തി​രു​വ​ന​ന്ത​പു​രം കാ​​ര്യ​വ​ട്ട​ത്ത് ന​ട​ന്ന അ​ഞ്ചാ​മ​ത് ഇ​ന്ത്യ​ൻ ഓ​പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്​ 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന്റെ നോ​ഹ നി​ർ​മ​ൽ ടോം (161) ​ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്യു​ന്നു. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കേ​ര​ള താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് (156), മു​ഹ​മ്മ​ദ് അ​ജ്മ​ൽ (155) എ​ന്നി​വ​ർ സ​മീ​പം  -ഫോട്ടോ: പി.​ബി. ബി​ജു

ദേശീയ ഓപണ്‍ 400 മീറ്റര്‍ ചാമ്പ്യന്‍ഷിപ്: സ്വർണത്തിളക്കത്തിൽ നോഹയും മയൂഖയും

തിരുവനന്തപുരം: ദേശീയ ഓപണ്‍ 400 മീറ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ നോഹാ നിര്‍മല്‍ ടോമിനും മയൂഖാ വിനോദിനും സ്വര്‍ണം. കാര്യവട്ടം എൽ.എൻ.സി.പി.ഇ സിന്തറ്റിക് ട്രാക്കില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒളിമ്പ്യനും നിലവിലെ റെക്കോഡുകാരനുമായ മുഹമ്മദ് അനസിനെ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മറികടന്നാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി നോഹ അട്ടിമറി വിജയവും പത്തരമാറ്റ് സ്വർണവും നേടിയത്.

പുരുഷ വിഭാഗത്തില്‍ നോഹ 46.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോൾ മുഹമ്മദ് അനസിന് 46.48 സെക്കന്‍ഡിലും ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റ് വി. മുഹമ്മദ് അജ്മലിന് 46.58 സെക്കന്‍ഡിലുമാണ് മത്സരം പൂർത്തിയാക്കാനായത്. ഈ വിഭാഗത്തിൽ ആദ്യ മൂന്ന് മെഡലും കേരളത്തിന് ലഭിച്ചു. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ മയൂഖാ വിനോദ് 58.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കേരളത്തിന്‍റെ സ്വർണ നേട്ടം രണ്ടായി ഉ‍യർത്തി. കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസ്.എസിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിനിയാണ്.

വനിത വിഭാഗം 400 മീറ്റർ ഓട്ടത്തിലും അട്ടിമറിക്ക് കാര്യവട്ടം സാക്ഷിയാക്കി. ഒളിമ്പ്യൻ പൂവമ്മ രാജുവിനെ (52.69 സെക്കൻഡ്) ട്രാക്കിൽ മലർത്തിയടിച്ച് തമിഴ്‌നാടിന്റെ ആര്‍. വിദ്യാ രാംരാജ് (52.25) സ്വർണം നേടി. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ സാന്ദ്രമോള്‍ 55.97 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലം സ്വന്തമാക്കി. 20ല്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ പി. അഭിരാം (47.77 സെക്കന്‍ഡ്) മൂന്നാമതെത്തി.

18ല്‍ താഴെയുള്ള ആണ്‍കുട്ടികളില്‍ ബിഹാറിന്റെ പിയൂഷ് രാജ്(49.39), 20ല്‍ താഴെയുള്ളവരില്‍ തമിഴ്‌നാടിന്റെ നവീന്‍ കുമാര്‍ (47.40) 20ല്‍ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ തെലങ്കാനയുടെ ഡോഡ്‌ല സായ് സംഗീത (55.30) എന്നിവരും സുവര്‍ണ നേട്ടത്തിന് അര്‍ഹരായി. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള ലോക മത്സരങ്ങളുടെ യോഗ്യതാ മത്സരം കൂടിയായിരുന്ന ചാമ്പ്യൻഷിപ്പിൽനിന്ന് ആരും യോഗ്യതാ മാര്‍ക്ക് മറികടന്നില്ലെന്നത് കാണികൾക്കും പരിശീലകർക്കും നിരാശയായി.

Tags:    
News Summary - National Open 400m Championship: Noah and Mayukha strike gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.