ലൈംഗിക ചൂഷണ പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്; ബ്രിജ് ഭൂഷനെതിരെ വീണ്ടും സമരവുമായി ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നൽകിയിട്ടും എഫ്.ഐ.ആര്‍ ഇടാനോ കേസെടുക്കാനാ തയാറാവാത്ത പൊലീസ് നടപടിക്കെതിരെ ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായി വീണ്ടും ജന്ദര്‍ മന്തറിൽ. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ലൈംഗിക ചൂഷണം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുമ്പ് പാര്‍ലമെന്‍റ് സ്ട്രീറ്റിലെ താന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്.

മൂന്ന് മാസം മുമ്പും ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ജന്ദര്‍ മന്തിറില്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് ലൈംഗിക ചൂഷണ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം സമിതിയെ നിയോഗിച്ചു. എം.സി. മേരി കോമായിരുന്നു ഇതിന്റെ അധ്യക്ഷ. എന്നാല്‍, സമിതി രൂപവത്കരിച്ചതിനപ്പുറം ഒന്നുമുണ്ടായിട്ടില്ലെന്ന് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ ബജ്‌റംഗ് പുനിയ ആരോപിച്ചു. കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സാക്ഷി മാലികും ആവശ്യപ്പെട്ടു. മൂന്ന് മാസമായി വലിയ മാനസിക പീഡനം നേരിടുന്നുവെന്ന് വിനേഷ് ഫോഗട്ടും പറഞ്ഞു. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസിന് നോട്ടീസയച്ചിട്ടുണ്ട്.

Tags:    
News Summary - Police not taking action on sexual harassment complaint; Wrestlers strike again against Brij Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.