ഒളിമ്പിക്സും ലോക ചാമ്പ്യൻഷിപ്പും മുതൽ കോമൺവെൽത്തും ഏഷ്യൻ ഗെയിംസും ഉൾപ്പെടെ പോരാട്ടങ്ങളിൽ പൊന്നണിഞ്ഞപ്പോഴെല്ലാം പിടിതരാതെ അകന്നുനിന്ന 90 മീറ്റർ എന്ന മാന്ത്രിക ദൂരം ഒടുവിൽ നീരജ് ചോപ്രയുടെ ജാവലിൻ കീഴടക്കി. ടോക്യോ ഒളിമ്പിക്സിലെ സ്വർണനേട്ടത്തിനു പിന്നാലെ നീരജ് ഏറ്റവും കൂടുതൽ എതിരിട്ട ചോദ്യവും ആ 90 മീറ്റർ കടമ്പയായിരുന്നു. ദോഹ ഡയമണ്ട് ലീഗിൽ മത്സരിക്കാനെത്തിയ കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പ്രീമാച്ച് വാർത്തസമ്മേളനത്തിലും അതാവർത്തിച്ചു. ഒടുവിൽ, എല്ലാ ചോദ്യങ്ങൾക്കും ഖത്തർ സ്പോർട്സ് ക്ലബ് വേദിയിലെ മൈതാനത്ത് ഒരൊറ്റ ഏറിൽ നീരജ് മറുപടി നൽകി.
ഇന്ത്യൻ അത്ലറ്റിക്സിലെ ഇതിഹാസമായ നീരജിന്റെ 90.23 മീറ്റർ എന്ന ചരിത്രത്തിലേക്കുള്ള ബിഗ് ത്രോക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം ദോഹക്കായിരുന്നു. വിദേശങ്ങളിൽ ഏറെ ഇഷ്ടമുള്ള മത്സരവേദിയെന്ന് 27കാരൻ പലകുറി വെളിപ്പെടുത്തിയ സ്പോർട്സ് ക്ലബിന്റെ നടുമുറ്റത്ത് ജാവലിനുമായി കുതിക്കുമ്പോൾ ഗാലറിയിൽ ത്രിവർണ പതാകയും ഉച്ചത്തിൽ ഉയർന്ന ബാൻഡ് വാദ്യവും അകമ്പടിയായി. ആദ്യ റൗണ്ടിൽതന്നെ 88.44 മീറ്ററിലേക്ക് ജാവലിൻ പായിച്ചുകൊണ്ട് കരുത്തറിയിച്ചു. കാണാൻ പോവുന്ന പൂരത്തിന്റെ സാമ്പ്ൾ വെടിക്കെട്ട്. രണ്ടാം ശ്രമം ഫൗളിൽ കലാശിച്ചപ്പോൾ, മൂന്നാം ശ്രമം പെർഫെക്ട്. വലതു കൈയിൽ മുറുകെ പിടിച്ച്, ചുവടുകൾ കരുത്തോടെ നിലത്തുറപ്പിച്ച റണ്ണപ്പുകൾക്കൊടുവിൽ സർവശക്തിയും കൈക്കരുത്തിൽ ആവാഹിച്ച് തൊടുത്ത ജാവലിൻ കാറ്റിനെയും ഭേദിച്ച് കുതിച്ചുപാഞ്ഞ് പതിച്ചത് മൈതാനത്തെ 90 മീറ്റർ മാർക്കിനും അപ്പുറത്ത്. ഒരിക്കൽകൂടി ഗ്രൗണ്ടിലേക്ക് നോക്കി, ദൂരം ഉറപ്പിച്ച്, ഇരുകൈകളും ആകാശത്തേക്കുയർത്തി ‘മിഷൻ 90’ വിജയത്തിന്റെ ആഹ്ലാദം. ഗ്രൗണ്ടിലെ സ്ക്രീൻ ബോർഡിൽ ദൂരം തെളിഞ്ഞതിനു പിന്നാലെ ആദ്യം അഭിനന്ദിക്കാനെത്തിയത് എതിരാളികളായ യൂലിയാൻ വെബറും ആൻഡേഴ്സൺ പീറ്റേഴ്സും, ഇന്ത്യക്കാരൻ കിഷോർ ജെനയും ഉൾപ്പെടെ സഹതാരങ്ങൾ.
പിന്നീടുള്ള നീരജിന്റെ ഏറുകൾ 80.56, 88.20 മീറ്റർ എന്നിങ്ങനെ അവസാനിച്ചു. അഞ്ചാം റൗണ്ടിലെ ഏറ് ഫൗളുമായി. എന്നാൽ, ഒപ്പം മത്സരിച്ച യൂലിയൻ വെബർ ഓരോ ശ്രമത്തിലും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ട് മുന്നേറിയത് മത്സരത്തെ ആവേശത്തിലെത്തിച്ചു. 83.82 മീറ്ററായിരുന്നു ആദ്യ ശ്രമത്തിലെ ദൂരം. അഞ്ചാം ശ്രമത്തിൽ 89.84 മീറ്ററും, അവസാന ശ്രമത്തിൽ 91.06 മീറ്ററും കണ്ടെത്തി യൂലിയൻ വെബർ നീരജിനെ മറികടന്ന്, ഡയമണ്ട് ലീഗ് ഒന്നാം സ്ഥാനത്തിന് അർഹനായി. ഇതോടെ നീരജ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെബറും 90 മീറ്റർ ക്ലബിലെത്തുന്നത് ആദ്യമായാണ്.
3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ ആറാമതായി ഫിനിഷ് ചെയ്ത ഇന്ത്യയുടെ പാരുൾ ചൗധരിക്ക് ദേശീയ റെക്കോഡും ലോക ചാമ്പ്യൻഷിപ് യോഗ്യതയും. രണ്ടു വർഷം മുമ്പ് കുറിച്ച സ്വന്തം റെക്കോഡിനെയാണ് 9 മി. 13.39 സെ. എന്ന പുതിയ സമയവുമായി പാരുൾ തിരുത്തിയത്. സെപ്റ്റംബറിൽ ടോക്യോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും യോഗ്യത ഉറപ്പിച്ചു. 5000 മീറ്ററിൽ മത്സരിച്ച ഗുൽവീർ സിങ് ഒമ്പതാം സ്ഥാനത്തും, ജാവലിൻ ത്രോയിൽ കിഷോർ ജെന എട്ടാമതുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.