4x400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ കേരള ടീമിലെ മനു, അന്‍സാ ബാബു, സ്നേഹ, ജെ. ബിജോയ്
റായ്പുർ: ഗംഗ മൈതാനത്തെ സിന്തറ്റിക് ട്രാക്കും ഫീൽഡും അഞ്ച് നാൾ വേദിയായ ദേശീയ ഗെയിംസ് അത്ല്റ്റിക്സ് മത്സരങ്ങൾക്ക് കേരളത്തിന്റെ സ്വർണനേട്ടത്തോടെ ശുഭസമാപ്തി. അവസാന ഇനമായ 4x400 മീ. മിക്സഡ് റിലേ മത്സരത്തിലാണ് കേരളം പൊന്നണിഞ്ഞത്. ഇതോടെ അത്ല്റ്റിക്സിൽ രണ്ട് സ്വർണമടക്കം 13 മെഡലുകൾ സ്വന്തമായി. ജൂഡോയിൽ പി.ആർ അശ്വതി വെള്ളിയും ജിംനാസ്റ്റിക്സിൽ അമാനി ദിൽഷാദ് വെങ്കലവും നേടി. 13 സ്വർണവും 17 വെള്ളിയും 23 വെങ്കലവുമടക്കം 53 മെഡലുകളാണ് കേരളത്തിന്റെ ആകെ സമ്പാദ്യം. ഗെയിംസ് മത്സരങ്ങൾ ഇന്ന് തീരും. വെള്ളിയാഴ്ചയാണ് സമാപന ചടങ്ങുകൾ.
ആദിമധ്യാന്തം അത്യാവേശകരമായിരുന്നു 4x400 മീ. മിക്സഡ് റിലേ മത്സരം. മനു ടി.എസ്, കെ. സ്നേഹ, ബിജോയ് ജെ, അന്‍സ ബാബു എന്നിവരാണ് കേരളത്തിന് വേണ്ടി ട്രാക്കിലിറങ്ങിയത്. തുടക്കത്തിൽ തമിഴ്നാട് ആയിരുന്നു മുന്നില്‍. രണ്ടാം ലാപ്പില്‍ അവസാന 100 മീറ്ററെത്തിയപ്പോള്‍ തമിഴ്നാട് താരത്തിന്റെ കൈയില്‍ നിന്ന് റിലേ ബാറ്റണ്‍ താഴെ വീണു. ഇതേസമയം തൊട്ടുപിറകില്‍ ഓടിയെത്തിയ കേരള താരം സ്നേഹ ഒന്നാംസ്ഥാനത്തേക്ക് കയറി. പിന്നീട് ബിജോയിയും അന്‍സയും കൃത്യമായി ലീഡ് എടുത്ത് മുന്നേറിയതോടെ മൂന്ന് മിനിറ്റ് 25.35 സെക്കൻഡിൽ കേരളത്തിന്റെ സൂപ്പർ ഫിനിഷ്. മഹാരാഷ്ട്ര (3.25.66) വെള്ളിയും പഞ്ചാബ് (3.26.35) വെങ്കലവും നേടി. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് ഈ ഇനത്തിൽ വെള്ളിയായിരുന്നു.
അതേസമയം, 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ പുരുഷ വിഭാഗത്തില്‍ മനൂപ് ആറാമതും വനിതകളിൽ അനു രാഘവന് ആറും ദില്‍ന ഫിലിപ്പ് ഏഴും സ്ഥാനങ്ങളൽ ഫിനിഷ് ചെയ്തു. വനിത ഹൈ ജംപില്‍ ആതിര സോമരാജ് 1.77 മീറ്റര്‍ ചാടി ആറാമതെത്തി. ഗോവ ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി വെങ്കലം നേടിയ എയ്ഞ്ചല്‍ പി. ദേവസ്യ പരിക്ക് മൂലം മത്സരത്തിന് ഇറങ്ങിയില്ല.
അത്ല്റ്റിക്സിൽ ഇക്കുറി കേരളത്തിന് മെഡൽ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ തവണ ഗോവയിൽ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 14 മെഡലുകളാണ് നേടിയത്. ഉത്തരാഖണ്ഡിൽ രണ്ട് സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവും ലഭിച്ചു- 13 മെഡലുകൾ. ഗോവയിൽ സ്വർണം നേടിയ രണ്ട് താരങ്ങളും ഇപ്രാവശ്യം മത്സരിച്ചിട്ടില്ല.
യില്‍ വനിതകളുടെ -78 കിലോ ഗ്രാം വിഭാഗത്തില്‍ കേരളത്തിന്റെ പി.ആര്.അശ്വതിയും ഛണ്ഡീഗഡിന്റെ ഇഷ്രൂപും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ നിന്ന്. പി.ആര്.അശ്വതി വെള്ളി നേടി -മുസ്തഫ അബൂബക്കർ
റായ്പുർ: ജൂഡോ വനിതകളുടെ -78 കിലോഗ്രാം വിഭാഗം ഫൈനലിൽ പൊരുതിവീണ പി.ആർ അശ്വതിക്കിത് തുടർച്ചയായ നാലാം ദേശീയ ഗെയിംസ് മെഡൽ. ചണ്ഡിഗഢിന്റെ ഇഷ് രൂപ് നാരംഗിനോടാണ് പരാജയപ്പെട്ടത്. 2015 കേരള ദേശീയ ഗെയിംസില്‍ വെങ്കലം, 2022ൽ ഗുജറാത്തില്‍ സ്വര്‍ണം, 2023 ഗോവയില്‍ വെള്ളി എന്നിവ നേടിയിട്ടുണ്ട്. തൃശൂര്‍ മണ്ണുത്തി പാണഞ്ചേരി സ്വദേശിനിയായ അശ്വതി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് അശ്വിനും ജൂഡോയില്‍ കേരളത്തിന് വേണ്ടി ഇറങ്ങിയിരുന്നു. വെങ്കല മെഡലിനുള്ള റിപ്പാഷേ പോരാട്ടത്തില്‍ കേരള പൊലീസ് താരമായ അശ്വിൻ ഹരിയാന താരത്തോട് തോറ്റു പുറത്തായി. യശികയാണ് മകള്‍. തൃശൂര്‍ സായിയില്‍ കേരള പോലിസ് ടീമിനൊപ്പമാണ് ഇരുവരും പരിശീലിക്കുന്നത്.
റായ്പുർ: ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ ചരിത്രം കുറിച്ച് അമാനി ദിൽഷാദിലൂടെ കേരളത്തിന് വെങ്കലം. ഈ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ഇതാദ്യമായാണ് കേരളം ദേശീയ ഗെയിംസ് മെഡല്‍ കരസ്ഥമാക്കുന്നത്. 9.733 പോയന്റ് സ്വന്തമാക്കിയാണ് അമാനിയുടെ വെങ്കലനേട്ടം. അരുണ്‍ കുമാര്‍ ജയനാണ് പരിശീലകന്. കഴിഞ്ഞ ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓള് റൗണ്ട് വിഭാഗത്തില്‍ അമാനി വെങ്കലം നേടിയിരുന്നു. ഇക്കുറി ദേശീയ ഗെയിംസില്‍ ഓള് റൗണ്ട് വിഭാഗത്തില്‍ അമാനി ആറാമതായി ഫിനിഷ് ചെയ്തു.
കണ്ണൂര്‍ മാടായി അഹ്ലം വീട്ടില്‍ ദില്‍ഷാദിന്റെയും റൈയ്ഹാനയുടെയും മകളാണ്. ആമിര്‍ ആണ് സഹോദരന്. പൊമ്മല്‍ ഹോഴ്സിൽ കേരളത്തിന്റെ മിധുന് നാലാം സ്ഥാനം നേടി.സര്‍വീസസിന് വേണ്ടി മത്സരിക്കുന്ന മലയാളി താരം ഹരികൃഷ്ണനാണ് സ്വർണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.