ചരിത്രം കുറിച്ച് നീരജ്; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി

യൂജീൻ (യു.എസ്): ഒളിമ്പിക്സ് അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണം സമ്മാനിച്ച് ടോക്യോയിൽ ചരിത്രമെഴുതിയ നീരജ് ചോപ്ര ഒറിഗണിലെ ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലും മെഡൽ നേട്ടം ആവർത്തിച്ചു. ഫലം, ലോകചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ. ഒളിമ്പിക്സ് സ്വർണത്തിനുപിറകെ അതേയിനത്തിൽ ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ നീരജ് ഇതോടെ ഇന്ത്യൻ കായിക ലോകത്ത് സമാനതയില്ലാത്ത നേട്ടങ്ങൾക്കുടമയായി.

ജാവലിൻ ത്രോയിൽ 88.13 മീറ്റർ ദൂരം താണ്ടിയാണ് 24കാരൻ രജതമണിഞ്ഞത്. 90.54 മീറ്റർ എറിഞ്ഞ ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് സ്വർണം. ലോകചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് നീരജ്. 2003 പാരിസ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ മലയാളി ലോങ്ജംപർ അഞ്ജു ബോബി ജോർജാണ് ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ നീരജിനെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും സമുന്നതരായ താരങ്ങളിൽ ഒരാളുടെ അതുല്യമായ നേട്ടം എന്നാണ് മോദി വിശേഷിപ്പിച്ചത്. 

ഉയരെ ഉയരെ വെള്ളിനക്ഷത്രം

യൂജീൻ (യു.എസ്): ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളുമേറിയ ആ ചുമലിന്റെ കരുത്തിൽ കുതിച്ച ജാവലിൻ നാലാം ശ്രമത്തിൽ 88.13 മീറ്റർ പിന്നിട്ടപ്പോൾ ഇന്ത്യൻ കായിക ലോകം ആശ്വസിച്ചു. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലുമായി വിജയപീഠം കയറാൻ നീരജിനെ പ്രാപ്തനാക്കിയത് ആ ത്രോ ആയിരുന്നു.

ലോകചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഏക മെഡൽ പ്രതീക്ഷയായ നീരജ് ചോപ്രക്ക് മെഡലില്ലാതെ മടങ്ങേണ്ടിവരുമോ എന്ന ആശങ്ക പകരുന്നതായിരുന്നു ആദ്യ മൂന്നു ശ്രമങ്ങൾ. ആദ്യ ത്രോ ഫൗളായപ്പോൾ രണ്ടാം ശ്രമത്തിൽ 82.39 മീറ്ററും മൂന്നാം വട്ടം 86.37 മീറ്ററും മാത്രമെ നീരജിന് താണ്ടാനായുള്ളൂ. പ്രധാന എതിരാളിയായ നിലവിലെ ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് ആദ്യ രണ്ടു ശ്രമങ്ങളിൽ 90.21 മീറ്ററും 90.46 മീറ്ററും ദൂരത്തേക്ക് ജാവലിൻ പായിച്ചതോടെ നീരജിന് സമ്മർദം കൂടി.

എന്നാൽ, നാലാം ശ്രമത്തിൽ 88.13 മീറ്റർ ദൂരേക്ക് ജാവലിൻ പായിച്ച നീരജ് പീറ്റേഴ്സിന് തൊട്ടുപിറകിൽ മെഡൽ സാധ്യതയിലെത്തി. അടുത്ത രണ്ടു റൗണ്ടുകളും ഫൗൾ ആയതോടെ ദൂരം മെച്ചപ്പെടുത്താനായില്ലെങ്കിലും മറ്റാരും മറികടക്കാതിരുന്നതോടെ നീരജ് വെള്ളിയുറപ്പിച്ചു. മൂന്ന്, നാല്, അഞ്ച് ശ്രമങ്ങളിൽ 87.21 മീ., 88.11 മീ., 85.83 മീ. എറിഞ്ഞ പീറ്റേഴ്സ് നീരജിന്റെ അവസാന ശ്രമം ഫൗൾ ആയതോടെ സ്വർണമുറപ്പിച്ചു. ശേഷം വിജയാവേശത്തിൽ അവസാന ഏറിൽ 90.54 മീറ്റർ ജാവലിൻ പായിച്ച് ദൂരം മെച്ചപ്പെടുത്തുകയും ചെയ്തു. 2019ൽ ദോഹയിലും ചാമ്പ്യനായ പീറ്റേഴ്സ് ഇതിഹാസ താരം യാൻ സെലസ്നിക്കുശേഷം (1993, 95) ജാവലിൻ സ്വർണം നിലനിർത്തുന്ന ആദ്യ താരമായി. ഒളിമ്പിക്സിൽ നീജിനുപിന്നിൽ വെള്ളി നേടിയ ചെക് റിപ്പബ്ലികിന്റെ യാകൂബ് വാദ്ലെയ്ഷ് (88.09 മീ.) വെങ്കലവുമായി ഇവിടെയും ഇന്ത്യൻ താരത്തിന് പിറകിലായി. ഫൈനലിൽ ഇടംനേടിയിരുന്ന മറ്റൊരു ഇന്ത്യൻ താരം രോഹിത് യാദവ് 78.72 മീറ്ററുമായി പത്താമതായി. യോഗ്യത റൗണ്ടിൽ രോഹിത് 80.42 മീറ്റർ എറിഞ്ഞിരുന്നു. 

സ്വർണം നേടും -നീരജ്

യൂജീൻ: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ് ജാവലിൻ ത്രോയിൽ ഒരിക്കൽ സ്വർണം നേടുമെന്ന് നീരജ് ചോപ്ര. രാജ്യത്തിനു വേണ്ടി മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്നും വെള്ളിയിൽ സംതൃപ്തനാണെന്നുമായിരുന്നു ആദ്യ പ്രതികരണം. ''മത്സരം നടക്കുമ്പോൾ കാലാവസ്ഥ അത്ര നല്ലതായിരുന്നില്ല. കാറ്റ് നല്ല വേഗത്തിലാണ് വീശിയത്. എന്നാലും നല്ല പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി വെള്ളി മെഡൽ നേടാനായതിൽ അതിയായ സന്തോഷമുണ്ട്. അടുത്ത വർഷത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണത്തിനായി കൂടുതൽ നന്നായി പരിശ്രമിക്കും. പിന്തുണച്ച എല്ലാവർക്കും നന്ദി...എനിക്ക് നൽകിയ പോലുള്ള പിന്തുണ മറ്റ് താരങ്ങൾക്കും നൽകാൻ സാധിച്ചാൽ കൂടുതൽ അഭിമാന നേട്ടങ്ങളുമായി ഇന്ത്യക്ക് മുന്നേറാനാവും.''-നീരജ് കൂട്ടിച്ചേർത്തു.

ഞാ​ൻ ക​ട​ന്നു​പോ​യ അ​തേ സാ​ഹ​ച​ര്യം -അ​ഞ്ജു

ന്യൂ​ഡ​ൽ​ഹി: 2003 ൽ ​നേ​രി​ട്ട സ​മാ​ന സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും അ​ഞ്ജു ബോബി ജോർജ് ഓ​ർ​ത്തെ​ടു​ക്കു​ന്നു. ''2003 ൽ ​പാ​രീ​സി​ൽ ഞാ​ൻ ക​ട​ന്നു​പോ​യ അ​തേ സാ​ഹ​ച​ര്യം ത​ന്നെ നീ​ര​ജി​നു​മു​ണ്ടാ​യി. അ​ന്ന് ആ​ദ്യ റൗ​ണ്ടി​ന് ശേ​ഷം ഞാ​നാ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ മൂ​ന്നാം റൗ​ണ്ട് ക​ഴി​ഞ്ഞ​​പ്പോ​ൾ നാ​ലാ​മ​താ​യി. എ​ന്നാ​ൽ തി​രി​ച്ചു​വ​രാ​നും മെ​ഡ​ൽ നേ​ടാ​നും ദൃ​ഢ​നി​ശ്ച​യ​മു​ണ്ടാ​യി​രു​ന്നു. നാ​ലാ​മ​ത്തെ റൗ​ണ്ടി​ൽ നീ​ര​ജ് ശ​ക്ത​മാ​യി തി​രി​ച്ചു വ​ന്ന​പ്പോ​ൾ ആ​ശ്വാ​സ​മാ​യി.'' അ​വ​ർ പ​റ​യു​ന്നു. അ​ഞ്ജു ഇ​ന്ത്യ​ൻ അ​ത്‍ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (എ.​എ​ഫ്.​ഐ) സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റാ​ണ്.

ആടിയും പാടിയും മധുരം വിളമ്പിയും ഖാന്ദ്ര ഗ്രാമം വീണ്ടും

ചണ്ഡിഗഢ്: ഹരിയാന പാനിപ്പത്തിലെ ഖാന്ദ്ര എന്ന ഗ്രാമം ഇന്നലെ ഉണർന്നത് തങ്ങളുടെ സ്വകാര്യ അഹങ്കാരമായ നീരജ് ചോപ്ര എന്ന ഒളിമ്പിക് സ്വർണമെഡൽ ജേതാവിന്റെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിലെ നേട്ടത്തിന്റെ വാർത്ത കേട്ടാണ്. സ്ത്രീകൾ നൃത്തം ചവിട്ടുകയും പാട്ടുകൾ പാടുകയും ചെയ്തപ്പോൾ നീരജിന്റെ കുടുംബാംഗങ്ങൾ മധുരം വിതരണം ചെയ്യുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു. ''എല്ലാവരും അഭിമാനം കൊള്ളുകയാണ്. ഒളിമ്പിക് നിലവാരത്തിൽ ഉള്ളതാണ് ഈ മെഡൽ.ഇത് വളരെ വലിയ നേട്ടം തന്നെ'' നീരജിന്റെ അമ്മാവൻ ഭീം ചോപ്രയുടെ ആഹ്ലാദം. രാജ്യം അഭിമാനം കൊള്ളുകയാണെന്ന് അമ്മ സരോജ് പറഞ്ഞു.

എൽദോസ് ഒമ്പതാമത്; റിലേ ടീം ഹീറ്റിൽ പുറത്ത്

യൂജീൻ: ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് ട്രിപ്ൾ ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി മലയാളികളുടെ അഭിമാനമായ എൽദോസ് പോളിന് ഒമ്പതാം സ്ഥാനം. 16.790 മീറ്ററാണ് പ്രകടനം. മൂന്ന് അവസരങ്ങൾ ലഭിച്ചതിൽ 16.37, 16.79, 13.86 മീ. എന്നിങ്ങനെയാണ് എൽദോസ് ചാടിയത്. ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളവർക്കാണ് കൂടുതൽ അവസരങ്ങൾ. യോഗ്യത റൗണ്ടിൽ 16.68 മീറ്റർ ചാടി 12ാമനായി ഫൈനലിലെത്തിയ താരത്തിന് തലയുയർത്തിത്തന്നെ മടങ്ങാം. 4x400 മീ. പുരുഷ റിലേയിൽ ഇറങ്ങിയ ഇന്ത്യൻ സംഘം ഒന്നാം ഹീറ്റിൽ (3:07.29 മിനിറ്റ്) അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആകെ പ്രകടനത്തിൽ 12ാമത്. ഇതോടെ ടീം പുറത്തായി. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, നാഗനാഥൻ പാണ്ടി, രാജേഷ് രമേഷ് എന്നിവരായിരുന്നു സംഘത്തിൽ.

ട്രിപ്ളിൽ പിച്ചാർഡോ; 800 മീറ്ററിൽ കൊറിർ

പുരുഷന്മാരുടെ 800 മീറ്ററിൽ കെനിയയുടെ ഇമ്മാനുവൽ കിപ്കുറുറി കൊറിർ (1:43.71 മിനിറ്റ്) സ്വർണ ജേതാവായി. അൽജീരിയയുടെ ജമൽ സെജാതി (1:44.14), കാനഡയുടെ മാർകോ അരോപും (1:44.28) യഥാക്രമം വെള്ളിയും വെങ്കലവും നേടി. പുരുഷ ട്രിപ്ൾ ജംപിൽ പോർചുഗലിന്റെ പെഡ്രോ പിക്കാർഡോ (17.95 മീ.) ആണ് ഒന്നാമത്. ബുർകിനോ ഫാസോയുടെ ഹ്യൂസ് ഫാബ്രിസ് സാൻഗോ (17.55) രണ്ടും ചൈനയുടെ യാമിങ് യൂ (17.31) മൂന്നും സ്ഥാനക്കാരായി. വനിതകളുടെ 5000 മീറ്ററിൽ സ്വർണവും വെങ്കലവും ഇത്യോപ‍്യക്കാണ്. ഗുദാഫ് സെഗായ് (14:46.29 മി.) ജേത്രിയായി. കെനി‍യയുടെ ബിയാട്രിസ് ചെബെറ്റ് (14:46.75) വെള്ളിയും ഇത്യോപ്യയുടെ ഡാവിത് സെയോം (14:47.36) വെങ്കലവും നേടി. വനിതകളുടെ 4x100 മീ. റിലേയിൽ അമേരിക്കക്കും പുരുഷന്മാരിൽ കാനഡക്കുമാണ് സ്വർണം.

Tags:    
News Summary - neeraj chopra got silver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.