ലണ്ടൻ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഒളിമ്പിക്‌സ് ഇതിഹാസം മുഹമ്മദ് ഫറ. തന്നെ ഒമ്പതാം വയസ്സിൽ ജിബൂട്ടിയിൽനിന്ന് ബ്രിട്ടനിലേക്ക് അനധികൃതമായി കടത്തിയതാണെന്നും തന്റെ യഥാർഥ പേര് ഹുസൈൻ അബ്ദി കഹിൻ എന്നാണെന്നും 39കാരാനായ ഫറ ബി.ബി.സി തയാറാക്കിയ "ദി റിയൽ മൊ ഫറ" എന്ന ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തി. ഡോക്യുമെന്ററി ബുധനാഴ്ച പുറത്തുവരും.
''എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ തന്നെ മുഹമ്മദ് ഫറ എന്ന പേര് നൽകി ബ്രിട്ടനിലെത്തിച്ചത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയാണ്. ബന്ധുവിന്റെ എല്ലാ കോൺടാക്റ്റ് വിശദാംശങ്ങളും കൈയിലുണ്ടായിരുന്നു. ഞങ്ങൾ അവരുടെ വീട്ടിലെത്തിയപ്പോൾ, എന്നിൽനിന്ന് അത് വാങ്ങി വലിച്ചുകീറി മാലിന്യക്കുട്ടയിലിട്ടു. ഞാൻ കുഴപ്പത്തിലാണെന്ന് ആ നിമിഷമാണ് മനസ്സിലാക്കിയത്. കുടുംബത്തെ വീണ്ടും കാണണമെന്ന് പറയാൻ പോലും പാടില്ലായിരുന്നു. തുടർന്ന് മറ്റൊരു കുടുംബത്തിന്റെ കുട്ടികളെ നോക്കാൻ പ്രേരിപ്പിച്ചു. പലപ്പോഴും കുളിമുറിയിൽ ഇരുന്ന് കരയുമായിരുന്നു'' അദ്ദേഹം പറയുന്നു.
ലണ്ടൻ 2012, റിയോ 2016 ഒളിമ്പിക്‌സുകളിൽ 5,000 മീറ്ററിലും 10,000 മീറ്ററിലും സ്വർണം നേടിയ ഫറ, മാതാപിതാക്കളോടൊപ്പം സോമാലിയയിൽനിന്ന് അഭയാർഥിയായി യു.കെയിൽ എത്തിയതാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തന്റെ മാതാപിതാക്കൾ യു.കെയിൽ വന്നിട്ടില്ലെന്നാണ് 39കാരൻ ഇപ്പോൾ വെളിപ്പെടുത്തിയത്.
''നാല് വയസ്സുള്ളപ്പോൾ സോമാലിയയിൽ ആഭ്യന്തര കലാപത്തിൽ പിതാവ് കൊല്ലപ്പെട്ടു. അമ്മയും രണ്ട് സഹോദരന്മാരും വേർപിരിഞ്ഞ സംസ്ഥാനമായ സോമാലിലാൻഡിൽ താമസിക്കുന്നു. നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല ഞാൻ എന്നതാണ് സത്യം, മിക്ക ആളുകൾക്കും എന്നെ അറിയുന്നത് മൊ ഫറാ എന്നാണ്, പക്ഷേ ഇത് എന്റെ പേരല്ല അല്ലെങ്കിൽ അത് യാഥാർഥ്യമല്ല" ഫറ പറയുന്നു. ഭൂതകാലത്തെക്കുറിച്ച് പറയാൻ തന്റെ കുട്ടികളാണ് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ അലൻ വാട്ട്കിൻസണോട് ഫറ ഒടുവിൽ സത്യം പറയുകയും അദ്ദേഹം പ്രാദേശിക അധികാരികളെ അറിയിക്കുകയുമായിരുന്നു. ഫറയുടെ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചതും വാട്കിൻസണാണ്, അത് നീണ്ട പ്രക്രിയയായിരുന്നെന്നും അത്‌ലറ്റിക്‌സാണ് തന്നെ രക്ഷപ്പെടാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2000ത്തിലാണ് ഫറക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.