചിറ ഗവ. മോഡൽ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ ആദിലാണ്.
മൂന്നു വർഷമായി നഗരത്തിലെ സായി സെന്ററിൽ പരിശീലിക്കുന്ന ആദിലിനായിരുന്നു കഴിഞ്ഞ വർഷവും ഈ ഇനത്തിൽ സ്വർണം. സംസ്ഥാന കായികമേളയിൽ നാലാം സ്ഥാനത്തായിരുന്നു ആദിൽ. ആറ്റിങ്ങൽ നദീറ മൻസിൽ നൗഷാദ് വി. ബഷീറിന്റെയും സബ്നയുടെയും മകനാണ്.
കോഴിക്കോട്: ഈ മാസം 16ന് കുന്ദംകുളത്ത് സംസ്ഥാന സ്കൂൾ കായികോത്സവം അരങ്ങേറുമ്പോൾ ഡിസ്കസ് ത്രോ വിഭാഗത്തിൽ കോഴിക്കോടിനുവേണ്ടി എറിയുക കശ്മീരിൽനിന്നെത്തിയ കരുത്തായിരിക്കും. മെഡിക്കൽ കോളജ് മൈതാനത്തെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഡിസ്കസ് ത്രോ സ്വർണമണിഞ്ഞത് കാരന്തൂർ മർകസ് എച്ച്.എസ്.എസിലെ കശ്മീരിയായ മുഹമ്മദ് സാകിബാണ്.
കശ്മീരിലെ പൂഞ്ച് സ്വദേശിയായ സാകിബ് 25.13 മീറ്റർ ദൂരമെറിഞ്ഞാണ് സ്വർണപ്പതക്കമണിഞ്ഞത്. മർകസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സാകിബ് എട്ടാം ക്ലാസ് മുതലാണ് ഇവിടെ പഠിക്കാനെത്തിയത്. നാട്ടിൽ ക്രിക്കറ്റും ഫുട്ബാളുമൊക്കെ കളിച്ചിരുന്ന സാകിബിന് ഡിസ്കസ് വഴങ്ങുമെന്ന് കാണിച്ചുകൊടുത്തത് അൻവർ സാദിക് എന്ന കായികാധ്യാപകനാണ്. കശ്മീരിന്റെ മലമടക്കുകൾ കടന്ന് കോഴിക്കോട്ടെത്തിയിട്ട് രണ്ടു വർഷമാകുന്നു. പിതാവ് ഷഹ്സാദ് ഖുമാ വൈദ്യുതി വകുപ്പിലെ ജീവനക്കാരനാണ്. മാതാവ് ഗുൽഷൻ ബാനു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.