ബംഗളൂരുവിൽ ഇന്ന് നടക്കുന്ന ‘നീരജ് ചോപ്ര ക്ലാസിക് 2025’ ലോക ജാവലിൻ ത്രോ മത്സരത്തിന് മുന്നോടിയായി താരങ്ങളായ യൂലിയസ് യേഗോ, തോമസ് റോളർ, നീരജ് ചോപ്ര, സച്ചിൻ യാദവ് എന്നിവർ ഫോട്ടോക്ക് പോസ് ചെയ്യുന്നു
ബംഗളൂരു: ഇന്ത്യൻ കായിക രംഗത്ത് പുതിയ അധ്യായത്തിന് തുടക്കംകുറിച്ച് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരം ‘നീരജ് ചോപ്ര ക്ലാസിക്’ ശനിയാഴ്ച ബംഗളൂരുവിൽ നടക്കും. ഡയമണ്ട് ലീഗിന് ആതിഥ്യമരുളുന്നതടക്കമുള്ള ഭാവിയിലെ സ്വപ്ന പദ്ധതികളിലേക്ക് കണ്ണുപായിച്ചാണ് നീരജ് ചോപ്രയും ജെ.എസ്.ഡബ്ല്യു സ്പോർട്സും പുതിയ ഉദ്യമത്തിനൊരുങ്ങുന്നത്. ജാവലിൻത്രോ മത്സരത്തിന് മാത്രമായുള്ള ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരംകൂടിയാണിത്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ഉദ്ഘാടന എഡിഷനിൽ ലോകത്തിലെ മുൻനിര ജാവലിൻ താരങ്ങളും ഇന്ത്യൻ താരങ്ങളും മാറ്റുരക്കും.
ഒളിമ്പിക്സിൽ ട്രാക്കിലും ഫീൽഡിലുമായി രാജ്യത്തിന്റെ ആദ്യ സ്വർണനേട്ടക്കാരനാണ് നീരജ് ചോപ്ര. ഈ സീസണിൽ ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ കടമ്പ കടന്ന നീരജ് ചോപ്ര വെള്ളി നേടിയിരുന്നു. പിന്നാലെ ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ മീറ്റിൽ സ്വർണവുമണിഞ്ഞാണ് നീരജ് ബംഗളൂരുവിൽ എറിയാനെത്തുന്നത്. ദോഹയിൽ 90.23 മീറ്റർ ദൂരത്തിലേക്ക് ജാവലിൻ പായിച്ച് തന്റെ കരിയർ ബെസ്റ്റ് കണ്ടെത്തിയ താരത്തിന് പക്ഷേ ഒസ്ട്രാവയിൽ 85.29 മീറ്ററേ താണ്ടാൻ കഴിഞ്ഞുള്ളൂ.
വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന ലോക ഗോൾഡ് മെഡൽ മത്സരമെന്ന നിലയിൽ ബംഗളൂരുവിലെ ‘നീരജ് ചോപ്ര ക്ലാസിക്’ നീരജിനും പ്രധാനമാണ്. ദോഹയിലെ 90 മീറ്റർ നേട്ടം സ്വന്തം രാജ്യത്ത് നീരജിന് ആവർത്തിക്കാനാകുമോ എന്ന കൗതുകത്തിലാണ് കായിക പ്രേമികൾ. നീരജിന്റെ പ്രധാന എതിരാളികൂടിയായ പാകിസ്താന്റെ അർഷദ് നദീം രാഷ്ട്രീയപരമായ കാരണങ്ങളാൽകൂടി വിട്ടുനിൽക്കുന്നു എന്ന പ്രത്യേകത കൂടി ‘നീരജ് ചോപ്ര ക്ലാസിക്’ മത്സരത്തിനുണ്ട്.
നീരജിന് പുറമെ, ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവും ഈ വർഷത്തെ ദേശീയ ഗെയിംസിലും ഫെഡറേഷൻ കപ്പിലും സ്വർണ നേട്ടക്കാരനുമായ 25കാരൻ സച്ചിൻ യാദവ് (കരിയർ ബെസ്റ്റ്- 85.16 മീ.) , രോഹിത് യാദവ്, സാഹിൽ സിൽവാൽ, യശ്വീർസിങ് തുടങ്ങിയ ഇന്ത്യൻ താരങ്ങളും അണിനിരക്കും.
ബംഗളൂരു: രാജ്യത്തിന്റെ അത്ലറ്റിക്സ് ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോ ഇനത്തിന് മാത്രമായി ലോക മത്സരത്തിന് വേദിയൊരുങ്ങുമ്പോൾ സംഘാടകനായും മത്സരതാരമായും ഇരട്ട റോൾ വഹിക്കുകയാണ് നീരജ് ചോപ്ര. സംഘാടനവും മത്സരവും ഒന്നിച്ചുവരുന്നത് കുറച്ചു കട്ടിയാണെന്നും എന്നാലും ഇത് ത്രില്ലടിപ്പിക്കുന്നുവെന്നും നീരജ് പറഞ്ഞു. ‘നീരജ് ചോപ്ര ക്ലാസിക്’ മത്സരത്തിന് മുന്നോടിയായി ബംഗളൂരുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനത്തിലും കളിയിലുമാണ് എപ്പോഴും എന്റെ ശ്രദ്ധ.
ഒരു സംഘാടകനെന്ന നിലയിൽ ഇപ്പോൾ എനിക്ക് എല്ലാം ശ്രദ്ധിക്കേണ്ടിവരുന്നു. ഓരോ ചെറിയ കാര്യങ്ങളും നോക്കണം. അഭിമാനത്തോടൊപ്പം ഉത്തരവാദിത്തം കൂടിയുണ്ട്. അതൊരു വെല്ലുവിളിയാണ്. എന്നാലും ഞാനിത് ആസ്വദിക്കുകയാണ്. ഇന്ത്യയിൽ ഡയമണ്ട് ലീഗ് നടക്കുന്നതാണെന്റെ സ്വപ്നം. ‘നീരജ് ചോപ്ര ക്ലാസിക്’ മത്സരം അതിന് അടിത്തറയാകും. ഓരോ തവണയും നിലവാരം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.