പ്രൈം വോളി: മുംബൈ മീറ്റിയേസിനെതിരെ കാലിക്കറ്റ് ഹീറോസിന് ജയം

ബംഗളൂരു: അടിമുടി ആവേശം കത്തിക്കയറിയ പ്രൈം വോളി ലീഗ് രണ്ടാം മത്സരത്തിൽ മുംബൈ മീറ്റിയേസിനെതിരെ കാലിക്കറ്റ് ഹീറോസിന് ജയം. ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ മുംബൈയെ ഒന്നിനെതിരെ നാല് സെറ്റുകൾക്കാണ് കാലിക്കറ്റ് തകർത്തത്. ക്യാപ്റ്റൻ മാറ്റ് ഹില്ലിങ്ങും ക്യൂബൻ താരം ജൊസെ സാൻഡോവലും മുൻ ഇന്ത്യൻ നായകൻ വിനീത് ജെറോമും തകർത്തുകളിച്ച മത്സരത്തിൽ സെറ്റർ ഉഗ്രപാണ്ഡ്യനും കൗണ്ടർ അറ്റാക്കർ അശ്വിൻരാജും അവസരത്തിനൊത്ത് ഉയർന്നപ്പോൾ ഹീറോസിന് വിലപ്പെട്ട രണ്ട് പോയന്റ് ലഭിച്ചു. സ്കോർ: 10-15, 15-9, 15-8, 15-14, 15-11.

ലീഗിലെ കന്നിക്കാരായ മുംബൈ, കാലിക്കറ്റിനെ വിറപ്പിച്ചുകൊണ്ടാണ് കളി തുടങ്ങിയത്. തുടക്കത്തിലെ ലീഡുമായി മുന്നേറിയ മുംബൈ മലയാളി താരം അനു ജയിംസിന്റെ അറ്റാക്കിങ്ങിലൂടെ ഗെയിംപോയന്റ് നേടി ഒന്നാം സെറ്റ് വരുതിയിലാക്കുമ്പോൾ സ്കോർ 15-10. എന്നാൽ, രണ്ടാംസെറ്റിൽ കളി മാറി.

ആദ്യ സെറ്റിലെ വീഴ്ചകൾക്ക് പരിഹാരക്രിയയുമായി ഹീറോസ് താരങ്ങൾ കളം നിറഞ്ഞപ്പോൾ തകർപ്പൻ തിരിച്ചുവരവിന് ഗാലറി സാക്ഷ്യം വഹിച്ചു. സാൻഡോവലും മാറ്റും മികച്ച പ്ലേസിങ് പുറത്തെടുത്തപ്പോൾ കാലിക്കറ്റ് പോയന്റുമായി മുന്നേറി. എന്നാൽ, അനുജയിംസിന്റെ പ്രകടനത്തിൽ മുംബൈ തിരിച്ചുവന്നു. ഒരുവേള സ്കോർ 7-7ലെത്തി. മുംബൈയുടെ പിഴവിൽനിന്ന് ഒരു പോയന്റ് നേടിയ ഹീറോസിനായി സാൻഡോവൽ ഉഗ്രൻ സ്മാഷ് തൊടുത്തപ്പോൾ സ്കോർ 9-7. ഒത്തിണക്കത്തോടെ കളിച്ച ടീം ഷഫീഖ് റഹ്മാന്റെ സെർവുകളിൽ പോയന്റുകൾ വാരി സ്കോർ 12-7ലെത്തിച്ചു. അശ്വിൻരാജിന്റെ ബ്ലോക്കിൽ ഒരു പോയന്റുകൂടി ലഭിച്ചു, (13-7). ഒരു പോയന്റ് നഷ്ടപ്പെടുത്തിയശേഷം സാൻഡോസിന്റെ പ്രഹരത്തിൽ അവസാന പോയന്റിലേക്കടുത്ത കാലിക്കറ്റിന് തുണയായി മുംബൈയുടെ ഹിരോഷിയുടെ സെർവ് പിഴച്ചു. രണ്ടാം സെറ്റ് 15-9ന് കാലിക്കറ്റിന്.

മൂന്നാം സെറ്റിൽ എതിരാളികൾക്കുമേൽ മാനസികാധിപത്യം സ്ഥാപിച്ച ഹീറോസ് ആദ്യ പോയന്റ് നേടി. കൊണ്ടും കൊടുത്തുമുള്ള കളി ബ്രേക്കിന് പിരിയുമ്പോൾ സ്കോർ 8-4. കാലിക്കറ്റ് ലീഡിലേക്കെന്ന് തോന്നിച്ചിടത്തുനിന്ന് തുടരെ വരുത്തിയ പിഴവുകൾ വിനയായി. മുംബൈ കളിയിലേക്ക് തിരിച്ചുവന്നു. സ്കോർ 11-8 ൽനിൽക്കെ സാൻഡോവും മാറ്റും ചേർന്ന് നടത്തിയ ബ്ലോക്കിൽ സ്കോർ 12-8. അടുത്ത ഗെയിമിൽ സാൻഡോവലിന്റെ മാജിക്കൽ ബ്ലോക്കുകൂടി പിറന്നതോടെ 14-8. അവസാന പോയന്റിനായി മാറ്റും സാമുവലും കെട്ടിയ കോട്ടയിൽ മുംബൈ വീണു; സ്കോർ 15-8.

നിർണായകമായ നാലാം സെറ്റിൽ തുടക്കത്തിൽ കാലിക്കറ്റിന് അനായാസ കുതിപ്പ്. ബ്രേക്കിന് പിരിയുമ്പോൾ 8-4 ആയിരുന്നു സ്കോർ. ഊർജം സമാഹരിച്ച് തിരിച്ചെത്തിയ മുംബൈ തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. സ്കോർ 10-8 ആയി. എന്നാൽ, ഉഗ്രപാണ്ഡ്യന്റെ കിടിലൻ സ്മാഷിൽ കാലിക്കറ്റ് വീണ്ടും ഉണർന്നു. സ്കോർ 11-8. കാലിക്കറ്റും മുംബൈയും ഓരോ സർവ് നഷ്ടപ്പെടുത്തിയപ്പോൾ 12-9. എന്നാൽ, സൂപ്പർ പോയന്റുമായി മുംബൈ 12-12 എന്ന സ്കോർ പിടിച്ചു.

മുംബൈയെ കബളിപ്പിച്ച സാൻഡോവലിന്റെ പ്ലേസിങ്ങിൽ 13-12. മുംബൈ സമനില പിടിച്ച് സ്കോർ 13-13 ആക്കി. അശ്വിൻ വീണ്ടും ഹീറോ ആയപ്പോൾ സ്മാഷ് മുംബൈ കളത്തിൽ. 14-13. സെറ്റ് ഒരു പോയന്റകലെ നിൽക്കെ ഹർദീപ് സിങ്ങിന്റെ ഉഗ്രൻ അറ്റാക്കിൽ മുംബൈ ഒപ്പത്തിനൊപ്പം. 14-14. ഒടുവിൽ ഉഗ്രപാണ്ഡ്യന്റെ പ്ലേസിങ്ങിൽ മുംബൈ നിസ്സഹായരായി. നാലാം സെറ്റും ഗെയിമും കാലിക്കറ്റിന്. അഞ്ചാം സെറ്റിലും ഹീറോസ് ജയം തുടർന്നപ്പോൾ ഒരു സെറ്റ് ജയിച്ച മുംബൈക്ക് ഒരു ബോണസ് പോയന്റ് ലഭിച്ചു.

Tags:    
News Summary - Prime Volley: Calicut Heroes win against Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.