മുസേറ്റി പാതിയിൽ നിർത്തി; തോൽവിയുടെ വക്കിൽനിന്ന് ദ്യോകോവിച്ച് സെമിയിൽ

മെൽബൺ: ​ പത്തു തവണ ചാമ്പ്യനായ നൊവാക്ക് ദ്യേകോവിച്ചിനെ മെൽബണിലെ കോർട്ട് ഒരിക്കൽക്കൂടി തുണച്ചു.  രണ്ട് സെറ്റിന് മുന്നിൽനിന്ന ഇറ്റലിയുടെ ലോറെൻസോ മുസേറ്റി പരിക്കിനെ തുടർന്ന് പിൻവാങ്ങിയതോടെയാണ് തോൽവി മുന്നിൽ കണ്ട ദ്യോകോ വലിയ ഭാഗ്യവുമായി സെമിയിലേക്ക് മുന്നേറിയത്. ലോക നാലാം നമ്പറും അഞ്ചാം നമ്പറും തമ്മിലുള്ള പോരാട്ടത്തിൽ മുസേറ്റിക്കായിരുന്നു തുടക്കം മുതൽ മുൻ തൂക്കം.

പഴയ ഫോമിന്റെ അടുത്തൊന്നും ദ്യോകാവിച്ച് എത്തിയില്ലെന്നതിനു പുറമെ മുസേറ്റി മികച്ച ഫോമിലുമായിരുന്നു. വേഗമേറിയ ഫോർഹാൻഡുകളുമായി ദ്യോകോയുടെ പ്രായത്തെ നിരന്തരം പരീക്ഷിച്ച മുസേറ്റി 6-4നായിരുന്നു ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റി കുറേക്കൂടി ശക്തമായിരുന്നു മുസേറ്റിയുടെ നീക്കങ്ങൾ 6-3നായിരുന്നു ജയിച്ചത്.

മൂന്നാം സെറ്റിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ദ്യോക്കോമുന്നിൽ നിൽക്കെ കളിയവസാനിപ്പിക്കാൻ മുസേറ്റി തീരുമാനിക്കുകയായിരുന്നു. തുടയിലേറ്റ പരിക്കും, ഗ്രോയിൻ ഇഞ്ചുറിയും വലച്ചതോ​ടെ മുസേറ്റി റിട്ടയർ ചെയ്യുകയായിരുന്നു.

രണ്ട് സെറ്റുകൾക്ക് പുറകിൽ പോകലും മൂന്നാം സെറ്റ് മുതൽ തിരിച്ചുവരവ് നടത്തി വിജയിക്കലും ദ്യോകോവിച്ചിന്റെ പ്രതാപ കാലത്തെ പതിവ് സംഭവങ്ങളാണ്. ഇക്കുറിയും മൂന്നാം സെറ്റിൽ ശക്തമായി തുടങ്ങിയതോടെ ആരാധകർ അതുതന്നെയാണ് പ്രതീക്ഷിച്ചത്. എന്നാൽ അപ്രതീക്ഷിതമായി മുസേറ്റി പിന്മാറിയതോടെ ദ്യോകോവിച്ച് സെമിയിലെത്തുകയായിരുന്നു. 25ാമത് ഗ്രാൻഡ് സ്ലാം നേടാനുള്ള യാത്രയിലാണ് ദ്യോകോവിച്ച്.

ഈ ടൂർമെന്റിൽ ഇക്കുറി രണ്ടാം തവണയാണ് ദ്യോകോയെ ഭാഗ്യം കൈയയച്ച് സഹായിക്കുന്നത്. പ്രീ ക്വാർട്ടർ മത്സരത്തിൽ ​വാക്കോവർ ലഭിച്ചതിനാൽ ഒരു മത്സരം കുറച്ചു കളിച്ചതിന്റെ അനായാസത ദ്യോകോവിച്ചിനുണ്ട്.

കടുത്ത ചൂടിൽ താരങ്ങൾ ശാരീരിക ക്ഷമതയില്ലാതെ കഷ്ടപ്പെടു​മ്പോൾ ഈ അധിക വിശ്രമദിനം ദ്യോകോയ്ക്ക് മികച്ച ആനുകൂല്യമായിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരിലേക്ക് പോകാതെ മുസേറ്റിയുമായുള്ള മത്സരം അവസാനിച്ചതും സെമിയിൽ കരുത്താകും.

നിലവിലെ ജേതാവ് യാനിക് സിന്നർ-ബെൻ ഷെൽട്ടൻ പോരാട്ടത്തിലെ ജേതാക്കളെയാണ് ദ്യോകോ സെമിയിൽ നേരിടുക. ഇവിടം കടന്നാൽ അൽകാരസിനെയോ, സ്വരേവി​നെയോ നേരിടേണ്ടി വരും. എന്തായാലും മത്സരം കടുപ്പമായിരിക്കും. പക്ഷേ കാലം 25ാം ഗ്രാൻഡ് സ്ലാം ഒരുക്കിവെച്ചാൽ പിന്നെ ആര് തടയാൻ.

Tags:    
News Summary - Musetti stopped in the middle; Djokovic in the semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.